ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ചരിത്രം കുറിച്ച് 1,000 കോടി നേടിയ 'ധുരന്ധർ' ഒടിടിയിൽ എത്തിയപ്പോൾ പ്രേക്ഷകർക്ക് നിരാശ. നെറ്റ്ഫ്ലിക്‌സിൽ ഇന്ന് റിലീസ് ചെയ്തത് ചിത്രത്തിന്‍റെ സെൻസർ ചെയ്ത പതിപ്പാണ്. 'എ' സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം എന്തിന് സെൻസർ ചെയ്തുവെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
സ്ട്രീമിംഗ് പ്ലാറ്റ്ഫോം ചില സംഭാഷണങ്ങൾ നിശബ്ദമാക്കുകയും, അധിക്ഷേപകരമായ ഭാഷ സെൻസർ ചെയ്യുകയും, സിനിമയുടെ 10 മിനിറ്റ് ദൈർഘ്യം വെട്ടിക്കുറയ്ക്കുകയും ചെയ്തതായാണ് ആരാധകർ ആരോപിച്ചത്. ചിത്രം സ്ട്രീം ചെയ്യാൻ തുടങ്ങിയ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ പരാതികളും വിമർശനങ്ങളും നിറഞ്ഞു.
18 വയസ്സിന് മുകളിലുള്ളവർക്കുള്ള പ്ലാറ്റ്ഫോമിൽ 'എ' സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം സെൻസർ ചെയ്യുന്നതിന്‍റെ യുക്തിയാണ് ആരാധകർ ചോദ്യം ചെയ്യുന്നത്. 'സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകുന്നു, പക്ഷേ വാക്കുകൾ മ്യൂട്ട്/സെൻസർ ചെയ്തിട്ടുണ്ട്! 5 വയസുള്ളവരുടെ കൂട്ടമാണോ ഈ ആപ്പിലുള്ളത്? ഈ ആപ്പിലെ എല്ലാവരും 18 വയസ്സിന് മുകളിലുള്ളവരാണ്, ധാരാളം കട്ടുകളും സെൻസറിംഗും ഉള്ള ഒരു സിനിമ കാണുന്നതിൽ അർത്ഥമില്ല. അതേസമയം അനിമൽ, കബീർ സിംഗ് എന്നീ സിനിമകൾക്ക് കട്ട് ഇല്ല' എന്നും പ്രേക്ഷകർ വിമർശിക്കുന്നു.
ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച 'ധുരന്ധർ' 2025 ഡിസംബർ 5 നാണ് തിയറ്ററുകളിൽ എത്തിയത്. രൺവീർ സിങ്, അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത് തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. സാറ അർജുനായിരുന്നു ചിത്രത്തിലെ നായികാ. ഇന്ത്യയിൽ 1000 കോടി രൂപയും ലോകമെമ്പാടുമായി 1300 കോടി രൂപയും ചിത്രം നേടി.