യു.എസ്– ഇറാന്‍ സമാധാന കരാറിനായുള്ള ശ്രമങ്ങള്‍ തുടരവെ മധ്യസ്ഥതയില്‍ പാക്കിസ്ഥാന്‍റെ കഴിവിനെ സംശയിച്ച് ഇറാന്‍. യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ താല്‍പര്യങ്ങള്‍ക്കാണ് പാക്കിസ്ഥാന്‍ പ്രധാന്യം നല്‍കുന്നതെന്നും അമേരിക്കാന്‍ താല്‍പര്യങ്ങള്‍ക്ക് എതിരെ സംസാരിക്കാന്‍ പാക്കിസ്ഥാന് സാധിക്കുന്നില്ലെന്നും ഇറാനിയാന്‍ എംപി ഇബ്രാഹിം റെസായി ആരോപിച്ചു. ഇറാന്‍റെ ദേശീയ സുരക്ഷാ, വിദേശനയ കമ്മീഷന്‍റെ പ്രതിനിധിയും വക്താവുമാണ് ഇബ്രാഹിം റെസായി.
ഒരു മധ്യസ്ഥന്‍ നിഷ്പക്ഷമായിരിക്കണമെന്നും ഒരു വശത്തേക്ക് ചായ്‍വ് പാടില്ലെന്നുമാണ് അദ്ദേഹത്തിന്‍റെ എക്സ് പോസ്റ്റ്. 'പാക്കിസ്ഥാന്‍ ഞങ്ങളുടെ അടുത്ത സുഹൃത്തും അയല്‍ക്കാരുമാണ്. എന്നാല്‍ ചര്‍ച്ചയ്ക്കുള്ള മധ്യസ്ഥരാകാന്‍ അനുയോജ്യരല്ല, അവര്‍ക്ക് വേണ്ടത്ര വിശ്വാസ്യതയുമില്ല. അവരെപ്പോഴും ട്രംപിന്‍റെ താല്‍പര്യങ്ങളാണ് കണക്കിലെടുക്കുന്നത്, അമേരിക്കയ്ക്ക് എതിരെ സംസാരിക്കുന്നില്ല. ഉദാഹരണമായി, ആദ്യം പാക്കിസ്ഥാന്‍റെ നിര്‍ദ്ദേശം സ്വീകരിക്കുകയും പിന്നീട് അതില്‍ നിന്നും യു.എസ് പിന്നോട്ട് പോയെന്നുമുള്ള കാര്യങ്ങള്‍ ലോകത്തോട് പറയാന്‍ അവര്‍ തയ്യാറാകുന്നില്ല''
''ലെബനനന്‍ വിഷയത്തിലും മരവിപ്പിച്ച ആസ്തികളുടെ കാര്യത്തിലും അമേരിക്കയ്ക്ക് പ്രതിബദ്ധയുണ്ടായിരുന്നു എന്നോ അത് പാലിക്കുന്നതില്‍ വീഴ്ച പറ്റിയെന്നോ പറയാന്‍ സാധിക്കുന്നില്ല, മധ്യസ്ഥന്‍ നിഷ്പക്ഷമായിരിക്കണം. ഒരു വശത്തേക്ക് ചായ്‍വ് പാടില്ല'' എന്നാണ് പോസ്റ്റില്‍ പറയുന്നത്.
അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടെ ചർച്ചകൾ സജീവമായി നിലനിർത്തുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇസ്‍ലാമാബാദ് സന്ദർശിക്കുന്ന സാഹചര്യത്തിലാണ് എംപിയുടെ കുറിപ്പ്. പാക്കിസ്ഥാനിലെത്തിയ അരാഗ്ചി പാക്ക് സൈനിക മേധാവി അസിം മുനീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, ഹോര്‍മുസ് തുറയ്ക്കാനും സംഘര്‍ഷം അവസാനിപ്പിക്കാനും ഇറാന്‍ യു.എസിന് മുന്നില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ വച്ചതായി ആക്സിസോയ് റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാന്‍ വഴിയാണ് നിര്‍ദ്ദേശങ്ങള്‍ കൈമാറിയത്. ഇറാന്‍റെ ആണവ പദ്ധതികളെ പറ്റിയുള്ള ചര്‍ച്ച പിന്നീട് നടത്തുന്നത് അടക്കമാണ് നിര്‍ദ്ദേശത്തിലുള്ളത്.