സാമ്പത്തികമായി ബുദ്ധിമുട്ടിലായതോടെ പണം സ്വരൂപിക്കാന്‍ എല്ലാ വഴിയും തിരയുകയാണ് പാക്കിസ്ഥാന്‍. സോഷ്യല്‍ മീഡിയയില്‍ പണമുണ്ടാക്കുന്ന കണ്ടന്‍റുകളില്‍ നിന്നും നികുതി ഈടാക്കാനാണ് അയല്‍ രാജ്യത്തിന്‍റെ ശ്രമം. പുതിയ ചട്ടംപ്രകാരം മോണിറ്റൈസ് ചെയ്ത യൂട്യുബ് കണ്ടന്‍റുകള്‍ക്ക് 1000 വ്യൂസിന് 195 പാക്കിസ്ഥാന്‍ രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് ഫെഡറല്‍ ബോര്‍ഡ് ഓഫ് റവന്യുവിന്‍റെ വിലയിരുത്തല്‍. ഇതോടെ വരുമാനം പരിഗണിക്കാതെ കാഴ്ചക്കാരുടെ എണ്ണമനുസരിച്ച് നികുതി ഈടാക്കുമെന്നതാണ് കണ്ടന്‍റ് ക്രിയേറ്റേഴ്സ് നേരിടുന്ന പ്രശ്നം.
സെപ്റ്റംബര്‍ 23 നാണ് ഫെഡറല്‍ ബോര്‍ഡ് ഓഫ് റവന്യു പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചത്. കണ്ടന്‍റ് ക്രിയേറ്റര്‍മാരുടെ യഥാര്‍ഥ പ്രതിഫലമോ 1000 വ്യൂസിന് 195 രൂപ നിരക്കിലുള്ള വരുമാനമോ ഏതാണ് കൂടുതല്‍ എന്നത് അടിസ്ഥാനാക്കിയാണ് നികുതിബാധകമായ വരുമാനം കണക്കാക്കുക. മൊത്തം വരുമാനത്തിന്‍റെ 30 ശതമാനം ചെലവായി കണക്കാക്കി ബാക്കി 70 ശതമാനത്തിനും നികുതി നല്‍കണം.
ഒരു മില്യണ്‍ കാഴ്ചക്കാരെ ലഭിച്ച വിഡിയോയ്ക്ക് 1.90 ലക്ഷം പാക്കിസ്ഥാന്‍ രൂപയാണ് ഇളവുകള്‍ക്ക് മുന്‍പുള്ള നികുതി. ഇതുപ്രകാരം കണക്കാക്കുന്ന വരുമാനം യഥാര്‍ഥ വരുമാനത്തേക്കാള്‍ കുറവാണെന്ന് കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് തെളിവ് നല്‍കാം. ഇത് അടിസ്ഥാനമാക്കിയാണ് നികുതി കണക്കാക്കുക.
ഡിജിറ്റല്‍ വരുമാനത്തിന് നികുതി ഈടാക്കാനുള്ള പാക്കിസ്ഥാന്‍റെ ശ്രമങ്ങള്‍ക്കിടെയാണ് ഈ നീക്കം. എന്നാല്‍ ഇത്തരം രീതികള്‍ പാക്ക് കണ്ടന്‍റ് ക്രിയേറ്റേഴ്സിന്‍റെ ബിസിനസുകള്‍ രാജ്യത്തിനു പുറത്തേക്ക് കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 195 രൂപ എന്ന ബെഞ്ച്മാര്‍ക്ക് വെയ്ക്കുന്നതിനെയും കണ്ടന്‍റ് ക്രിയേറ്റര്‍മാരും എതിര്‍ക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന വരുമാനം കാഴ്ചക്കാരുടെ ലൊക്കേഷനും മറ്റു ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നതെന്ന് കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ വാദിക്കുന്നു. ബെഞ്ച് മാര്‍ക്ക് തുക ഉയര്‍ന്നതാണെന്നും കാഴ്ചക്കാര്‍ പാക്കിസ്ഥാനില്‍ നിന്നാണെങ്കില്‍ തുക കുറവായിരിക്കുമെന്നുമാണ് ക്രിയേറ്റര്‍മാര്‍ പറയുന്നു. എന്നാല്‍ കണ്ടന്‍റ് ക്രിയേറ്റര്‍മാരുമായി നടത്തിയ ആശയവിനിമത്തിന്‍റെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്നും 1000 കാഴ്ചക്കാര്‍ക്ക് ലഭിക്കുന്ന തുകയേക്കാള്‍ കുറവാണ് ഈ തുകയെന്നും ഫെഡറല്‍ ബോര്‍ഡ് ഓഫ് റവന്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വരുമാനം നിശ്ചിത പരിധിയിൽ കൂടുമ്പോൾ ബാങ്കുകൾ അഞ്ചു ശതമാനം നികുതി ഈടാക്കണമെന്ന് നേരത്തെ എഫ്ബിആർ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. വർഷത്തിൽ 50000 ത്തിലധം സബ്സ്ക്രൈബർ, ഒരു പാദത്തിൽ 12250 ലധികം സബ്സ്ക്രൈബേള്സ് എന്ന പരിധി കടക്കുമ്പോഴാണ് ഈ നികുതി.