sunil-shetty

TOPICS COVERED

വേദിയില്‍ തന്നെ അനുകരിക്കാന്‍ ശ്രമിച്ച മിമിക്രി കലാകാരനോട് രോഷാകുലനായി ബോളിവുഡ് താരം സുനില്‍ ഷെട്ടി. സ്റ്റേജില്‍ വെച്ച് പരസ്യമായുള്ള താരത്തിന്‍റെ പ്രതികരണം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ ലോകം. താരത്തിന്‍റെ മോശം പെരുമാറ്റത്തിന്‍റെ വിഡിയോ ഇതിനോടകം വൈറലാണ്.

ഭോപ്പാലിലെ ഒരു പരിപാടിക്കിടെ തന്നെ മോശമായി അനുകരിച്ചെന്ന പേരില്‍ കലാകാരനെ വേദിയിൽ വെച്ച് സുനിൽ ഷെട്ടി ശകാരിക്കുന്നതാണ് വിഡിയോ. വിഡിയോയില്‍ താരം വളരെ പ്രകോപിതനായാണ് പെരുമാറുന്നത്.  സ്റ്റേജിലെത്തിയ സുനില്‍ ഷെട്ടി മൈക്ക് വാങ്ങി മിമിക്രി കലാകാരനോട് സംസാരിക്കുകയായിരുന്നു.

തന്‍റെ ശബ്ദവുമായി യാതൊരു സാമ്യവും ഇല്ലെന്നും ഇത്ര വിലകുറഞ്ഞ മിമിക്രി താന്‍ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നുമായിരുന്നു താരത്തിന്‍റെ പ്രതികരണം. ‘സുനിൽ ഷെട്ടി സംസാരിക്കുമ്പോൾ ഒരാണിനെപ്പോലെയാണ് സംസാരിക്കുക. ഇയാള്‍ ഒരു കുട്ടിയെപ്പോലെയാണ് സംസാരിക്കുന്നത്. മോനേ, അനുകരിക്കുന്നെങ്കില്‍ ശരിയായി ചെയ്യണം. വെറുതെ ബാഡ് ഇംപ്രഷന്‍ ഉണ്ടാക്കാന്‍ നില്‍ക്കരുത് ’ എന്നായിരുന്നു താരത്തിന്‍റെ രോഷത്തോടെയുള്ള വാക്കുകള്‍.

സുനില്‍ ഷെട്ടിയുടെ വാക്കുകള്‍ കേട്ട കലാകാരന്‍ അദ്ദേഹത്തോട് മാപ്പ് പറയുന്നതും വിഡിയോയില്‍ കാണാം. ‘ക്ഷമിക്കണം സർ, ഞാൻ നിങ്ങളെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ല’ എന്നായിരുന്നു യുവാവിന്‍റെ വാക്കുകള്‍. ഇതിനോടും പരിഹസിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ‘ശ്രമിക്കരുത്, കുഞ്ഞേ. സുനിൽ ഷെട്ടി ആകുന്നതിന് മുമ്പ് നിങ്ങൾക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.  മുടി പിന്നിലേക്ക് കെട്ടിയത് കൊണ്ട് മാത്രം അതാകില്ല. സുനിൽ ഷെട്ടിയുടെ ആക്ഷൻ ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടില്ലെന്ന് തോന്നുന്നു.’ എന്നും താരം പ്രതികരിച്ചു. 

സുനില്‍ ഷെട്ടിയുടെ പെരുമാറ്റത്തോട് സമൂഹമാധ്യമത്തില്‍ വലിയതോതില്‍ വിമര്‍ശനങ്ങളാണ് വരുന്നത്. ‘പ്രശസ്തി ലഭിക്കാൻ വർഷങ്ങളെടുക്കും, പക്ഷേ അത് അപ്രത്യക്ഷമാകാൻ കുറച്ച് നിമിഷങ്ങൾ മാത്രം’ എന്നായിരുന്നു  ഒരാള്‍ കുറിച്ചത്. ‘സുനിൽ നിങ്ങൾ വിനയാന്വിതനാണെന്ന് ഞാൻ കരുതി, പക്ഷേ...’ എന്നും ‘സുനില്‍ ഷെട്ടി എത്രത്തോളം അരക്ഷിതനാണെന്നാണ് ഇത് കാണിക്കുന്നത്’ എന്നും  പ്രതികരണങ്ങളുണ്ടായി.