ഇന്ന് കോടതിക്ക് പുറത്ത് ദിലീപിനായി ശക്തമായി വാദിക്കുന്ന ഒരേയൊരാള്‍ പിസി ജോര്‍ജാണ്. ജോര്‍ജ് ഏതെങ്കിലും പി ആര് ഏജന്‍സിയുടെ ആളാണെന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. അടൂര്‍ ഗോപാലകൃഷ്ണനും സക്കറിയയും വരെ ദിലീപ് പ്രശ്നത്തില്‍ വിമര്‍ശനമേറ്റ സമയത്താണ് പിസി ജോര്‍ജ് ഈ ധൈര്യം കാണിക്കുന്നത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
ദിലീപിനെ വിമര്‍ശിക്കാനും അയാള്‍ കുറ്റവാളിയാണെന്ന് വിശ്വസിക്കാനും ആളുകള്‍ക്ക് അവകാശമുണ്ട്. അതുപോലെ തന്നെയാണ് ദിലീപിനെ പിന്തുണക്കാനും അയാള്‍ കുറ്റവാളിയല്ലെന്ന് വിശ്വസിക്കാനും ഉള്ള അവകാശം. പക്ഷേ, നമ്മുടെ ആള്‍ക്കൂട്ടങ്ങള്‍ക്ക് ഒരു പ്രശ്നമുണ്ട്, കോടതിക്കു മുമ്പു തന്നെ അവര്‍ ഒരു വിധി തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ വേറൊരു സ്വരത്തില്‍ ആരും സംസാരിക്കാന്‍ പാടില്ല. എനിക്കറിയാവുന്ന ദിലീപ് ഇതു ചെയ്യുമെന്ന് തോന്നുന്നില്ല എന്ന് ദിലീപിന്റെ ഒരു സുഹൃത്ത് പറഞ്ഞാല്‍ പോലും അയാളെ കേറിയങ്ങ് ആക്രമിച്ചു കളയും. കോടതി സത്യം കണ്ടെത്തട്ടേ എന്ന പൊതു പ്രസ്താവനയെപ്പോലും ഇരക്കെതിരായ നിലപാടായി വ്യാഖ്യാനിച്ചു കളയും. ഇപ്പോള്‍ അഭിപ്രായം പറയുന്നവര്‍ മുമ്പ് നടന്ന കേസുകളില്‍ എടുത്ത സമാന നിലപാടുകളുടെ പട്ടിക ചോദിക്കും. ദിലീപ് വിഷയം ഇന്നോ നാളെയോ തീരും. പക്ഷേ, അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ജീവനാണ്. ഒരാള്‍ അഭിപ്രായം പറയുമ്പോള്‍ അതിനുള്ള അവകാശം , യോഗ്യത എന്നിവ തിരക്കുകയും, അത് പറയുന്ന സമയത്തെക്കുറിച്ച് വേവലാതിപ്പെടുകയും തെളിവു ഹാജരാക്കാതെ അയാള്‍ പണം പറ്റിയാണ് പറയുന്നതെന്ന് ആരോപിക്കുയും ചെയ്യുന്നത് അയാളുടെ വായ മൂടിക്കെട്ടാനാണ്. അത് അപകടമാണ്. അതുകൊണ്ട് യോജിച്ചാലും വിയോജിച്ചാലും പിസി ജോര്‍ജ് പറഞ്ഞാട്ടേ
ദിലീപിന് ഇപ്പോള്‍ ആവശ്യത്തിലധികം കുരിശുകളുണ്ട്. ഇനി പിസി ജോര്‍ജിന്റെ പിന്തുണ അതിലും വലിയൊരു കുരിശാകാതിരുന്നാല് മതിയായിരുന്നു. പിസി ജോര്‍ജ് പറയുന്നതുകൊണ്ടു മാത്രം ദിലീപ് അനുകൂലികളായിരുന്നവര് നേരെ ഏതിര്വശത്താവാനും സാധ്യതയുണ്ട്. പള്‍സര്‍ സുനി എതിരാളിയായപ്പോള്‍ പിസി ജോര്‍ജ് കൂട്ടാളിയായി എന്നും വേണമെങ്കില്‍ ദിലീപിന് ആശ്വസിക്കാം. സുനിയില്‍ നിന്ന് ഒരു സഹകരണവും ദിലീപ് ഇനി പ്രതീക്ഷിക്കണ്ട. ആലുവയിലെ വിഐപി എന്ന് മുള്ളു വച്ചാണ് ഇന്ന് സുനി അങ്കമാലി കോടതി പരിസരത്ത് വച്ച് പറഞ്ഞത്. കഥ പകുതിയേ ആയിട്ടുള്ളുവെന്നും പറഞ്ഞു. ഇപ്പോ തന്നെ ഏതാണ് ഈ കഥ മടുക്കാറായി. അപ്പോഴാണ് ഈ ഇന്റര്‍വെല്‍ പ്രഖ്യാപനം. ഇനി എന്തെല്ലാം കാണണം