മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ വൈകാരിക വാര്‍ത്താസമ്മേളനത്തില്‍ തന്‍റെ കുടുംബജീവിതം തകർത്തതിന് പിന്നിൽ ഒരു ‘മൂന്നക്ഷര നടി’ അല്ലെങ്കിൽ ‘ഇഡ്ഡലി നടികൈ ആണെന്ന് ആരോപിച്ച് നടന്‍ രവി മോഹന്‍. എന്നാൽ അദ്ദേഹം ഈ നടിയുടെ പേര് നേരിട്ട് വെളിപ്പെടുത്തിയിട്ടില്ല. സിനിമാരംഗത്തു നിന്നുള്ളവരുടെ അഭിപ്രായത്തിൽ രവി പരാമർശിച്ച ഈ നടി രവിയുടെ ഭാര്യ ആരതിയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ്. നിലവിലുള്ള ഇവരുടെ ദാമ്പത്യ തർക്കങ്ങളിലുടനീളം അവർ ആരതിക്ക് ശക്തമായ പിന്തുണയുമായി ഒപ്പമുണ്ടെന്നാണ് പറയപ്പെടുന്നത്. നടിയുടെ പേര് രവി എടുത്തു പറഞ്ഞിട്ടില്ലെങ്കിലും, അദ്ദേഹത്തിന്‍റെ രൂക്ഷമായ പ്രതികരണങ്ങൾ കോളിവുഡ് വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും ഈ നടി ആരാണെന്നതിനെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.
‘മൂന്നക്ഷരത്തിൽ പേരുള്ള ഒരു നടിയുണ്ടല്ലോ, ഇഡ്ഡലി നടികൈ. അവരും എന്റെ പേര് നേരിട്ട് പരാമർശിക്കാതെയാണ് ഓരോന്ന് പറയുന്നത്. അവരുടെ തലമുറയിൽപ്പെട്ട മൂന്ന് സീനിയർ നായകന്മാർ എന്നോട് പറഞ്ഞിട്ടുണ്ട്, ഇവർ അവരുടെ കുടുംബം തന്നെ നശിപ്പിച്ചു എന്ന്. അവരാണ് ഇപ്പോൾ എന്‍റെ ജീവിതത്തെ കുറിച്ച് പറയാൻ വരുന്നത്. വേറെ എന്തേലും പ്രശ്നം വന്നാൽ ഉടനെ ‘ഞാൻ ഫെമിനിസ്റ്റ്’ എന്നു പറഞ്ഞ് വഴുതി മാറും. ഇതൊക്കെ എന്തു നാടകമാണ്? എന്നെക്കുറിച്ച് പറയാൻ ഇവർക്ക് എന്തു യോഗ്യതയാണുള്ളത്? എന്തൊക്കെ തരം മനുഷ്യന്മാരാണെന്ന് മനസ്സിലാകുന്നില്ല. എന്നെക്കാൾ നന്നായി അഭിനയിക്കുന്ന ആളാണോ, അഭിനയിച്ചോളൂ. ഞാൻ തന്നെ കാലിൽ വീണോളാം! അവാർഡ് വാങ്ങുന്നുണ്ടോ, ആയിക്കോളൂ! പക്ഷേ, എന്റെ വ്യക്തിജീവിതത്തിൽ കേറി കളിക്കരുത്.’ എന്നും രവി മോഹന്‍ പറഞ്ഞു.
തന്‍റെ വ്യക്തിജീവിതത്തിൽ കയറിക്കളിക്കാൻ എന്ത് യോഗ്യതയാണ് ആ നടിക്കുള്ളതെന്നും രവി മോഹൻ ചോദിച്ചു. നാലു വർഷമായി മുൻഭാര്യ ആർതിയുമായി യാതൊരു ബന്ധവുമില്ല. ആർതി മരിച്ചു കളയും എന്നു പറഞ്ഞ് കൈ മുറിച്ചിട്ടാണ് വിവാഹം നടന്നത്. ഇപ്പോൾ തന്നെയും ആ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു. ആ വീട്ടിൽ നിന്നും പുറത്തു വന്നതിനു ശേഷമാണ് ഒരു മനുഷ്യനായി ജിവിക്കാൻ തുടങ്ങിയതെന്ന് രവി മോഹൻ പറഞ്ഞു. തന്നെ മനസ്സിലാക്കാൻ ശ്രമിച്ച പെൺകുട്ടിയെ ഓടിച്ചു വിട്ടെന്നും രവി മോഹൻ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കെനിഷ കൃത്യമായി ജോലി ചെയ്താണ് ജീവിക്കുന്നത്. അല്ലാതെ വേറെ ഒരാളുടെ സമ്പാദ്യത്തിൽ സുഖിച്ച് ജീവിക്കുകയല്ലെന്നും രവി മോഹൻ തുറന്നടിച്ചു.
തനിക്കെതിരെ കൂടോത്രം വരെ ചെയ്തെന്നും താരം ആരോപിച്ചു. ‘അവർ പറയുന്നത് മാത്രം കേൾക്കാൻ പണ്ടും അവർ ഇത് ചെയ്തിട്ടുണ്ട്. എനിക്ക് അതെല്ലാം അറിയാമായിരുന്നു. പക്ഷേ, അപ്പയും അമ്മയും എന്നെ പഠിപ്പിച്ച സംസ്കാരം മൂലം ഞാൻ അതു സഹിച്ചു. എത്ര വർഷം! പിന്നിൽ നിന്ന് എന്നെ കുത്തുകയായിരുന്നു. ഞാൻ ഇതൊന്നും അറിയുന്നില്ല എന്നാണ് അവർ കരുതിയത്. അവർ മാറുമെന്ന് കരുതി ഞാൻ കാത്തിരുന്നു, പ്രാർഥിച്ചു. പക്ഷേ, സമാധാനം ഇല്ലാതായാൽ എന്തു ചെയ്യും? ഒരു ബഹുമാനം ഇല്ലെങ്കിൽ എന്തു ചെയ്യും? അത്രയും അടിസ്ഥാനപരമായ കാര്യങ്ങളല്ലേ ചോദിച്ചുള്ളൂ. ഇതിലെന്ത് ആൺ–പെൺ വിഷയം? എനിക്കു മനസ്സിലാകുന്നില്ല. ’ രവി മോഹന്‍ വികാരാധീനനായി. ഇപ്പോൾ ഞാൻ കുറച്ചുകാലം താന്‍ ഒരാളുടെ കൂടെ ഒരുമിച്ചു നടക്കുന്നതാണോ പ്രശ്നമെന്നും രണ്ടു വർഷം താന്‍ ഹോട്ടലിൽ താമസിച്ചതൊന്നും ആർക്കും അറിയില്ലെന്നും രവി മോഹന്‍ പറഞ്ഞു. ‘കാരണം, അതൊന്നും ഞാൻ പറഞ്ഞിട്ടില്ല. നാലു വർഷമായി എനിക്ക് ആർതിയുമായി യാതൊരു ബന്ധവുമില്ല. ഇപ്പോൾ നടന്നതു മാത്രമെ നിങ്ങൾ അറിയുന്നുള്ളൂ. അതു ചേർത്തുവച്ചാണ് ഇപ്പോൾ ഓരോന്ന് അടിച്ചു വിടുന്നത്. എഐ വച്ച് ഓരോ തെളിവുണ്ടാക്കുന്നു. എന്റെ കയ്യിൽ യഥാർഥ തെളിവുണ്ട്. ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്. ഒരാളുടെ ജീവിതം വച്ചു കളിക്കരുത്. ഒരാളുടെ ഇമേജ് വച്ച് കളിക്കരുത്. എന്താ നടന്നതെെന്ന് നിങ്ങൾക്കറിയാമോ? സൈബറാക്രമണം മൂലം എത്ര പേർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് അറിയാമോ?’ രവി മോഹന്‍ പൊട്ടിത്തെറിച്ചു.
മരിച്ചു കളയും എന്നു പറഞ്ഞ് കൈ മുറിച്ചിട്ടാണ് തന്‍റെ വിവാഹം നടത്തിയതെന്നും താരം തുറന്നുപറഞ്ഞു. ‘എന്‍റെ കൂടെ ഉള്ളവർക്ക് അറിയാം. എന്നെ സ്വന്തം വീട്ടുകാരിൽ നിന്ന് പിരിച്ച് കൊണ്ടു വന്നിട്ട് അതു ചെയ്യ്, ഇത് ചെയ്യ് എന്നൊക്കെ പറഞ്ഞ്, അവിടെയും ഇവിടെയും പോയി സിനിമ ചെയ്ത് മൂന്നു സിനിമകൾ പരാജയപ്പെട്ടു. അവരുടെ പ്രൊഡക്ഷനിൽ തന്നെ സിനിമകൾ, ഒന്നു തീരും മുൻപ് മറ്റൊന്ന്. ഞാൻ പുറത്ത് പടം ചെയ്യാൻ പാടില്ല. ഞാനെന്താ അവരുടെ കമ്പനി ആർട്ടിസ്റ്റാണോ? ഒരു സീരിയൽ ആർട്ടിസ്റ്റ് പോലെ ആ കമ്പനിയിൽ തന്നെ എന്നെ ഒതുക്കി നിർത്തുകയാണോ? അതിൽ നിന്ന് ഞാൻ പുറത്തു വരാൻ പാടില്ല? അവർ പറയുന്ന പോലെയുള്ള സിനിമകൾ മാത്രം ചെയ്യണം.ഫോളോവേഴ്സിനു വേണ്ടിയാണോ ഇതെല്ലാം ചെയ്യുന്നത്?’ എന്നും രവി മോഹന്‍ ചോദിച്ചു.
ഇപ്പോള്‍ ജോലി ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല താനെന്നും നടന്‍ വെളിപ്പെടുത്തി. താന്‍ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ആളൊന്നുമല്ല. എന്നാല്‍ സിനിമ ഇല്ലെങ്കിലും ഡാൻസ് ക്ലാസ് ഇട്ടു വേണമെങ്കിലും നിത്യവൃത്തി കണ്ടെത്തുമെന്നും എല്ലാ ചിട്ടയോടും കൂടി ഭരതനാട്യം അരങ്ങേറ്റം നടത്തിയ വ്യക്തിയാണ് താനെന്നും താരം വെളിപ്പെടുത്തി.
അതിനിടെ മുതിർന്ന നടിയും രാഷ്ട്രീയപ്രവർത്തകയുമായ ഖുശ്ബു സുന്ദർ ഒരു ട്വീറ്റുമായി രംഗത്തെത്തിയതോടെ രവി മോഹന്‍ സൂചിപ്പിച്ച ആ ‘മൂന്നക്ഷര ഇഡ്ഡലി നടി’ ഖുശ്ബു തന്നെയാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിധിയെഴുതി. ‘ചിലർക്ക് അവരുടെ ഡിഎൻഎ തെളിയിക്കാൻ ഭയങ്കര വാശിയാണ്. ഞാൻ പറഞ്ഞത് ശരിയാണെന്ന് തെളിയിച്ചതിന് നന്ദി’ എന്നായിരുന്നു ഖുശ്ബുവിന്‍റെ ട്വീറ്റ്. അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മറ്റുള്ളവരുടെ ജീവിതംവെച്ച് കളിക്കുന്നത് നിർത്താനും ഖുശ്ബുവിനോട് രൂക്ഷമായ ഭാഷയില്‍ സോഷ്യല്‍മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചു.