സോളർ ഇതിഹാസം െമഗാഹിറ്റ്

ഒരുപക്ഷേ കേരളപ്പിറവിക്കുശേഷം മലയാളികള്‍ പാര്‍ട്ടിഭേദമന്യേ ഇടപെട്ടതും അറിയാന്‍ ശ്രമിച്ചതും ആസ്വദിച്ചതുമായ കേസായിരിക്കും സോളര്‍ കേസ്. അതിന്‍റെ ജൂഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ റിലീസിനായി കാത്തിരുന്നത് നാലുകൊല്ലമാണ്. ബാഹുബലി സിനിമയുടെ രണ്ടാം ഭാഗത്തിനുപോലും പ്രേക്ഷകര്‍ ഇങ്ങനെ കാത്തിരുന്നിട്ടുണ്ടാവില്ല. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതില്‍ ആ സിനിമ തീരുമായിരുന്നു. ഇത് പക്ഷേ അങ്ങനെയല്ല, അറിയും തോറും ആകാംക്ഷ കൂട്ടുന്ന ഒന്നിലേറെ തവണ കാണാനാഗ്രഹിക്കുന്ന അടിപടം. അതിന്റെ റിലീസ് ആയിരുന്നു ഇന്ന്. രാവിലെത്തന്നെ ആളുകളുടെ മുഴുവന്‍ ശ്രദ്ധയും നിയമസഭയിലേക്കായിരുന്നു.

മുന്‍പൊക്കെ ഷാജി കൈലാസും രണ്‍ജി പണിക്കരും ചേര്‍ന്നാണ് രാഷ്ട്രീയ അടിപടികള്‍ പടച്ചുവിട്ടത്. അന്ന് അങ്ങനെയൊക്കെ സിനിമയിലേ കാണാന്‍ പറ്റിയിരുന്നുള്ളു. പിന്നീട് വന്ന തരംഗം ഷക്കീല പടങ്ങളുടെതായിരുന്നു. ഇന്നിപ്പോ ഇതുരണ്ടും സമാസമം ചേര്‍ന്നാണ് കേരളരാഷ്ട്രീയത്തില്‍ അരങ്ങേറുന്നത്. സിനിമയ്ക്ക് പകരം റിലീസാവുന്നത് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടാണെന്ന് മാത്രം. എന്തുകൊണ്ടും സാക്ഷരകേരളം, പ്രബുദ്ധകേരളം എന്നൊക്കെ പറയുന്ന കേരളം വച്ചടി വച്ചടി മുന്നോട്ടാണ്.