തമിഴകത്തെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ കവിന്‍ തന്‍റെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ. തനിക്കും ഭാര്യ മോണിക്കയ്ക്കും ഇരട്ടക്കുട്ടികൾ പിറന്നതായി എക്സ് പേജിലൂടെയാണ് താരം ലോകത്തെ അറിയിച്ചത്. ആരാധകരും സുഹൃത്തുക്കളും സിനിമാ മേഖലയിലെ നിരവധി ആളുകളും അഭിനന്ദന കുറിപ്പുകൾ കൊണ്ട് കമന്‍റ് ബോക്സും നിറച്ചിരിക്കുകയാണ്.
'ഞങ്ങളുടെ ജീവിതത്തെ ഇരട്ടി സന്തോഷം നല്‍കി അനുഗ്രഹിച്ചതിന് ദൈവത്തിനു നന്ദി പറയുന്നു. ഞങ്ങള്‍ക്ക് ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും പിറന്നു', കവില്‍ എക്സ് കുറിച്ചു. 2023 ഓഗസ്റ്റിലായിരുന്നു കവിനും സുഹൃത്തായിരുന്ന മോണിക്ക ഡേവിഡും വിവാഹിതരാകുന്നത്.
കവിന്‍ പോസ്റ്റ് പങ്കുവെച്ചതിനു പിന്നാലെ ചിലച്ചിത്ര താരങ്ങളടക്കം നിരവധിപേരാണ് ആശംസ അറിയിച്ച് കമന്‍റ് ബോക്സിലെത്തിയത്. 'ദൈവം നിങ്ങളുടെ മനോഹരമായ കുടുംബത്തെ അനുഗ്രഹിക്കട്ടെ' എന്നായിരുന്നു നടി സനം ഷെട്ടി പ്രതികരിച്ചത്. സംവിധായകന്‍ വിഘ്നേഷ് ശിവൻ നടന്‍ അനന്ത് റാം, മഞ്ജിമ മോഹന്‍ തുടങ്ങി നിരവധി താരങ്ങളടക്കം ആരാധകരും ആശംസ സന്ദേശം പകര്‍ന്നു.
വിജയ് ടിവിയിലെ 'കനാ കാണും കാലങ്ങൾ' എന്ന പരമ്പരയിലൂടെ മിനിസ്ക്രീന് പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് കവിന്‍ കരിയര്‍ ആരംഭിച്ചത്. 2012 മുതല്‍ ചെറിയ വേഷങ്ങളിലൂടെ തമിഴ് സിനിമയില്‍ മുഖം കാണിച്ചിരുന്നെങ്കിലും, 2017-ൽ 'സത്രിയൻ ' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. തുടര്‍ന്നു ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകരുടെ ഇഷ്ട താരമാകുന്നത്. പിന്നാലെ 'നട്പുന്നാ എന്നാനു തെരിയുമാ' ചിത്രത്തിലൂടെ നായക നിരയിലേക്കെത്തി. 2023 ല്‍ റിലീസായ 'ഡാഡ'യാണ് കരിയറില്‍ വലിയ വിജയം നേടിക്കൊടുത്തതത്. 2025 ല്‍ റിലീസായ 'മാസ്ക്' ആണ് കവിന്‍റെ അവസാന റിലീസ്.
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്കു നായകനായി എത്തുന്ന 'ഹായ്' ആണ് കവിന്‍റെ അടുത്ത റിലീസ്. റൊമാന്‍റിക് കോമഡി ട്രാക്കിലൊരുക്കുന്ന ചിത്രം ഓഗസ്റ്റ് 14 ന് വേള്‍ഡ് വൈഡ് റിലീസാകും. കരിയറിലെ നേട്ടങ്ങള്‍ക്കൊപ്പം ജീവിതത്തില്‍ അച്ഛനായതിന്‍റെയും ഇരട്ടി സന്തോഷത്തിലാണ് കവിന്‍ ഇപ്പോള്‍.