46 വര്‍ഷത്തിനു ശേഷം ആണ്ടവരും തലൈവരും ഒന്നിക്കുന്നു. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സിനിമ പ്രേമികൾ കാത്തിരുന്ന ആ പ്രഖ്യാപനം വന്നിരിക്കുന്നു. സുന്ദർ.സി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് രജനീകാന്തും കമൽഹാസനും വീണ്ടും ഒന്നിക്കുന്നത്. തലൈവർ 173 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലാണ് നിർമ്മിക്കുന്നത്.
കമൽഹാസന്‍ സോഷ്യൽ മീഡിയയിൽ പങ്കുെവച്ച ചിത്രങ്ങളും സിനിമയെക്കുറിച്ചുള്ള കുറിപ്പും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. റെഡ് ജയന്റ് മൂവീസ് വിതരണം ചെയ്യുന്ന ചിത്രം പൊങ്കൽ 2027 റിലീസായിട്ടാണ് തിയേറ്ററുകളിൽ എത്തുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ 44-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം.
‘പ്രിയപ്പെട്ട രജിനി, കാറ്റായി അലഞ്ഞു തിരിഞ്ഞ നമ്മളെ ഭൂമിയിലേക്ക് ഇറക്കി, നമ്മൾ രണ്ട് ചെറു നദികളായി രൂപം മാറി... ഇനി വീണ്ടും നമുക്ക് കാറ്റായും മഴയായും മാറാം... സ്നേഹത്തോടെ നമ്മളെ ഇത്രയും കാലം നെഞ്ചിൽ കാത്ത് സൂക്ഷിച്ച ഈ ഭൂമിയിൽ നമുക്ക് വർഷമായി പൊഴിയാം... നാം ജനിച്ച, കലയുടെ ഈ ഭൂമി നീണാൾ വാഴട്ടെ’, കമൽഹാസന്‍ ഇങ്ങനെ കുറിച്ചു.
രജനികാന്തിന്റെ ആദ്യ ചിത്രമായ അപൂര്‍വ്വ രാഗങ്ങള്‍ മുതല്‍ ആ കൂട്ടുകെട്ട് ആരംഭിച്ചു. കമല്‍-രജനി കോമ്പോ 70-കളിലും 80-കളിലും ഒട്ടനവധി സിനിമകളിലാണ് നിറഞ്ഞാടിയിട്ടുള്ളത്. ചരിത്രപരമായ കൂട്ടുകെട്ട് എന്നതിനപ്പുറം, രജനീകാന്തിന്റെയും കമൽഹാസന്റെയും അൻപതാണ്ടുകളുടെ സൗഹൃദവും സഹോദരബന്ധവും ആഘോഷിക്കുന്നതാകും ചിത്രം.