indian-film-industries

പ്രതീക്ഷയുടെ അമിതഭാരമേറിയെത്തി പരാജയത്തിന്‍റെ പടുകുഴിയിലേക്ക് പതിച്ച വമ്പന്‍മാര്‍, അമ്പരപ്പിക്കുന്ന വിജയം നേടിയ ചിത്രങ്ങള്‍, തിയേറ്ററില്‍ പരാജയമായിട്ടും ഓടിടിയില്‍ അതിരുകള്‍ കടന്ന് സ്നേഹിക്കപ്പെട്ട ചിത്രങ്ങള്‍, അങ്ങനെ സംഭവബഹുലമാണ് 2024ലെ ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രി. അത് വര്‍ഷാവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഗംഭീരമെന്നും മഹാമോശമെന്നും പേരുകേട്ട നിരവധി സിനിമകള്‍ പല ഇന്‍ഡസ്ട്രികളിലുണ്ടായി. 2024ല്‍ പ്രധാനപ്പെട്ട ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രികളെ ഇനി ഒന്നു വിലയിരുത്താം. 

ബോളിവുഡ് 

കോവിഡിന് ശേഷമുണ്ടായ തകര്‍ച്ചയുടെ തുടര്‍ച്ചയെന്നോണമാണ് 2024ലും ബോളിവുഡ് കടന്നുപോയത്. കാലം മാറിയതും പ്രേക്ഷകര്‍ മാറിയതും അറിയാത്ത ഒരു പറ്റം സംവിധായകരും താരങ്ങളുമാണ് ബോളിവുഡിന്‍റെ തിരിച്ചുവരവിന് തടസമായി നില്‍ക്കുന്നത്.

ബഡേ മിയാന്‍ ചോട്ടേ മിയാന്‍, സിങ്കം എഗെയിന്‍, സര്‍ഫീര, ഖേല്‍ ഖേല്‍ മെയ്ന്‍, യുദ്ര എന്നിങ്ങനെ വിമര്‍ശനശരമേറ്റ നിരവധി ചിത്രങ്ങള്‍. കഥയില്ലാത്ത സിങ്കം എഗെയിനില്‍ സ്റ്റാര്‍ കാസ്റ്റിന് മാത്രം ഒരു കുറവുമില്ലായിരുന്നു. അജയ് ദേവ്​ഗണ്‍, കരീന കപൂര്‍, ടൈഗര്‍ ഷ്റോഫ്, രണ്‍ധീര്‍ കപൂര്‍, ദീപിക പദുക്കോണ്‍, അക്ഷയ് കുമാര്‍, അര്‍ജുന്‍ കപൂര്‍ എന്നിങ്ങനെ താരങ്ങളാല്‍ സമ്പന്നമായ സിങ്കം എഗെയിന്‍ കഥയിലെ ദാരിദ്ര്യം മറികടന്നത് രാമായണം തിരുകികയറ്റിയാണ്, ഇത് രാമായണമാണേ എന്ന് വിളിച്ചു പറയുന്നതുപോലെ ബാലേ സെറ്റപ്പില്‍ ഓരോ രംഗത്തിനുമിടക്ക് പുരാണ രംഗങ്ങള്‍ കാണിക്കുന്നത് അരോചകമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. കളക്ഷനില്‍ ചിത്രം കഷ്​ടിച്ച് രക്ഷപ്പെട്ടു. 

പതിവുപോലെ അക്ഷയ് കുമാറിന്‍റെ കരിയറിലെ മറ്റൊരു പരാജയ വര്‍ഷമായി 2024. അഭിനയിച്ച അഞ്ച് ചിത്രങ്ങളില്‍ നായകനായ മൂന്നെണ്ണവും ഫ്ളോപ്പ്. ആശ്വാസമായത് മള്‍ട്ടി സ്റ്റാര്‍ ചിത്രമായ സിംഗം എഗെയിനും കാമിയോ റോളിലെത്തിയ സ്ത്രീ 2വും. റീമേക്കുകളില്‍ തുടര്‍പരാജയങ്ങള്‍ നേരിട്ടിട്ടും സൂര്യ ചിത്രം സൂരറൈ പോട്ര് റീമേക്ക് ചെയ്​ത് അക്ഷയ് കുമാര്‍ വീണ്ടും പരാജയം രുചിച്ചു. 

Veer-Savarkar

കേന്ദ്രസര്‍ക്കാരിനെ പ്രീതിപ്പെടുത്തുന്ന സിനിമകള്‍ക്ക് ഈ കൊല്ലം ഒരു കുറവുമില്ലായിരുന്നു. ഈ വിഭാഗത്തില്‍ റിലീസ് ചെയ്​ത ആക്സിഡന്‍റ് ഓര്‍ കോണ്‍സ്പിറസി ഗോധ്ര, ദി സബര്‍മതി റിപ്പോര്‍ട്ട്, സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ എന്നീ മൂന്ന് ചിത്രങ്ങളും തിയേറ്ററില്‍ തകര്‍ന്നടിഞ്ഞു. 

ഇതിനിടക്ക് സ്ത്രീ 2 നടത്തിയ പടയോട്ടം ബോളിവുഡിന് പകര്‍ന്നത് വലിയ ഊര്‍ജമാണ്. റെക്കോര്‍ഡുകള്‍ കടപുഴക്കിയ സ്​ത്രീ 2വിനെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഓടുന്ന ട്രെയിനില്‍ ഒരു പട്ടാളക്കാരന്‍ നടത്തിയ വയലന്‍സിന്‍റെ അഴിഞ്ഞാട്ടമായ കില്‍ രാജ്യമെങ്ങും തരംഗമായി. ഭൂല്‍ ഭുലയ്യ, ഫൈറ്റര്‍, ശൈത്താന്‍, ക്രൂ, ചന്തു ചാംപ്യന്‍ എന്നീ ചിത്രങ്ങളും വിജയങ്ങളായി. 

ഇതിനിടക്ക് സമാന്തര സിനിമകള്‍ നേടിയ പ്രേക്ഷകപിന്തുണയില്‍ നിന്നും ബോളിവുഡിന് പലതും പഠിക്കാനുണ്ട്. ലാപതാ ലോഡീസ്, മൈതാന്‍, അമര്‍സിങ് ചംകീല, ഭക്ഷക് എന്നീ ചിത്രങ്ങള്‍ ഒടിടിയില്‍ വലിയ ചര്‍ച്ചയായി. മണ്ണിനോടും മനുഷ്യനോടും ചേര്‍ന്നുനില്‍ക്കുന്ന, പ്രേക്ഷകരുടെ പള്‍സറിയുന്ന കഥകളിലേക്ക് ബോളിവുഡ് തിരികെയെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

ടോളിവുഡ്

ബോളിവുഡ് പുരാണങ്ങളെ വികലവും വികൃതവുമായി ആവിഷ്​കരിച്ചപ്പോള്‍ അതിന്‍റെ ഏറ്റവും നല്ല സംയോജനം കണ്ടത് തെലുങ്ക് ഇന്‍ഡസ്ട്രിയിലാണ്. ഇന്ത്യന്‍ മിതോളജിയെ പോസ്റ്റ് അപ്പോകാലിപിറ്റിക് ലോകത്തേക്ക് സംയോജിപ്പിച്ച് നാഗ് അശ്വിന്‍ ഒരുക്കിയ ഒരുക്കിയ സയന്‍സ് ഫിക്ഷന്‍, കല്‍ക്കി 2898 എഡി, ഇന്ത്യന്‍ സിനിമക്ക് സമ്മാനിച്ചത് നവ്യാനുഭവമായിരുന്നു. ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ട മഹാഭാരത യുദ്ധമാണ് കല്‍ക്കിയില്‍ ഏറ്റവും ജനപ്രിയമായത്. ബാഹുബലിക്ക് ശേഷം തുടര്‍പരാജയങ്ങള്‍ നേരിട്ട പ്രഭാസിന്‍റെ തിരിച്ചുവരവിനെ അടിവരയിട്ട് ഉറപ്പിച്ച വര്‍ഷം കൂടിയാണ് 2024. കഴിഞ്ഞ വര്‍ഷം സലാറിലൂടെ തന്‍റെ കാലം കഴിഞ്ഞില്ല എന്ന് തെളിയിച്ച പ്രഭാസ് കല്‍ക്കിയിലൂടെ പഴയ ബോക്സ് ഓഫീസ് സിംഹാസനം വലിച്ചിട്ടിരുന്നു. ഹൈപ്പിനനുസരിച്ച് പല ചിത്രങ്ങളും പ്രതീക്ഷയിലേക്ക് ഉയരാതെ വന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് സമ്പൂര്‍ണ സംതൃപ്​തി നല്‍കിയ ചിത്രം കൂടിയായി കല്‍ക്കി. വിവിധ ഇന്‍ഡസ്ട്രികളിലെ ഇതിഹാസ താരങ്ങളെ ഒന്നിച്ച് അണിനിരത്തി മികച്ച ക്രാഫ്റ്റില്‍ ഒരുക്കിയ നാഗ് അശ്വിന്‍റെ സംവിധാന മികവ് തന്നെയാണ് കല്‍ക്കിയുടെ വിജയത്തിന് പിന്നില്‍. 

kalki-4

ഹനുമാന്‍റെ സൂപ്പര്‍ പവറുകള്‍ ലഭിച്ച യുവാവിന്റെ കഥ പറഞ്ഞ ഹനുമാനും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി. ജൂനിയര്‍ എന്‍ടിആറിന്‍റെ ദേവര പാര്‍ട്ട് വണ്ണും ബോക്​സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്തു. നാനി–എസ്.ജെ.സൂര്യ കോമ്പോയുടെ സരിപോത സനിവാരവും തിയേറ്ററില്‍ വന്‍വിജയമായി. ഒടിടി റിലീസിന് ശേഷം മറ്റ് ഭാഷകളിലും സരിപോത സനിവാരം വലിയ ചര്‍ച്ചയായിരുന്നു. 

പല മുന്‍നിര താരങ്ങളും തിയേറ്ററില്‍ ഉഴറുമ്പോള്‍ ഒരു മലയാളി നടന്‍ തെലുങ്കില്‍ പോയി 100 കോടി അടിച്ച വര്‍ഷം കൂടിയായി 2024. വെങ്കി അറ്റ്​ലൂരിയുടെ സംവിധാനത്തില്‍ നായകനായ ലക്കി ഭാസ്​കര്‍ മറുനാട്ടില്‍ ദുല്‍ഖറിന്‍റെ ഭാഗ്യം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ചു. സാധാരണ ബാങ്ക് ജീവനക്കാരനില്‍ നിന്നും ബില്യണിയറിലേക്കുള്ള ഭാസ്​കറിന്‍റെ യാത്ര തെലുങ്ക് മാത്രമല്ല മറ്റ് ഇന്‍ഡസ്​ട്രികളും ആഘോഷമാക്കി. കേരളത്തിന് പുറമേ തമിഴ്​നാട്ടിലും ലക്കി ഭാസ്​കര്‍ തരംഗമായി. വിജയത്തിനായി ആന്‍റിഗ്രാവിറ്റി ഫൈറ്റും ഐറ്റം ഡാന്‍സും അമാനുഷികതയുമെല്ലാം അനിവാര്യ ഘടകങ്ങളായി കണക്കാക്കിയിരുന്ന തെലുങ്ക് സിനിമകളില്‍ അത്തരം കണ്‍കെട്ടുകളൊന്നുമില്ലാതെയാണ് കണ്ടന്‍റിലും കഥയിലും മാത്രം ശ്രദ്ധയൂന്നി ലക്കി ഭാസ്​കര്‍ വിജയം അനായാസം കൈപ്പിടിയിലാക്കിയത്.

lucky-baskar-collection

അല്ലു അര്‍ജുന്‍റെ പുഷ്​പ 2 ദി റൂളും തിയേറ്ററുകളില്‍ വൈല്‍ഡ് ഫയറായി. നോര്‍ത്ത് ബെല്‍റ്റിലാണ് പുഷ്​പയുടെ ആധിപത്യം കൂടുതല്‍ പ്രതിഫലിക്കുന്നത്. മറ്റ് ഇന്‍ഡസ്ട്രികള്‍ പുഷ്പയുടെ റൂളിനെ ഏറ്റെടുത്തപ്പോഴും മിക്സഡ് റിവ്യൂ വന്നത് കേരളത്തില്‍ നിന്ന് മാത്രം. ചേട്ടന്മാര്‍ക്ക് ഒഴികെ ചിത്രം എല്ലാവര്‍ക്കും ഇഷ്​ടമായി എന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോളുകളും ഉയര്‍ന്നു. മലയാളി ആരാധകര്‍ക്കായി പ്രത്യേകം മലയാളം പാട്ട് വരെ സിനിമയിലേക്ക് ചേര്‍ത്ത അല്ലു അര്‍ജുനോട് മലയാളികള്‍ ഇങ്ങനെ ചെയ്​തല്ലോ എന്ന് പരിതപിക്കുന്നവരുമുണ്ട്. എന്നാല്‍ മറ്റേത് ഇന്‍ഡസ്ട്രികള്‍ അംഗീകരിക്കുന്നതിന് മുന്നേ അല്ലു അര്‍ജുന്‍ കേരളത്തില്‍ താരമായിട്ടുണ്ടെന്നും എന്നുവച്ച് അദ്ദേഹത്തിന്‍റെ മോശം സിനിമകള്‍ പിന്തുണക്കില്ലെന്നുമാണ് മലയാളികളുടെ മറുപടി. എന്തായാലും ബോക്സ് ഓഫീസില്‍ പുഷ്​പയുടെ കുതിപ്പ് തുടരുകയാണ്. മഹേഷ് ബാബുവിന്‍റെ ഗുണ്ടൂര്‍ കാരവും തിയേറ്ററില്‍ വിജയമായി. 

ഇങ്ങനെ അഭിമാനിക്കാവുന്ന വിജയങ്ങളുണ്ടെങ്കിലും ചില ചിത്രങ്ങള്‍ ഇന്‍ഡസ്ട്രിക്ക് തന്നെ പേരുദോഷവുമുണ്ടാക്കി. രവി തേജയുടെ മിസ്റ്റര്‍ ബച്ചന്‍ തിയേറ്ററിലെ പരാജയത്തിന് പുറമേ നിശിത വിമര്‍ശനത്തിന് ഇരയായി. അജയ് ദേവ്ഗണിന്‍റെ ഹിറ്റ് ചിത്രം റെയ്​ഡിന്‍റെ റീമേക്കായിരുന്നു മിസ്റ്റര്‍ ബച്ചന്‍. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്‍റെ റീമേക്ക് ചിത്രത്തില്‍ റൊമാന്‍സിന്‍റെ ക്രിഞ്ച് ഫെസറ്റെന്ന് ട്രോളുകള്‍ ഉയര്‍ന്നു. രവി തേജയുടെ പകുതി പ്രായമുള്ള നായികക്കൊപ്പമുള്ള റൊമാന്‍സ് രംഗങ്ങളും ഗാനരംഗങ്ങളും പ്രേക്ഷകര്‍ക്ക് അരോചകമായി. ഫലമോ, ചിത്രം വന്‍പരാജയമായി. 

വിജയ് ദേവരകൊണ്ടയുടെ ഫാമിലി സ്റ്റാണ് തിയേറ്ററില്‍ തകര്‍ന്നടിഞ്ഞ മറ്റൊരു ചിത്രം. കുടുംബത്തിനുവേണ്ടി ജീവിക്കുന്ന മാതൃക പുരുഷന്‍, സ്വദേശി വിദേശി എന്ന് വേര്‍തിരിവില്ലാതെ ഏത് പെണ്ണും മോഹിക്കുന്ന സ്വഭാവം എന്നിങ്ങനെയൊക്കെയായിരുന്നു ഫാമിലി സ്റ്റാറിലെ നായകന്‍റെ സ്വഭാവഗുണഗണങ്ങള്‍. കുടുംബത്തിലെ പെണ്ണുങ്ങളെ റേപ്പ് ചെയ്യുമെന്ന് വില്ലനെ ഭീഷണിപ്പെടുത്തുന്ന നായകന്‍റെ മാസും ഫാമിലി സ്റ്റാറില്‍ കണ്ടു. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം യാത്രയുടെ രണ്ടാം ഭാഗം വലിയ പ്രതീക്ഷകളോടെ എത്തിയെങ്കിലും പരാജയപ്പെട്ടു. ഡബിള്‍ ഇസ്​മാര്ട്ട് ബോക്സ് ഓഫിസ് ദുരന്തമായി. 

കോളിവുഡ്

ഇന്ത്യന്‍ സിനിമയിലെ തന്നെ കംപ്ലീറ്റ് പാക്കേജായ കോളിവുഡിന് 2024 അത്ര അഭിമാനിക്കാവുന്ന വര്‍ഷമല്ല. വമ്പന്‍മാരെല്ലാം വീണടിഞ്ഞു.  കിതച്ചു തുടങ്ങിയ 2024ന്‍റെ ആദ്യപകുതിയില്‍ പറയത്തക്ക വിജയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്​നാട്ടില്‍ തരംഗം തീര്‍ക്കുമ്പോള്‍ പഴയ ഹിറ്റ് ചിത്രങ്ങള്‍ റീ റിലീസ് ചെയ്​തായിരുന്നു തിയേറ്റര്‍ ഉടമകള്‍ പിടിച്ചു നിന്നത്. സൂര്യയുടെ വമ്പന്‍ തിരിച്ചുവരവാകും എന്ന് വിചാരിച്ച കങ്കുവ, രജിനികാന്തിന്‍റെ ലാല്‍ സലാം, വേട്ടയന്‍ എന്നിവയെല്ലാം ബോക്സ് ഓഫിസില്‍ മൂക്കും കുത്തി വീണു. തിയേറ്ററില്‍ പണം വാരിയെങ്കിലും വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം വലിയ വിമര്‍ശനം നേരിട്ടു. കരിയര്‍ അവസാനിപ്പിച്ച് രാഷ്​ട്രീയത്തിലേക്ക് ചുവടുമാറ്റാന്‍ ഒരുങ്ങുന്ന വിജയ് അവസാനം ചെയ്യുന്ന സിനിമകള്‍ ഓര്‍മിക്കത്തക്കവണ്ണമാകണം എന്നാണ് ആരാധകരുടെ അപേക്ഷ. കമല്‍ ഹാസന്‍–ശങ്കര്‍ എന്ന ഐക്കോണിക് കോമ്പോ അവരുടെ തന്നെ ഒരു ഐക്കോണിക് ചിത്രമായ ഇന്ത്യന് രണ്ടാം ഭാഗമിറക്കിയപ്പോള്‍ അത് ഇക്കൊല്ലം തമിഴകം കണ്ട ഏറ്റവും വലിയ ദുരന്തമായി മാറി. മികച്ച അഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും തങ്കലാനും തിയേറ്ററില്‍ പരാജയപ്പെട്ടു. 

suriya-kanguva-alaral

മഹാരാജ, അമരന്‍ എന്നിവയാണ് തമിഴിന് അഭിമാനിക്കാനുള്ള വക നല്‍കിയത്. മഹാരാജ കണ്ടന്‍റിലും പ്ലോട്ട് ട്വിസ്റ്റിലും വാഴ്​ത്തപ്പെട്ടു, ഒപ്പം വിജയ് സേതുപതിയുടെ ഗംഭീര പ്രകടനവും. അമരന്‍ ശിവകാര്‍ത്തികേയന്‍റെ കരിയര്‍ ബെസ്റ്റ് ചിത്രമായി. ക്യാപ്റ്റന്‍ മില്ലര്‍, ഗരുഡന്‍, അരണ്‍മനൈ 4, റായന്‍, വാഴൈ എന്നിവയും മികച്ച വിജയങ്ങള്‍ നേടി. നല്ലൊരു വിഭാഗം കൊമേഴ്സ്യല്‍ ചിത്രങ്ങളും പ്രേക്ഷകരെ തൃപ്​തിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ കുറച്ചധികം ആര്‍ട്ട് സിനിമകള്‍ തമിഴകം കടന്നും സിനിമാപ്രേമികളിലേക്ക് എത്തി. ലബ്ബര്‍ പന്തും മെയ്യഴകനും ഒടിടിയിലെത്തിയപ്പോള്‍ അതിരുകള്‍ ഭേദിച്ചു പ്രേക്ഷകമനസ് നിറച്ചു. ലവ്വര്‍, കൊട്ടുകാളി, ബ്ലൂ സ്റ്റാര്‍ എന്നീ ചിത്രങ്ങളും ചര്‍ച്ചയായി. ഒടുവില്‍ എത്തിയ വിടുതലൈ പാര്‍ട് 2 മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുന്നു. 

സാന്‍ഡല്‍വുഡ്

മുന്‍വര്‍ഷങ്ങളില്‍ കെജിഎഫ്, കാന്താര, സപ്തസാഗര ദാച്ചേ എല്ലോ എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യയില്‍ തന്നെ തരംഗമായ കന്നഡ ഇന്‍ഡസ്ട്രിക്ക് എടുത്ത് പറയാന്‍ പറ്റിയ വിജയങ്ങളൊന്നും ഈ വര്‍ഷം ഉണ്ടായില്ല, എന്നാലെന്താ ഒറ്റ മാര്‍ട്ടിനിലൂടെ നല്ല പേരുദോഷം കേള്‍പ്പിച്ചല്ലോ. കെജിഎഫ് പോലെ ഒരു നല്ല പ്രൊഡക്റ്റ് കന്നഡയിലുണ്ടായെങ്കിലും പിന്നാലെ വന്ന വികലമായ അനുകരണങ്ങള്‍ പ്രേക്ഷകര്‍ക്കാണ് സൈഡ് എഫക്ടായത്. കബ്​സക്ക് ശേഷം വീണ്ടും വന്ന കെജിഎഫ് ബാധ കേറിയ മാര്‍ട്ടിന്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ച ചിത്രമാണ്. അര്‍ജുന്‍ സര്‍ജ കഥയെഴുതിയ ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ മരുമകനും നടനുമായ ധ്രുവ് സര്‍ജയാണ് അഭിനയിച്ചത്. എന്‍ഡ് ക്രെഡിറ്റില്‍ രണ്ടാം ഭാഗം പ്രഖ്യാപിക്കുന്ന ചടങ്ങ് മാര്‍ട്ടിനും ആവര്‍ത്തിച്ചിട്ടുണ്ട്. 

മോളിവുഡ്

ജയങ്ങളും പരാജയങ്ങളും ബോക്സ് ഓഫീസ് ദുരന്തങ്ങളുമായി വമ്പന്‍ ഇന്‍ഡസ്ട്രികള്‍ ഒന്നു കുതിച്ചും ഇടക്ക് കിതച്ചും 2024 കഴിച്ചുകൂട്ടിയപ്പോള്‍ ബോക്സ് ഓഫീസിലും പ്രേക്ഷകപിന്തുണയിലും കണ്‍സിസ്റ്റന്‍റായത് ഇങ്ങ് മൂലക്കുള്ള ഒരു കുഞ്ഞ് ഇന്‍ഡസ്ട്രിയാണ്. 2024ലെ ഏറ്റവും സക്സസ്ഫുള്‍ ഇന്‍ഡസ്​ട്രി എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, മോളിവുഡ്. പരിപ്പുവട, പച്ചപ്പ് വിളികളെ നിഷ്​പ്രഭമാക്കുന്നതായിരുന്നു 2024ലെ മലയാളം സിനിമയുടെ പ്രകടനം. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ എന്നിങ്ങനെ കത്തിക്കയറിയ 2024 റൈഫിള്‍ ക്ലബ്ബിലും മാര്‍ക്കോയിലുമേറി കൊട്ടിക്കലാശത്തിലെത്തിച്ചിരിക്കുകയാണ് മോളിവുഡ്. ആനിമലിനും കില്ലിനും ഒപ്പമോ അതിനുമേലെയോ ആണ് മാര്‍ക്കോയെ പ്രേക്ഷകര്‍ പ്രതിഷ്​ഠിക്കുന്നത്. അങ്ങനെ 2024 അവസാനിച്ചിരിക്കുകയാണ്. ഇനി കാത്തിരിക്കാം 2025ല്‍ ആരൊക്കെ വാഴും ആരൊക്കെ വീഴും എന്നറിയാന്‍. 

ENGLISH SUMMARY:

let's evaluate the performance of Indian film industries in 2024