തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ ഒരുപോലെ തിളങ്ങി നിൽക്കുന്ന നടി മാളവിക മോഹനൻ തൃഷയെക്കുറിച്ചും നടൻ വിജയ്യെക്കുറിച്ചും പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. കാർത്തിയുടെ നായികയായി എത്തുന്ന 'സർദാർ 2' ആണ് മാളവികയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
‘'പേട്ട' സിനിമയിൽ അഭിനയിക്കുമ്പോൾ ഞാൻ തികച്ചും തുടക്കക്കാരിയായിരുന്നു. വാരണാസിയിലായിരുന്നു ഷൂട്ടിങ്. അവിടെ വെച്ച് തൃഷ എന്നോട് വളരെ സ്വീറ്റായാണ് പെരുമാറിയത്. എന്നെ ഏറെ കംഫർട്ടബിൾ ആക്കി. അവരുടെ പ്ലാനുകളിലും ഹാങ് ഔട്ടുകളിലുമെല്ലാം എന്നെയും ഉൾപ്പെടുത്തി. ഒരുപാട് ആളുകൾ അങ്ങനെ പെരുമാറില്ല. തൃഷ ചെയ്യുന്നത് അപൂർവമാണെന്ന് എനിക്ക് അന്ന് മനസിലായിരുന്നില്ല.
പിന്നീട് ഞാൻ മാസ്റ്റർ സിനിമയിൽ ഒപ്പ് വെച്ചപ്പോൾ തൃഷ എനിക്ക് മെസേജ് ചെയ്തു. വളരെ സന്തോഷമുണ്ട്, ഇത് വലിയ കാര്യമാണ്, അഭിനന്ദനങ്ങൾ എന്നൊക്കെ പറഞ്ഞു. അത്തരം ഒരു കാര്യം ചെയ്യാൻ വലിയൊരു മനസ്സ് വേണം. ആത്മാർത്ഥതയും നല്ല മനസ്സുമുള്ള ഒരാൾക്കേ അതിന് സാധിക്കൂ. എപ്പോഴും സ്നേഹത്തോടെ മാത്രമേ എനിക്ക് തൃഷയെക്കുറിച്ച് ഓർക്കാൻ സാധിക്കൂ.’’
ഒരു വാക്ക് കൊടുത്താൽ അത് കൃത്യമായി പാലിക്കണമെന്ന് താൻ പഠിച്ചത് നടൻ വിജയിൽ നിന്നാണെന്നും മാളവിക പറഞ്ഞു. "തിരക്കിലാണ്, തിങ്കളാഴ്ച വിളിക്കാമെന്ന് വിജയ് സാർ പറഞ്ഞാൽ കൃത്യം തിങ്കളാഴ്ച തന്നെ അദ്ദേഹം തിരിച്ചുവിളിക്കും. പ്രാവർത്തികമാക്കാൻ പ്രയാസമുള്ള, എന്നാൽ വളരെ മികച്ചൊരു ഗുണമാണത്,‘ മാളവിക കൂട്ടിച്ചേർത്തു.