പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മധുരം അരവണ പദ്ധതിക്ക് തുടക്കം

 പോരാട്ടത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയിട്ടുണ്ട്. മാവേലിക്കര ഏരിയാസമ്മേളനം മധുരംനിറഞ്ഞ അനുഭവങ്ങളാണ് സഖാക്കള്‍ക്ക് സമ്മാനിച്ചത്. ഇരട്ടിമധുരമുള്ള അരവണ പായസം എല്ലാവര്‍ക്കും വിതരണം ചെയ്തു. സിപിഎം ബീജേപ്പിയുമായി അടുക്കുകയാണെന്നൊന്നും ആരും പറയില്ല. പാര്‍ട്ടിയിലേക്ക് കടന്നുവരാന്‍ ആളുകള്‍ ഉറുമ്പുകളെപ്പോലെ ക്യൂ നില്‍ക്കണം. അതാണ് പാര്‍ട്ടി കാണുന്നു സ്വപ്നം. 

ഞങ്ങള്‍ക്കാര്‍ക്കും ഒരു പ്രശ്നവുമില്ല. നിങ്ങളുടെ പാര്‍ട്ടിക്കാര്‍ക്കു തന്നെയാ പ്രശ്നം. പ്രശ്നമില്ലായിരുന്നെങ്കില്‍ കടകംപള്ളി എന്ന ദേവസ്വം മന്ത്രി ഗുരുവായൂരില്‍ പോയി വണങ്ങിയെന്നോ വഴിപാടു നടത്തിയെന്നോ പറഞ്ഞ് കമ്മിറ്റി കൂടി ചര്‍ച്ച ചെയ്യേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല. സഖാവ് എന്ന് പരസ്പരം വിളിക്കുന്നത് തന്നെ എല്ലാവരും തുല്യരാണ് എന്ന സങ്കല്‍പത്തിലാണല്ലോ. അപ്പോള്‍ കടകംപള്ളി പൂജ നടത്താന്‍ പാടില്ലെങ്കില്‍ ആ പാര്‍ട്ടിയിലെ ആരും പൂജ നടത്താന്‍ പാടില്ല. ഇനി മറ്റുള്ളവര്‍ക്ക് ഈ സഖാവ് പറയുന്ന പോലെ പൂജ നടത്താന്‍ അവകാശമുണ്ടെങ്കില്‍ കടകംപള്ളിക്കും പൂജ നടത്താന്‍ അവകാശം കൊടുക്കണം. ചുരുക്കി പറഞ്ഞാല്‍ സ്ഥിതി സമത്വം ആദ്യം പാര്‍ട്ടിയില്‍ നടപ്പാക്കണം. 

ഈ സഖാവ് ദേവസ്വം ബോര്‍ഡിലായതുകൊണ്ട് സമ്മേളന പ്രതിനിധികള്‍ക്ക് അപ്പവും അരവണയും കിട്ടി. ബവറേജസിലായിരുന്നെങ്കില്‍ സമ്മേളനത്തിന് ഫുള്ളിറക്കിയേനെ. ഈ അരവണയൊക്കെ ഉണ്ടാക്കുന്നത് അരി ഉപയോഗിച്ചാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അരിയുടെ പ്രശ്നം ഒഴിവാക്കാന്‍ ഓടിനടക്കുകയാണ് പിണറായി. അത് നന്നായി. പാര്‍ട്ടി ശക്തിപ്പെടട്ടെ.