Russian-minister

TOPICS COVERED

ഡല്‍ഹിയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകനോട് ‘തോക്കെടുക്കും’ എന്ന് പറഞ്ഞ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ്. മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെ ഉണ്ടായ നാടകീയ നിമിഷമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ തടസ്സം സൃഷ്ടിച്ച മാധ്യമപ്രവര്‍ത്തകനോട് ഇത് തുടര്‍ന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കെടുക്കും എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നതാണ് വിഡിയോയിലുള്ളത്.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടിരിക്കെ ഒരു മാധ്യമപ്രവര്‍ത്തകന്‍ നിര്‍ത്താതെ ഫോണില്‍ സംസാരിച്ച് തടസ്സം സ‍ൃഷ്ടിച്ചതാണ് റഷ്യന്‍ വിദേശകാര്യമന്ത്രിയെ പ്രകോപിപ്പിച്ചത്.  തുടർച്ചയായ ശല്യം കാരണം ലാവ്‌റോവ് സംസാരിക്കുന്നത് നിർത്തുകയും സുരക്ഷാ ഉദ്യോഗസ്ഥരോട് ഇടപെടാൻ ആവശ്യപ്പെടുകയും ചെയ്തു.

‘നിങ്ങൾക്ക് ഇവിടെ നിന്ന് ഒന്ന് പോകാമോ? ഒന്നുകിൽ നിങ്ങൾ സ്വയം മാറണം, അല്ലെങ്കിൽ നിങ്ങളുടെ ഫോൺ മാറ്റണം’ എന്ന് വാർത്താസമ്മേളനം പുനരാരംഭിക്കുന്നതിന് മുൻപ് ലാവ്‌റോവ് പറഞ്ഞു. എന്നാല്‍ നിമിഷങ്ങള്‍ക്കകം മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും ഫോണ്‍സംഭാഷണം ആവര്‍ത്തിച്ചതോടെയാണ് അദ്ദേഹം കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. ‘നിങ്ങള്‍ക്ക് ഇവിടെ നിന്ന് മാറാന്‍ പറ്റുമോ?, ഞാന്‍ തമാശ പറയുകയല്ല. നിങ്ങള്‍ ഫോണ്‍ കൈമാറാന്‍ തയാറായില്ലെങ്കില്‍ അവര്‍ തോക്കെടുക്കും’ എന്ന് ലാവ്റോവ് മുന്നറിയിപ്പ് നല്‍കി.

ബ്രീക്സ്  ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ലാവ്‌റോവ് ഇന്ത്യയിലെത്തിയത്. സന്ദർശനത്തിനിടെ അദ്ദേഹം ഇന്ത്യൻ നേതാക്കളുമായി ഉന്നതതല ചർച്ചകൾ നടത്തുകയും ചെയ്തു. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ റഷ്യന്‍ വിദേശകാര്യമന്ത്രി ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും ഉക്രൈൻ, പശ്ചിമേഷ്യ എന്നിവയുൾപ്പെടെ നിലവിലുള്ള അന്താരാഷ്ട്ര സംഘർഷങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. 2025 ഡിസംബറിൽ നടന്ന 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന് ശേഷമുള്ള ഇന്ത്യ-റഷ്യ സഹകരണത്തിലെ പുരോഗതിയെക്കുറിച്ച് ലാവ്‌റോവ് പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

ഇന്ത്യയും റഷ്യയും തമ്മിലുള്ള സവിശേഷവുമായ തന്ത്രപരവുമായ പങ്കാളിത്തത്തിലെ പുരോഗതിയെക്കുറിച്ച് ലാവ്‌റോവ് നൽകിയ വിവരങ്ങളെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ പറഞ്ഞു. പശ്ചിമേഷ്യയില ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുപക്ഷവും ആശയങ്ങൾ കൈമാറി. ചർച്ചയിൽ, തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ ദീർഘകാല നിലപാട് പ്രധാനമന്ത്രി മോദി ആവർത്തിച്ചു. പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുൻപ്, ബുധനാഴ്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ലാവ്‌റോവ് ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. 

ENGLISH SUMMARY:

Russian Foreign Minister Sergey Lavrov made headlines during the BRICS Summit in Delhi by threatening a journalist with security personnel drawing weapons. This incident occurred when a reporter repeatedly disrupted the press conference by talking on their phone, leading to Lavrov's stern warning about escalating the situation if the disruption continued