മൂന്നാംദിനത്തിലും ബോക്സ് ഓഫിസ് വേട്ട തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ ജനനായകന്‍. റിലീസായി മൂന്ന് ദിവസം കൊണ്ട് 171.84 കോടി രൂപയാണ് ആഗോളതലത്തിലെ കലക്ഷന്‍. ഇന്ത്യയില്‍നിന്ന് മാത്രം ഇന്നലെ 28.50 കോടി നേടി. രണ്ടാംദിനത്തിലെ കലക്ഷനേക്കാള്‍ കൂടുതല്‍ ഇന്നലെ തൂക്കി. പ്രദര്‍ശനം തുടങ്ങി മൂന്നുദിവസം പിന്നിടുമ്പോള്‍ ഇന്ത്യയില്‍നിന്ന് ചിത്രം നേടിയത് 92.35 കോടി രൂപയാണ്. ഇന്ത്യയിലെ ചിത്രത്തിന്റെ മൊത്തം ഗ്രോസ് കലക്ഷന്‍ ഇതോടെ 108.34 കോടിയായി.
വിജയ്‌യുടെ മറ്റ് ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആദ്യ ദിന കലക്ഷനില്‍ പിന്നിലാണ് ജനനായകന്‍. ഇതിന് മുന്‍പ് ഇറങ്ങിയ വിജയ് ചിത്രങ്ങളായ ലിയോ, ദി ഗോട്ട് എന്നീ ചിത്രങ്ങള്‍ മൂന്ന് ദിവസം കൊണ്ട് 200 കോടിയിലധികം കലക്‌ഷന്‍ നേടിയിരുന്നു. ഈ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ വിജയ്‌യുടെ അടുത്തിടെ ഇറങ്ങിയ ബ്ലോക് ബെസ്റ്ററുകളില്‍ പിന്നില്‍ ജനനായകനാണെന്ന് പറയേണ്ടിവരും.
ജനനായകന്റെ രണ്ടാം ദിനത്തെ കലക്ഷന്‍ നോക്കുമ്പോള്‍ ആദ്യദിനത്തേതിലേക്കാള്‍ പകുതിയോളം ഇടിവ് ഉണ്ടായിട്ടുണ്ട്. സിനിമയ്ക്ക് ലഭിച്ച സമ്മിശ്ര പ്രതികരണവും റിവ്യൂകളും സിനിമയുടെ പ്രകടനത്തെ ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിയോ ആണ് വിജയ്‌യുടെ ഏറ്റവും വലിയ ഓപ്പണിങ് കലക്ഷന്‍ നേടിയ ചിത്രം. മൂന്നുദിവസം കൊണ്ട് 295 കോടി രൂപയാണ് ലിയോ വേള്‍ഡ് വൈഡായി വാരിക്കൂട്ടിയത്. മിക്‌സഡ് റിവ്യൂസ് ആയിരുന്നെങ്കിലും ഓപ്പണിങ് കലക്ഷനില്‍ ദി ഗോട്ട് 220 കോടി രൂപ നേടിയിരുന്നു.
കേരളത്തിലും ജനനായകന്റെ പ്രകടനം ശരാശരിയാണെന്നാണ് വിലയിരുത്തല്‍. പ്രദര്‍ശനം തുടങ്ങി മൂന്നുദിവസം കഴിയുമ്പോള്‍ 10 കോടി രൂപയാണ് കേരളത്തില്‍ നിന്നുള്ള കലക്ഷന്‍. രണ്ടാംദിനം ഇത് 63 ശതമാനമായി ഇടിയുകയും ചെയ്തു. അതേസമയം കേരളത്തില്‍ ആദ്യ മൂന്നുദിവസം കൊണ്ട് ലിയോ നേടിയത് 35 കോടി രൂപയാണ്, മൊത്തം 60 കോടി കലക്ഷനും നേടി. 21 കോടി രൂപയാണ് ദി ഗോട്ടിന്റെ കേരളത്തിലെ ഓപ്പണിങ് കലക്ഷന്‍.
തിയറ്ററിലെത്തും മുന്‍പ് ജനനായകന്‍ ചോര്‍ന്നതും ഒരുകോടിയിലേറെ പേര്‍ ചിത്രം കണ്ടതും പ്രദര്‍ശനത്തെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കൂടാതെ സെന്‍സര്‍ ബോര്‍ഡ് വിവാദവും ഒരുപരിധി വരെ കാരണമായിട്ടുണ്ടെന്നാണ് വിവരം. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതും തിരിച്ചടിയായിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ മാറ്റങ്ങള്‍ വരുത്തി ആറുമാസത്തിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് ജനനായകന്‍ തിയറ്ററുകളിലെത്തിയത്. നേരത്തെ ജനുവരി ഒന്‍പതിന് പൊങ്കല്‍ റിലീസായാണ് ചിത്രം പ്രഖ്യാപിച്ചിരുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്ത ജനനായകന്‍ വിജയ്‍യുടെ അവസാന ചിത്രമെന്നാണ് പറയപ്പെടുന്നത്.