ravimohan-brocode-broclub
  • കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളും വിവാഹ മോചനവും ഭാര്യ മാതാവിന്‍റെ ആരോപണങ്ങളുമൊക്കെയായി ഏറെ നാളായി വിവാദത്തിലാണ് രവി മോഹന്‍റെ ജീവിതം

സമീപകാലത്ത് ഏറെ വിവാദങ്ങളിലൂടെ കടന്നു പോകുന്ന താരമാണ് തമിഴ് നടന്‍ രവി മോഹന്‍. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളും വിവാഹ മോചനവും ഭാര്യ മാതാവിന്‍റെ ആരോപണങ്ങളുമൊക്കെയായി ഏറെ നാളായി ഏറെ സംഘര്‍ഷഭരിതമായിരുന്നു രവി മോഹന്‍റെ സ്വകാര്യ ജീവിതവും സിനിമ ജീവിതവും. ഇനി പുതിയ വിവാദങ്ങള്‍ വേണ്ടെന്നു പറയുകയാണ് താരം. അതിന്‍റെ ഭാഗമായി പുതിയ സിനിമ ബ്രോ കോഡിന്‍റെ പേര് മാറ്റിയിരിക്കുകയാണ്. 

ദാമ്പത്യ ജീവിതത്തിൽ വീർപ്പുമുട്ടുന്ന ഭർത്താക്കന്മാരുടെ കഥ പറയുന്ന 'ബ്രോ കോഡ്'  എന്ന സിനിമയുടെ പേരാണ് മാറ്റിയിരിക്കുന്നത്. രവി മോഹനും എസ്ജെ സൂര്യയ്ക്കുമൊപ്പം മലയാളത്തില്‍ നിന്നും അർജുൻ അശോകനും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ  പ്രമോ വിഡിയോ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ സിനിമയുടെ പേര് 'ബ്രോ കോഡ്' എന്നതില്‍ നിന്നും 'ബ്രോ ക്ലബ്ബ്' എന്നാക്കി മാറ്റിയതായി രവി മോഹന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു.  

അനാവശ്യ നിയമ പോരാട്ടങ്ങളും തര്‍ക്കങ്ങളും ആവശ്യമില്ലെന്നും, സിനിമയുടെ സുഗമമായ റിലീസിന് വേണ്ടി പേര് മാറ്റുന്നതായും സിനിമയുടെ നിര്‍മാതാവ് കൂടിയായ രവി മോഹന്‍ പറഞ്ഞു. നേരത്തെ, മദ്യ നിര്‍മാണ കമ്പനി തങ്ങളുടെ ബ്രാന്‍ഡ് സിനിമയില്‍ പ്രമോട്ട് ചെയ്യാന്‍ ബന്ധപ്പെട്ടിരുന്നുവെന്നും അത്തരം മാതൃകകള്‍ക്ക് താല്‍പര്യമല്ലാത്തതിനാല്‍ ഓഫര്‍ നിരസിച്ചുവെന്നും രവി മോഹന്‍ മുന്‍പ് തന്നെ വെളപ്പെടുത്തിയിട്ടുള്ളതാണ്.

രവി മോഹന്‍റ നിർമാണ കമ്പനിയായ രവി മോഹൻ സ്റ്റുഡിയോസ് ഒരുക്കുന്ന ആദ്യ ചിത്രം ബ്രോ ക്ലബ്ബ്, കാർത്തിക് യോഗിയാണ് സംവിധാനം ചെയ്യുന്നത്. ഫാന്‍റസി എന്‍ർടെയ്‌നർ 'ജീനി', ആക്ഷൻ ഡ്രാമ 'കരാട്ടെ ബാബു' എന്നിവയാണ് രവി മോഹന്‍ നായകനായി അണിയറയില്‍ ഒരുങ്ങുന്ന മറ്റു ചിത്രങ്ങള്‍.  ബ്രോ ക്ലബ്ബിന്‍റെ രണ്ട് ഷൂട്ടിംഗ് ഷെഡ്യൂളുകൾ പൂർത്തിയാക്കിയെന്നും, രണ്ട് ഷെഡ്യൂളുകൾ കൂടി ഇനിയും ബാക്കിയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ഇതിനൊപ്പം രവി മോഹന്‍ ആദ്യമായി സംവിധായകനാകുന്ന 'ആൻ ഓർഡിനറി മാൻ' എന്ന സിനിമയുടെ വിശഷവും  പങ്കുവെച്ചു. യോഗി ബാബുവാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഒരു സാധാരണ മനുഷ്യന്‍റെ കഥാപാത്രം അസാധാരണനാകുന്നതാണ് കഥയെന്നും പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത യോഗി ബാബുവിനെ ചിത്രത്തിലൂടെ കാണാനാകുമെന്നും രവി മോഹന്‍ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Ravi Mohan, the Tamil actor, has changed the title of his upcoming film from 'Bro Code' to 'Bro Club' to avoid unnecessary legal battles and disputes. This decision aims to ensure a smooth release for the movie, which tells the story of husbands struggling in their married lives.