ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലിയുടേയും എംഎസ് ധോണിയുടേയും മനോഹരമായൊരു വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. എസ്‌യുവി ഡ്രൈവിങ് സീറ്റില്‍ ധോണിയും പാസഞ്ചര്‍ സീറ്റില്‍ കോലിയും. റാഞ്ചിയിലെ വീട്ടില്‍ നിന്നും അത്താഴം കഴിച്ച ശേഷം കോലിയെ ഹോട്ടലില്‍ ഡ്രോപ് ചെയ്യാനെത്തിയതാണ് ധോണി. ഇന്നലെ രാത്രിയാണ് സംഭവം.
പുറത്തുനിന്നവരാരോ റെക്കോര്‍ഡ് ചെയ്ത വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ എക്സിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. കോലിക്കും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനുമാണ് റാഞ്ചിയിലെ ഫാംഹൗസില്‍വച്ച് ധോണി ഡിന്നര്‍ നല്‍കിയത്. ഈ കാര്‍ യാത്ര അസുലഭ നിമിഷമെന്നാണ് എക്സ് ഉപയോക്താക്കള്‍ കുറിക്കുന്നത്. ഒരു പതിറ്റാണ്ടുകാലം നീണ്ടുനിന്ന സൗഹൃദത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു ഇത്. വലിയ എസ്കോട്ട് വാഹനങ്ങളോ സുരക്ഷാ അംഗങ്ങളോ ഒന്നും താരങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നില്ല.
റീയൂണിയന്‍ ഓഫ് ദി ഇയര്‍ എന്ന അടിക്കുറിപ്പോടു കൂടിയാണ് ഈ വിഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടത്. നവംബര്‍ 30ന് നടക്കാനിരിക്കുന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന മത്സരത്തിനു മുന്നോടിയായി ബുധനാഴ്ച്ചയാണ് കോലി ലണ്ടനില്‍ നിന്നും ഇന്ത്യയിലെത്തിയത്. മകന്റെ ജനനത്തോടനുബന്ധിച്ച് ടീമില്‍ നിന്നും വിട്ടുനിന്നതിനാല്‍, റാഞ്ചിയില്‍വച്ചു നടന്ന 2024ലെ ഇംഗ്ലണ്ട് ടെസ്റ്റില്‍ കോലി എത്തിയിരുന്നില്ല. കോലി ഇന്ത്യക്കായി അവസാനം കളിച്ചത് കഴിഞ്ഞ ഒക്ടോബര്‍ 25ന് സിഡ്നിയില്‍വച്ചു നടന്ന ഒസ്ട്രേലിയയ്ക്കെതിരായ മത്സരത്തിലാണ്.