suriya-karuppu-climax
  • വൈകാരികമായി ഏറെ വെല്ലുവിളി നിറഞ്ഞ രംഗമായിരുന്നു രണ്ടാമത്തെ ക്ലൈമാക്സെന്ന് സൂര്യ

തമിഴ് സൂപ്പർതാരം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ചിത്രമാണ് കറുപ്പ്. ദൈവചൈതന്യമുള്ള കറുപ്പസ്വാമിയുടെ കഥാപാത്രമായാണ് ചിത്രത്തിൽ സൂര്യ പ്രത്യക്ഷപ്പെട്ടത്. ക്ലൈമാക്സിലെ കറുപ്പസ്വാമിയുടെ താണ്ഡവവും നിഗ്രഹവുമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ആകർഷണം. 300 കോടിയിലേറെ രൂപ കളക്ഷൻ നേടിയ ചിത്രത്തിലെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിന് മുമ്പ് സെറ്റിൽ സ്ഥാപിച്ചിരുന്ന കറുപ്പസ്വാമിയുടെ പ്രതിമയ്ക്കു മുന്നിൽ മനസ്സറിഞ്ഞ് പ്രാർഥിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യ.

'സിനിമയിൽ ഇപ്പോൾ കാണുന്ന ക്ലൈമാക്സ് രണ്ടാമത് ചിത്രീകരിച്ചതാണ്. ആദ്യ ക്ലൈമാക്സ് ചിത്രീകരിച്ച് ആറുമാസം കഴിഞ്ഞ്, എഡിറ്റിംഗ് ഉൾപ്പെടെയുള്ള പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ നടക്കുന്നതിനിടെയാണ് സംവിധായകൻ ആർ.ജെ. ബാലാജി വീണ്ടും വിളിച്ചത്. ആദ്യ ക്ലൈമാക്സിൽ തനിക്ക് തൃപ്തിയില്ലെന്നും, പുതിയൊരു ആശയമുണ്ടെന്നും, അത് വീണ്ടും ചിത്രീകരിക്കാമോ എന്നും അദ്ദേഹം ചോദിച്ചു. അപ്പോഴേക്കും പുതിയ ചിത്രമായ വിശ്വനാഥൻ ആൻഡ് സൺസ് എന്ന സിനിമയ്ക്കായി ഞാൻ ക്ലീൻ-ഷേവ് ലുക്കിലേക്ക് മാറിയിരുന്നു,' സൂര്യ പറഞ്ഞു.

മാസങ്ങൾക്കുമുമ്പ് ചിത്രീകരണം പൂർത്തിയായതിനാൽ ബാലാജിയുടെ ആവശ്യം അമ്പരപ്പിച്ചെന്ന് സൂര്യ പറയുന്നു. 'ഇനി ഷൂട്ടിംഗ് എങ്ങനെ? എപ്പോൾ? എന്നൊക്കെയായിരുന്നു ആദ്യം ചിന്തിച്ചത്. എന്നാൽ, രണ്ട് ദിവസത്തിനുള്ളിൽ ഹൈദരാബാദിൽ നിന്ന് ചെന്നൈയിലെത്തി. പുതിയ ക്ലൈമാക്സ് ചിത്രീകരിക്കാൻ അണിയറപ്രവർത്തകരെല്ലാം വീണ്ടും ഒത്തുകൂടി. ഒടുവിൽ ആ രണ്ടാമത്തെ ക്ലൈമാക്സാണ് സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ രംഗങ്ങളിലൊന്നായി മാറിയത്,' സൂര്യ പറഞ്ഞു.

വൈകാരികമായി ഏറെ വെല്ലുവിളി നിറഞ്ഞ രംഗമായിരുന്നു രണ്ടാമത്തെ ക്ലൈമാക്സെന്നും അതിനായി നടത്തിയ തയ്യാറെടുപ്പിനെക്കുറിച്ചും താരം വിശദീകരിച്ചു. 'ഷൂട്ടിംഗ് ലൊക്കേഷനിൽ ക്യാമറയ്ക്ക് പിന്നിലായി കറുപ്പസ്വാമിയുടെ ഒരു പ്രതിമയുണ്ടായിരുന്നു. പാട്ട് ചിത്രീകരണത്തിനായി ഉപയോഗിച്ച ഒരു പ്രോപ്പർട്ടി മാത്രമായിരുന്നു അത്. എന്നിരുന്നാലും ആ പ്രതിമയ്ക്ക് മുന്നിലെത്തി ഞാൻ പ്രാർഥിച്ചു. "ദയവായി എന്നെ വഴിനടത്തണമേ... എന്നിൽ കുടിയിരുന്ന് എന്നെ നയിക്കണമേ..." എന്നായിരുന്നു എന്‍റെ പ്രാർഥന,' സൂര്യ പറഞ്ഞു.

'കുലദൈവം, കുലദേവത എന്നീ വിശ്വാസങ്ങൾ പലർക്കുമുണ്ട്. ദൈവത്തിന് സ്വയം സമർപ്പിക്കുന്ന നിരവധി വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. ദൈവം തന്നിലേക്ക് ആവേശിച്ചുവെന്ന് വിശ്വസിക്കുന്ന ആളുകൾ ആ ഭക്തിനിർവൃതിയിൽ പ്രവചനങ്ങൾ നടത്തുന്നതും സംസാരിക്കുന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ആ വികാരവും ശരീരഭാഷയുമാണ് എന്‍റെ പ്രകടനത്തിന് പ്രചോദനമായത്,' അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ചിത്രീകരണം അത്ര എളുപ്പമായിരുന്നില്ലെന്നും സൂര്യ പറയുന്നു. 'കഥാപാത്രമായി മാറിക്കഴിഞ്ഞാലും കണ്ണുതുറക്കുമ്പോൾ ചുറ്റുമുള്ള ചില കാഴ്ചകൾ അബദ്ധത്തിൽ തമാശയായി തോന്നാറുണ്ട്. അത് പ്രകടനത്തിന്‍റെ ഗൗരവത്തെയും ആത്മാർഥതയെയും ബാധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. ഭാഗ്യവശാൽ എല്ലാം നന്നായി വന്നു,' സൂര്യ പറഞ്ഞു.

ഒരു കോടതിയെ ചുറ്റിപ്പറ്റി നീതി നടപ്പാക്കാനെത്തുന്ന കറുപ്പസ്വാമിയുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ സൂര്യ അവതരിപ്പിച്ചത്. സൂര്യയുടെ പ്രകടനത്തിനൊപ്പം സായ് അഭ്യങ്കർ ഒരുക്കിയ ഗാനങ്ങളും ചിത്രത്തിന്‍റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

ENGLISH SUMMARY:

The Tamil superstar Surya's film 'Karuppu' was a massive success, with Surya portraying the divine character of Karuppasamy. The actor revealed that the climactic scene, which became a major highlight of the movie, was actually reshot after initial filming, with Surya praying before a statue of Karuppasamy for divine guidance.