കോട്ടയത്ത് ഇന്ന് ഗംഭീരമായ ഒരു സമരം നടന്നു. ഗംഭീരം എന്നുകൊണ്ടുദ്ദേശിച്ചത് വലിയ പണിയെടുക്കാതെ നാലാളെ അറിയിക്കുന്ന തരത്തിലുള്ള ഒരു സമരം. സമരത്തിന്റെ നേതാവ് കെ.എം.മാണിയായിരുന്നു. റയില്‍വേ സ്റ്റേഷനിലെത്തി ട്രാക്കിലിറങ്ങ് ട്രെയിന്‍ തടയലായിരുന്നു ഉദ്ദേശ്യം. അതുവഴി കേന്ദ്രത്തിനെ വിറങ്ങലിപ്പിച്ച് റബറിന്റെ വില കൂട്ടാമെന്ന് കേരള കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നു. അവര്‍ക്ക് അങ്ങനെയൊക്കെ വിശ്വസിക്കാന്‍ എന്തുകൊണ്ടും അവകാശമൊക്കെയുണ്ട്. നാട്ടുകാരും വിശ്വസിക്കണമെന്ന് നിര്‍ബന്ധം പിടിക്കാതിരുന്നാല്‍ മാത്രം മതി.
എല്ലാം മൊത്തത്തിലൊരു ഷോ ആയിരുന്നു. രാഷ്ട്രീയക്കാര്‍ ഇതിനെ പ്രതീകാത്മക സമരം എന്നു വിളിക്കും. അതായത് ട്രെയിന്‍ തടയല്‍ സമരമെന്ന് പറയുമെങ്കിലും സ്റ്റോപ്പില്‍ ട്രെയിന്‍ നിര്‍ത്തി കഴിഞ്ഞാല്‍ അതിനുമുമ്പില്‍ കൂട്ടം കൂടി നിന്ന് കുറച്ചുനേരം മുദ്രാവാക്യം വിളിക്കും. പിന്നെ പ്രധാന നടന് കുറച്ചുനേരം പ്രസംഗിക്കും. യാത്രക്കാരുടെ ബുദ്ധിമുട്ട് ശ്രദ്ധയില്പ്പെടുത്തിയാവും സമരം അവസാനിപ്പിക്കുന്നത്. പിന്നീട് പറയും സമരം ഗംഭീരവിജയമായിരുന്നു എന്ന്. സമരക്കാരും ഹാപ്പി, സമരനടത്തിപ്പുകാര് അതിലും ഹാപ്പി.