ഭാര്യ ആരതിയില്‍ നിന്ന് നിയമപരമായ വിവാഹമോചനം ലഭിക്കുന്നതുവരെ ഇനി അഭിനയിക്കില്ലെന്ന് തമിഴ് നടന്‍ രവി മോഹന്‍ (ജയം രവി). ചെന്നൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നടന്‍റെ പ്രതികരണം. വിവാഹമോചന നടപടികൾ പൂർത്തിയാകുന്നത് വരെ തന്റെ സിനിമകളൊന്നും ഇനി റിലീസ് ചെയ്യില്ലെന്നും താരം നിറകണ്ണുകളോടെ പറഞ്ഞു. രവി മോഹനുമായുള്ള ബന്ധം അവസാനിപ്പിച്ചതായും ചെന്നൈ വിടുന്നതായും പ്രഖ്യാപിച്ച് സുഹൃത്തും തെറാപ്പിസ്റ്റുമായ കെനീഷാ ഫ്രാൻസിസ് വിഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് താരത്തിന്‍റെ വൈകാരിക വാര്‍ത്താസമ്മേളനം.
സ്വന്തം മക്കളെ കാണാൻ പോലും തന്നെ അനുവദിക്കുന്നില്ലെന്നും അവരുടെ സ്കൂളുകളിലേക്ക് ബോഡിഗാർഡുമാരെ അയച്ചിരിക്കുകയാണെന്നും രവി മോഹന്‍ പറഞ്ഞു. കുട്ടികളുമായുള്ള ഫോൺ ബന്ധം പോലും വിച്ഛേദിച്ചു. ‘മാനസികമായ ഈ പീഡനം കാരണം ഞാൻ എന്നെത്തന്നെ ഉപദ്രവിക്കാൻ വരെ തുടങ്ങി. എന്റെ കൈകളിലേക്ക് സൂം ചെയ്ത് നോക്കൂ. ഒരു ദിവസം ഞാൻ ഈ ലോകം വിടും. പക്ഷേ അതിന് മുൻപ് എന്റെ സമാധാനം കളഞ്ഞവരുടെ സമാധാനം ഞാൻ അവസാനിപ്പിക്കും. ഞാൻ എന്റെ ഓഫിസിൽ മാത്രമേ ഉണ്ടാവൂ, സംസാരിക്കാൻ താല്പര്യമുള്ളവർക്ക് നേരിട്ട് വരാം’ എന്നായിരുന്നു താരത്തിന്‍റെ കണ്ണീരോടെയുള്ള വാക്കുകള്‍.
ചെന്നൈയിൽ നടത്തിയ അടിയന്തിര പ്രസ് മീറ്റിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. കെനീഷയെ സൈബർ ആക്രമണം നടത്തി അവര്‍ നാട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്ന് രവി മോഹൻ ആരോപിച്ചു. അവൾ എവിടെയാണെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കട്ടെ എന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ നിരന്തരം ശല്യം ചെയ്യുന്നതും കളിയാക്കുന്നുതും ദയവായി നിര്‍ത്തണമെന്നും നടന്‍ അപേക്ഷിച്ചു. ‘ആദ്യം എന്റെ വ്യക്തിജീവിതം ശരിയാക്കണം, എന്റെ നഷ്ടപ്പെട്ട പേര് തിരികെ നേടണം. അതിന് ശേഷമേ അഭിനയത്തിലേക്ക് മടങ്ങിവരൂ’ – താരം പറഞ്ഞു.
രവി മോഹന്‍റെ പ്രസ് മീറ്റിന് തൊട്ടുമുൻപ് കെനീഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പും ഏറെ ചര്‍ച്ചായിരുന്നു. നടനുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്ന സൂചനയാണ് കെനീഷ നൽകിയത്. ‘ചില ഇടങ്ങൾ ബഹളങ്ങളും ഈഗോയും വിധികല്‍പ്പിക്കലുകളും കെട്ടുകഥകളും കയ്യടക്കിയിരിക്കുന്നു. അവിടെ നന്മയ്ക്ക് സ്ഥാനമില്ല. സമാധാനത്തോടെ, സ്‌നേഹത്തോടെ, പൂർണ നിസ്സംഗതയോടെ ഞാൻ ആ വ്യക്തിയെ സ്വതന്ത്രനാക്കുന്നു’ - എന്നായിരുന്നു കെനീഷ കുറിച്ചത്. ഈ കുറിപ്പ് വന്ന് മണിക്കൂറുകൾക്കകമാണ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള രവി മോഹന്‍റെ വാര്‍ത്താസമ്മേളനം.