'മഞ്ഞുമ്മല്‍ ബോയ്സ്' സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന നിർമ്മാതാക്കളുടെ അപ്പീല്‍ സുപ്രീം കോടതി തള്ളി. നിര്‍മാതാവ് ബാബു ഷാഹിർ നൽകിയ അപ്പീലാണ് തള്ളിയത്. കേസിൽ അന്വേഷണം നടക്കട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞു. നടൻ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ആലപ്പുഴ സ്വദേശി സിറാജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മരട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. സിനിമയുടെ ലാഭവിഹിതത്തില്‍ 40 ശതമാനം നല്‍കാമെന്ന് വാഗ്ദാനംചെയ്ത് തന്റെ പക്കല്‍നിന്ന് ഏഴു കോടി രൂപ വാങ്ങിയെന്ന് സിറാജിന്റെ പരാതി. സിനിമ ലാഭത്തിലായിട്ടും തനിക്ക് പണം നൽകിയില്ലെന്നും പരാതിയില്‍ പറയുന്നു. ഗൂഢാലോചന, വിശ്വാസ വഞ്ചന, ചതി, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കേസ് റദ്ദാക്കണമെന്ന ഹർജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു.
സിനിമയുടെ നിർമാതാക്കളായ നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രതികൾക്ക് ഹൈക്കോടതി മൂൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. സിനിമയുടെ മറ്റൊരു നിക്ഷേപകനായ കാക്കനാട് സ്വദേശി സുജിത്തിന്റെ ലാപ്ടോപിലെ കണക്കുകൾ പൊലീസ് നേരത്തെ പരിശോധിച്ചിരുന്നു. സൗബിന്റെ നിർമാണ കമ്പനിയായ 'പറവ'യുടെ കണക്കുകളും പരിശോധിച്ചു.
എല്ലാ കണക്കുകളും രേഖകളും പൊലീസിന് നൽകിയിട്ടുണ്ടെന്ന് സൗബിൻ പറഞ്ഞു. പരാതിക്കാരൻ പറയുന്ന കണക്കുകൾ തെറ്റാണ്. മുടക്കു മുതൽ പരാതിക്കാരന് തിരിച്ചു നൽകിയിട്ടുണ്ട്. കേസ് നടക്കട്ടെയെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും സൗബിൻ മുന്‍പ് പ്രതികരിച്ചിരുന്നു.