Image Credit:instagram/vikram
അപൂര്‍വയിനത്തില്‍പ്പെട്ട സംരക്ഷിത കുരങ്ങായ ലാര്‍ ഗിബ്ബണിനെ താലോലിക്കുന്ന സൂപ്പര്‍താരം വിക്രത്തിന്‍റെ റീല്‍ വിവാദത്തില്‍. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവച്ച റീല്‍ വിവാദമായതോടെ ഡിലീറ്റ് ചെയ്തു. സംഭവത്തില്‍ തമിഴ്നാട് വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ചിയാന്‍ വിക്രത്തിന്‍റെ മകളുടെ ഭര്‍തൃപിതാവിന് അപൂര്‍വയിനം ജീവികളുടെ ശേഖരമുണ്ടെന്നും ഇവിടെയുള്ളതിനെയാണ് വിക്രം ഓമനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിക്രത്തിന്‍റെ റീല്‍ ഭര്‍തൃപിതാവായ വ്യവസായി സി.കെ.രംഗനാഥനെ കുഴപ്പത്തില്‍ച്ചാടിച്ചുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ചും ഇന്‍റര്‍നാഷനല്‍ ട്രേഡ് ഇന്‍ എന്‍ഡേയ്ഞ്ചേര്‍ഡ് സ്പീഷിസ് ഓഫ് വൈല്‍ഡ് ഫോണ ആന്‍ഡ് ഫ്ലോറ അനുസരിച്ചും സംരക്ഷിത മൃഗമാണ് ലാര്‍ ഗിബ്ബണ്‍. ജൂണില്‍ മണിപ്പുരില്‍ നിന്നും രംഗനാഥന്‍ ഇതിനെ തമിഴ്നാട്ടിലെ വളര്‍ത്തല്‍ കേന്ദ്രത്തിലെത്തിച്ചതാണെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.
വിഡിയോ പുറത്തുവന്നതിന് പിന്നാലെ ലാര്‍ ഗിബ്ബണിനെ ഇങ്ങനെ സൂക്ഷിക്കുന്നതിന്‍റെ നിയമസാധുതയെ കുറിച്ച് വന്യജീവി സംരക്ഷണ ആക്ടിവിസ്റ്റുകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ ലാര്‍ ഗിബ്ബണിനെ തെക്കുകിഴക്കനേഷ്യയില്‍ നിന്ന് കടത്തിക്കൊണ്ടുവന്നതാകാമെന്ന ആരോപണവും അവര്‍ ഉയര്‍ത്തുന്നു. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വിക്രം വിഡിയോ ഡിലീറ്റ് ചെയ്തതിന് പിന്നാലെ ചെന്നൈ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രംഗനാഥന്‍റെ വീട് സന്ദര്‍ശിച്ചുവെന്നും ലാര്‍ ഗിബ്ബണെ വളര്‍ത്താന്‍ ആവശ്യമായ രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാദത്തോട് വിക്രം ഇതുവരെയും പ്രതികരിച്ചിട്ടില്ല.