‘പണി’ സിനിമയിലെ നായിക അഭിനയ വിവാഹിതയായി. ദീര്‍ഘകാലസുഹൃത്തായ കാര്‍ത്തിക്കാണ് വരന്‍. ഹൈദരാബാദില്‍ പരമ്പരാഗത തെലുഗു രീതിയില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെയും അനുബന്ധ ചടങ്ങുകളുടെയും ദൃശ്യങ്ങള്‍ അഭിനയ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്.
15 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹമെന്ന് അഭിനയ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വരന്‍ വെഗേസ്ന കാര്‍ത്തിക് ഹൈദരാബാദ് സ്വദേശിയാണ്. ജൂബിലി ഹില്‍സിലെ ജെ.ആര്‍.സി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹച്ചടങ്ങളില്‍ സിനിമാരംഗത്തെ സഹപ്രവര്‍ത്തര്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല. 20ന് സിനിമാമേഖലയിലുള്ളവര്‍ക്ക് വിരുന്നൊരുക്കും.
ജോജു ജോര്‍ജ് സംവിധാനം ചെയ്ത മലയാളം ഹിറ്റ് ചിത്രം ‘പണി’യാണ് അഭിനയയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മൂക്കുത്തി അമ്മന്‍ 2 ആണ് അടുത്ത ചിത്രം. സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത അഭിനേത്രി എന്ന വിശേഷണം ആവശ്യമേയില്ലാത്ത വിധം പ്രതിഭ കൊണ്ട് മികവ് തെളിയിച്ച അഭിനയ അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. നാടോടികള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെട്ടത്.