kamalhassan

TOPICS COVERED

ഇന്ത്യന്‍ സിനിമയില്‍ വിസ്മയ കാഴ്ച ഒരുക്കിയ 'കല്‍ക്കി 2898 എ.ഡി' സിനിമയില്‍ കമല്‍ഹാസന്‍ അവതരിപ്പിച്ച 'സുപ്രീം യാസ്കിന്‍' എന്ന കഥാപാത്രത്തിന് സ്ക്രീന്‍ സ്പേസ് 10 മിനിറ്റില്‍ താഴെ മാത്രമാണ്. വെള്ളിത്തിരയില്‍ പലകുറി വിസ്മയിപ്പിച്ചിട്ടുള്ള കമല്‍ഹാസന്‍റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രം. എന്നാല്‍, ആ സിനിമയില്‍ കമല്‍ഹാസന്‍റെ പ്രതിഫലം 150 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് നടനും സംവിധായകനുമായ യുഗി സേതുവാണ് ഒരു അഭിമുഖത്തില്‍ കല്‍ക്കിയിലെ കമല്‍ഹാസന്‍റെ പ്രതിഫലത്തെക്കുറിച്ച് പറയുന്നത്. 

supreme

കല്‍ക്കി രണ്ടാം ഭാഗത്തില്‍ അഭിനയിക്കുകയാണ് കമല്‍‌ഹാസനിപ്പോള്‍. രണ്ടാം ഭാഗത്തില്‍ കൂടുതല്‍ സ്ക്രീന്‍ സ്പേസില്‍ സുപ്രീം യാസ്കിന്‍ പ്രത്യക്ഷപ്പെടും. അമിതാഭ് ബച്ചന്‍ അടക്കമുള്ള കഥാപാത്രങ്ങളുമായാണ് രണ്ടാം ഭാഗത്തില്‍ കോമ്പിനേഷന്‍. ആദ്യ ഭാഗത്തിന് 150 കോടി പ്രതിഫലം വാങ്ങിയ കമല്‍ഹാസന്‍ തുടര്‍‌ പതിപ്പില്‍ അഭിനയിക്കുന്നതിന് വരുമാനം എത്രയാകും വാങ്ങുന്നത് എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. എന്നാല്‍, ആദ്യ  സിനിമയില്‍ 500 രൂപ വരുമാനം ലഭിച്ചിടത്തു നിന്നുമാണ് ഇന്ത്യയില്‍ ഒരു സിനിമയില്‍നിന്നും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി കമല്‍ഹാസന്‍ മാറുന്നത്. 

കമല്‍ഹാസന്‍റെ സിനിമയിലേക്കുള്ള എന്‍ട്രി 1960 ല്‍ തമിഴ് ചിത്രം 'കഴത്തൂര്‍ കണ്ണമ്മ'യിലൂടെയായിരുന്നു. ബാലതാരമായി ആദ്യ  ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ കമല്‍ഹാസന് ലഭിച്ചത് 500 രൂപയാണ്. ബാലതാരമായി തിളങ്ങിയിടത്തുനിന്നും 1974 ല്‍ മലയാള ചിത്രം 'കന്യാകുമാരി'യിലൂടെയാണ് നായകനായി അരങ്ങേറ്റം. പക്ഷേ, തൊട്ടടുത്ത വര്‍ഷം തമിഴ് ചിത്രം 'അപൂര്‍വരാഗ'ത്തിലെ നായക വേഷമാണ് ബ്രേക്ക് നല്‍കുന്നത്. ആ ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചത് 5000 രൂപ. പിന്നീട് തെന്നിന്ത്യയിലെ ഏറ്റവും വിലയേറിയ താരമായി കമല്‍ഹാസന്‍ വളര്‍ന്നു. 1994-ൽ 'മഹാനദി' എന്ന ചിത്രത്തിലൂടെ ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്ന ആദ്യ ഇന്ത്യൻ നടനായും ചരിത്രം സൃഷ്ടിച്ചു. 

kamalhassanchild

പിന്നീട് നിശ്ചിത ശമ്പളം എന്നതിനപ്പുറത്ത് അഭിനയിക്കുന്ന സിനിമയുടെ വരുമാനം പങ്കിടുന്ന രീതിയിലേക്ക്  കമൽഹാസൻ  ചുവടുവെച്ചു. ഒന്നരക്കോടി വരുമാനത്തിനു പകരം, തമിഴ്നാട്ടില്‍ നാല് പ്രദേശങ്ങളിലെ സിനിമയുടെ വിതരണാവകാശം വാങ്ങി അഞ്ച് കോടിയിലേറെ രൂപ താരം നേടിയെന്നത് മറ്റൊരു ചരിത്രം. ഈ കാലയളവില്‍ നടന്‍ എന്നതിനപ്പുറം തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, ഗായകന്‍, വിതരണക്കാരന്‍ തുടങ്ങി സിനിമയുടെ സമസ്ത മേഖലയിലും തന്‍റെ മേല്‍വിലാസം സൃഷ്ടിച്ചു, ബ്രാന്‍ഡിനെ വളര്‍ത്തി. 

'രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ' എന്ന പൊഡക്ഷന്‍ ഹൗസുമായി 45 വര്‍ഷമായി നിര്‍മാണ രംഗത്തും കമല്‍ഹാസനുണ്ട്. 'വിക്രം', 'അമരന്‍' എന്നീ ചിത്രങ്ങളിലൂടെ വലിയ വിജയമാണ് രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ സമീപകാലത്ത് നേടിയത്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന 'സിയോണ്‍', രജനികാന്തിന്‍റെ 'ധര്‍മ്മന്‍' എന്നീ ചിത്രങ്ങളാണ് ഇതേ പ്രൊഡക്ഷന്‍ ഹൗസില്‍ നിന്നും ഇനിയെത്തുന്നത്. 

thevarmagan

കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരകനായും ഒരു സീസണില്‍ 100 കോടിയിലേറെയാണ് കമല്‍ഹാസന്‍ സ്വന്തമാക്കിയിട്ടുള്ളത്. കല്‍‌ക്കി രണ്ടാം ഭാഗം, നെല്‍സന്‍ ദിലീപ് കുമാറിന്‍റെ സംവിധാനത്തില്‍ രജനികാന്തിനൊപ്പം അഭിനയിക്കുന്ന ചിത്രം എന്നിവയാണ് ഇനി കമല്‍ഹാസന്‍റെ അടുത്ത പ്രോജക്ടുകള്‍. സങ്കീർണമായ കഥാപാത്രങ്ങള്‍ ഏറ്റെടുക്കുന്നതിലും ചലച്ചിത്ര നിർമാണത്തിൽ പുത്തന്‍ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിലും എക്കാലത്തും പ്രേക്ഷകരെ അമ്പരിപ്പിച്ച കമല്‍ഹാസന്‍റെ വിസ്മയത്തിന് ഇനിയും കാത്തിരിക്കാം.

ENGLISH SUMMARY:

Kamal Haasan's salary for his brief role as Supreme Yaskin in 'Kalki 2898 AD' is reportedly Rs 150 crore, making it one of the highest remuneration deals in Indian cinema. This highlights his evolution from a child artist earning Rs 500 to a superstar commanding significant fees.