പൗരന്‍മാരെ ഫില്‍ട്ടര്‍ ചെയ്തെടുത്ത് മോദി-അമിത് ഷാ ടീമിന്‍റെ പുതിയ ഐറ്റം

വിധി വന്ന ഒരു കേസിലെ പുനപരിശോധന ഹര്‍ജികള്‍ ഒട്ടും കാലതാമസം കൂടാതെ വളരെ പെട്ടന്ന് തന്നെ ഫയലില്‍ സ്വീകരിക്കാനും അതിലും എളുപ്പത്തില്‍ തള്ളിക്കളയാനും സാധിക്കുമെന്ന്  ഈ നാട്ടിലെ ജനങ്ങള്‍ക്ക് മനസിലായ ഒരു ദിവസമാണിന്ന്. അപ്പോ കാര്യങ്ങള്‍ അങ്ങനെയുമാവാം. സ്വാഗതം തിരുവാ എതിര്‍വായിലേക്ക്.

ഇന്ത്യാ മഹാരാജ്യത്തിലെ പൗരന്‍മാരെ ഫില്‍ട്ടര്‍ ചെയ്തെടുത്ത് ഈ നാടിനെ മികച്ച ഒരു നാടാക്കി മാറ്റാനുള്ള മോദി അമിത് ഷാ ടീമിന്‍റെ പുതിയ ഐറ്റം ഇന്നലെ രാജ്യസഭയും പാസാക്കി. പൗരത്വബില്ലെന്ന് പറയും. സംഗതി രാജ്യത്തെ ഒരു മതേതരരാജ്യത്തില്‍ നിന്നും ഹിന്ദുരാഷ്ട്രമാക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ നിര്‍ണായക നീക്കമായി വിലരുത്തുന്നുണ്ടെങ്കിലും മോദിയും ഷായും അത് സമ്മതിച്ചു തരില്ല. എല്ലാം ഈ നാടിന്‍റെ നന്‍മയ്ക്ക് വേണ്ടിയാണ്. ഏത് നാടിന്‍റെ നന്‍മ എന്നുചോദിച്ചാല്‍  മോദിജിയും ഷാജിയും ബിജെപിയും ആര്‍എസ്എസും ഉള്‍പ്പെടുന്ന നാടിന്‍റെ എന്ന് ഉത്തരം.

ഇനി ഒഴിപ്പിക്കല്‍ നടപടിയിലേക്ക് കടക്കണം. അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും വന്ന ന്യൂനപക്ഷങ്ങള്‍ക്കാണ് ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹത. അവിടെയൊക്കെ ഭൂരിപക്ഷക്കാര്‍ മുസ്ലിംങ്ങളായതുകൊണ്ട് അവരാരും ഈ നാട്ടിലേക്ക് വരേണ്ടെന്നും പറയുന്നു. സ്വതന്ത്രഇന്ത്യയില്‍ മതേതര ഇന്ത്യയില്‍ മതം നോക്കി പൗരത്വം കൊടുക്കുന്ന പുതിയ ആചാരം വരുന്നതോടെ മതേതര ഇന്ത്യ എന്നുള്ള പേരുതന്നെ മാറ്റേണ്ടി വരില്ലേ എന്നാണ് ന്യായമായ ചോദ്യം. അത് യോഗി ആദിത്യനാഥിനോട് ചോദിക്കണം. പുതിയ പേരിടാന്‍ അദ്ദേഹം ബഹുമിടുക്കനാണ്.

നമ്മുടെ അയല്‍രാജ്യങ്ങളിലെ ഭൂരിപക്ഷ മതങ്ങളുടെ കൊടിയ പീഡനങ്ങള്‍ ഏറ്റവാങ്ങുന്ന അതത് രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഇന്ത്യയ്ക്ക് സ്വീകരിക്കാം എന്നാണ് ഈ ബില്ലിലെ ക്ലോസ്. അതില്‍ തിരഞ്ഞെടുക്കപ്പെട്ട അയല്‍രാജ്യങ്ങളെല്ലാം മുസ്ലിം ഭൂരിപക്ഷപ്രദേശമായിപ്പോയി. ബുദ്ധ ഭൂരിപക്ഷമുള്ള മ്യാന്‍മാറും ശ്രീലങ്കയും അയല്‍രാജ്യമായിട്ടും ലിസ്റ്റില്‍ നിന്ന് പുറംതള്ളപ്പെട്ടതാണ് ഇതിന്‍റെ ട്രിക്ക്. റോഹിങ്ക്യന്‍ ജനതയും ലങ്കന്‍ തമിഴരും ഇവിടങ്ങളിലെ ന്യൂനപക്ഷമായിട്ടും അമിത് ഷായും ക്കും മോദിക്കും മൊന്നും ഇന്ത്യന്‍ പൗരത്വം കൊടുക്കാന്‍ താല്‍പര്യമില്ല. അപ്പോ മനസിലായില്ലേ, ഭൂരിപക്ഷ ന്യൂനപക്ഷ വിഷയമേയല്ല പ്രശ്നം,

മുസ്ലിം സമുദായത്തിന്‍റെ നവോത്ഥാന നായകനാണ് താനെന്ന് മോദി തന്നെ ഇടക്കിടെ പറയാറുണ്ട്. അറിയില്ലേ, മുത്തലാഖ് ബില്‍. സുപ്രീം കോടതി നിയമം കൊണ്ടുവന്നത് പോരാഞ്ഞിട്ടും മുസ്ലിം സ്്ത്രീകളുടെ ക്ഷേമത്തിന് വേണ്ടി ബില്ല് കൊണ്ടുവന്ന സര്‍ക്കാരാണ് മോദി സര്‍ക്കാര്‍. ഈ സ്നേഹമൊക്കെ വേറെ ആര്‍ക്കാണ് ഉള്ളത്. അതുകൊണ്ടാണ് ഈ നാട്ടിലെ നാട്ടുകാരായ ഇവിടെ ജനിച്ച് മരിച്ച് തലമുറകളായി കഴിയുന്ന മുസ്ലിംങ്ങളെ നോക്കി തന്നെ ഷാജി പറയാണ്, ങ്ങള് പേടിക്കണ്ട. ങ്ങക്കൊരു ആപത്തും വരൂല. മ്മള് കാത്തോളാം. എന്തിന്. അമിത് ഷാ എന്തിന് കാക്കണം. അവര്‍ ഇവിടുത്തെ ആളുകളാണല്ലോ. പക്ഷേ ഇങ്ങനെ പറഞ്ഞാലേ എന്ത് തോന്നുള്ളു, അവരൊക്കെ നമ്മുടെ ഔദാര്യത്തില്‍ ഇവിടെ കഴിയുന്നോരാണെന്ന്. അത്രേ ഉദ്ദേശിച്ചുള്ളു. സോ.. സിംപിള്‍.

കത്തിക്കയറി പ്രസംഗിക്കുമ്പോ ഒരു വേള അമിത് ഷാജിക്ക് തോന്നി താന്‍ ഏതോ ബിജെപി പൊതുസമ്മേളനത്തിലാണ് പ്രസംഗിക്കുന്നത്. അങ്ങനെയായിരുന്നല്ലോ കൈയ്യടിയൊക്കെ. അതോടെ ഷാജി അവരുടെ സ്ഥിരം നമ്പര്‍ അങ്ങ് എടുത്തിട്ടു. എന്ത്, നുണ പറയല്‍. ചരിത്രത്തെ മറന്ന് തോന്നിയത് വിളിച്ചുപറയല്‍. അങ്ങനെയാണ് ഇന്ത്യാ വിഭജനം കോണ്‍ഗ്രസിന്‍റെ തലയില്‍‌ അങ്ങ് നൈസായിട്ട് കെട്ടിവച്ചത്. പതിവുപോലെ ബിജെപിക്കാര്‍ കൈയ്യടിച്ചു. അവര്‍ക്ക് പിന്നെ സത്യം എന്താണെന്ന് അന്വേഷിക്കുന്ന ഭാരിച്ച പരിപാടികളോട് പണ്ടേ താല്‍പര്യമില്ല.

രാജ്യസഭ മൊത്തത്തില്‍ ബിജെപിക്കാരൊക്കെ ആയിരുന്നെങ്കില്‍ സംഗതി കളറായേനെ. ഷാജി പോലും താന്‍ വെറുതെ പറഞ്ഞ നുണ സത്യമായി മാറിയല്ലോ എന്നോര്‍ത്ത് ചിരിച്ചേനെ. പക്ഷേ അപ്പുറത്ത് വേറെയും ആളുണ്ടല്ലോ. ചരിത്രം ഒക്കെ അറിയാവുന്ന ആളുകള്‍. അങ്ങനെ കപില്‍ സിബല്‍ മറുപടി കൊടുത്തു. അംബേദ്കറിനെ ഉദ്ദരിച്ചുകൊണ്ട്. അതായത് ഡിയര്‍ ഷാജി ഇന്ത്യാ വിഭജനം ആവശ്യപ്പെട്ടത് രണ്ടുപേരാണ്, ഒന്ന് സവര്‍ക്കറിന്‍റെ ഹിന്ദുമഹാസഭയും മറ്റൊന്ന് മുഹമ്മദാലി ജിന്നയും മുസ്ലിം ലീഗും. അവനവന്‍റെ ചരിത്രം പോലും വളച്ചൊടിക്കാന്‍ പറ്റുന്ന അപൂര്‍വ ഇനം ജനുസാണ് ഈ സംഘപുത്രന്‍മാര്‍.

കബില്‍ സിപലിന്‍റെ പ്രസംഗവുമായി ഒരു മലയാളി കോണ്‍ഗ്രസുകാരന്‍ കേരളത്തില്‍ അലയുന്നുണ്ട്. എം.എം. ഹസന്‍ എന്നുപറയും. 

യുഡിഎഫിന്‍റെ സമരജാഥകള്‍ക്ക് തുടക്കമായിട്ടുണ്ട്. പതിവുപോലെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ എന്ന പാക്കേജ് തന്നെയാണ്. വിലക്കയറ്റവും ധൂര്‍ത്തുമാണ് പ്രധാനവിഷയങ്ങള്‍. ചെന്നിത്തല ഒരാളെ തപ്പി ഇറങ്ങിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ കെപിസിസി ഓഫിസില്‍ വിളിച്ച് അറിയിക്കേണ്ടതാണ്.

ഇതൊക്കെ കേട്ട് മന്ത്രി തിലോത്തമന്‍ തന്നെ ചെന്നിത്തലയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരിക്കാനാണ് സാധ്യത. അതു പോട്ടെ, മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷ എന്നും രമേശ് ചെന്നിത്തലയെ അലോസരപ്പെടുത്തിയ കാര്യമാണ്. ഈ നാട്ടില്‍ എന്തിനാണ് ഇത്രയും സുരക്ഷ. ഒന്നാമത് ഒരു സിപിഎം മുഖ്യമന്ത്രിയ്ക്ക്. ആകെ തെരുവില്‍ കല്ലെറിയാന്‍ ഇറങ്ങുന്നവര്‍ അടങ്ങിയൊതുങ്ങി കഴിയുന്ന കാലമാണ് എല്‍ഡിഎഫ് ഭരണകാലം. പിന്നെ ആരെയാണ് ഈ മുഖ്യമന്ത്രി പേടിക്കുന്നത്. ചോദ്യത്തില്‍ കാര്യമില്ലാതില്ല.

ഷെയിന്‍ നിഗാം മാപ്പും പറഞ്ഞു. അറിഞ്ഞുകാണുമല്ലോ അല്ലേ. ഇനി എന്തെങ്കിലും പറയാന്‍ ബാക്കിയുണ്ടോ എന്നറിയില്ല. ആദ്യം പ്രതിഷേധിച്ചു. ചര്‍ച്ച ചെയ്തു പരിഹാരം കണ്ടു. പിന്നേം പ്രതിഷേധിച്ചു. വായില്‍ തോന്നിയതൊക്കെ വിളിച്ചുപറയുകയേം ചെയ്തു. ഇപ്പോ സോറിയും ആയി. ഇത്രപെട്ടെന്ന് ഇങ്ങനെയൊക്കെ എങ്ങനെ സാധിക്കുന്നോ ആവോ. ഏതായാലും ഷെയിനിന്‍റെ മാപ്പ് ഫെഫ്കപോലും ഏറ്റെടുത്തിട്ടില്ല പോലും.

മാപ്പൊക്കെ പറഞ്ഞ സ്ഥിതിക്ക് എല്ലാം സബൂറാക്കി സിനിമ മുന്‍പോട്ട് പോട്ടെ എന്നാണ് നമ്മുടെ ഒരിത്. വച്ച് താമസിപ്പിച്ച് ഷെയിന്‍ ഇനീം വല്ല കടുംകൈ ചെയ്താല്‍ പിന്നേം വല്യപാടാവും. അതുകൊണ്ട് ബി. ഉണ്ണികൃഷ്ണന്‍റെ നേതൃപാടവത്തില്‍ കാര്യങ്ങളെല്ലാം സൂപ്പറായി പരിഹരിക്കപ്പെടാന്‍ പോവുകയാണെന്ന് പ്രതീക്ഷിക്കുന്നു.