nord

യുഎസ്– ഇസ്രയേല്‍– ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന ഉപരോധങ്ങള്‍ക്കിടയിലും ഹോർമുസ് കടലിടുക്ക് കടന്ന് റഷ്യൻ ശതകോടീശ്വരൻ അലക്സി മൊർദാഷോവിന്‍റെ ആഡംബര നൗക (സൂപ്പർയാട്ട്). മറൈൻ ട്രാഫിക് പ്ലാറ്റ്‌ഫോമിലെ ഡാറ്റയാണ് ശനിയാഴ്ച ആഡംബര നൗക ഹോർമുസിലൂടെ സഞ്ചരിച്ചതായി കാണിക്കുന്നത്. യുഎസ്- ഇറാൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഹോര്‍മൂസിലൂടെ കടന്നുപോകുന്ന വളരെ ചുരുക്കം കപ്പലുകളിൽ ഒന്നാണിത്.

500 മില്യൺ ഡോളറിലധികം വിലമതിക്കുന്ന നോർഡ് എന്ന ആഡംബര നൗകയാണ് വെള്ളിയാഴ്ച ഏകദേശം 14.00 ന് (GMT) ദുബായ് മറീനയിൽ നിന്ന് പുറപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ കടലിടുക്ക് കടക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ കപ്പല്‍ മസ്‌കറ്റിൽ എത്തുകയും ചെയ്തു. അതേസമയം, ഈ ആഡംബര കപ്പലിന് ഹോര്‍മുസ് കടക്കാനുള്ള അനുമതി എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമല്ല. ഫെബ്രുവരി മുതൽ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഇറാൻ കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. പ്രധാനമായും വ്യാപാര കപ്പലുകൾ മാത്രമാണ് ഇപ്പോള്‍ ഇതുവഴി കടന്നുപോകുന്ന ചുരുക്കം കപ്പലുകള്‍.

ആരാണ് അലക്സി മൊർദാഷോവ്?

ഫോർബ്സിന്‍റെ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം, ഏകദേശം 36.9 ബില്യൺ ഡോളർ ആസ്തിയുള്ള 60 കാരനായ മൊർദാഷോവ് റഷ്യയിലെ ഏറ്റവും ധനികനും ലോകത്തിലെ 58-ാമത്തെ ധനികനുമാണ്. റഷ്യ യുക്രെയ്‌നിനെ ആക്രമിച്ചതിന് പിന്നാലെ പുട്ടിനുമായുള്ള ബന്ധത്തിന്റെ പേരിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും ഉപരോധം ഏർപ്പെടുത്തിയ നിരവധി റഷ്യക്കാരിൽ മൊർദാഷോവും ഉൾപ്പെടുന്നുണ്ട്. പുട്ടിന്‍റെ അടുത്തയാള്‍ കൂടിയാണ് അലക്സി മൊർദാഷോവ്.

ഷിപ്പിങ് ഡാറ്റയും 2025 ലെ റഷ്യൻ കോർപ്പറേറ്റ് രേഖകളും പ്രകാരം മൊർദാഷോവിന്‍റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഒരു റഷ്യൻ സ്ഥാപനത്തിന്‍റെ പേരിലാണ് ഈ ഉല്ലാസ നൗക രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ നൗകകളിൽ ഒന്നായ നോർഡിൽ 20 സ്റ്റേറൂമുകൾ, ഒരു നീന്തൽക്കുളം, ഒരു ഹെലിപാഡ്, ഒരു അന്തർവാഹിനി എന്നിവ അടങ്ങിയിട്ടുണ്ട്.

അതേസമയം, റഷ്യയും ഇറാനുമാകട്ടെ ദീർഘകാലമായി സഖ്യകക്ഷികളാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള 2025 ലെ ഉടമ്പടി ഈ ബന്ധം കൂടുതല്‍ ശക്തമാക്കുകയും രഹസ്യാന്വേഷണ, സുരക്ഷാ മേഖലകളിലെ സഹകരണം ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ച പാകിസ്ഥാനിലെയും ഒമാനിലെയും മധ്യസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി റഷ്യന്‍ പ്രസിഡന്‍റ്  വ്‌ളാഡിമിർ പുട്ടിനെ കാണാൻ റഷ്യയിലെത്തിയിരുന്നു. 

ENGLISH SUMMARY:

Despite heavy US and EU sanctions and strict Iranian control over the Strait of Hormuz, Russian billionaire Alexei Mordashov's luxury superyacht 'Nord' successfully navigated the passage. The vessel, valued at over $500 million, departed from Dubai and reached Muscat, raising questions about the geopolitical influence behind its safe transit. Mordashov, a close ally of Vladimir Putin, has been under international sanctions since the Ukraine conflict, but the strong 2025 strategic partnership between Russia and Iran appears to have facilitated the yacht's movement.