കൊച്ചി മെട്രോയുടെ ആദ്യഘട്ടം പണി ഏതാണ്ട് തീര്‍ന്ന് റെഡിയായിരിക്കുകയാണ്. കൊച്ചിക്കാരാണെങ്കില്‍ ഒന്ന് മെട്രോയില്‍ കേറിയാല്‍ മതിയെന്ന നിലയിലാണ്. കോച്ചുകളൊക്കെ പരീക്ഷണ ഓട്ടം ഓടിയോടി മടുത്തു. ഒന്ന് ഉല്‍ഘാടിച്ചു കിട്ടിയിട്ടു വേണ്ടേ ഒറിജിനലായി ഓടാന്‍. നേരത്തേ തന്നെ ഉല്‍ഘാടനത്തിന് മെട്രോ തയാറായതാണ്. പക്ഷേ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മതിയെന്ന് പിണറായി തീരുമാനിച്ചു. അതാവുമ്പോള്‍ ഒരു ഗുമ്മുണ്ടല്ലോ. ഉല്‍ഘാടനത്തിന് പ്രധാനമന്ത്രിയില്‍ കുറഞ്ഞ് ആരും വേണ്ട എന്ന രീതിയിലായിരുന്നു കാര്യങ്ങള്‍ മുന്നേറിയിരുന്നത്
ഈ മാസം 30ന് ഉല്‍ഘാടനം ചെയ്യാനാണ് കടകംപള്ളിയുടെ പ്ലാന്‍. പക്ഷേ ഇക്കാര്യം ഉല്‍ഘാടനം ചെയ്യേണ്ട നരേന്ദ്ര മോദി അറിഞ്ഞിട്ടില്ല. മറ്റാരെയെങ്കിലും ഉല്‍ഘാടനത്തിന് വിളിക്കുമ്പോലെയല്ല ഈ പ്രധാനമന്ത്രിയുടെ കാര്യം. മറ്റ് പ്രധാനമന്ത്രിമാരാരെങ്കിലുമാണെങ്കില്‍ ആ ദിവസം ഫ്രീയാണോ എന്ന് അന്വേഷിച്ചാല്‍ മതി. ഇത് മോദിയായ കാരണം അദ്ദേഹം രാജ്യത്തുണ്ടോ എന്നാണ് ആദ്യം അന്വേഷിക്കേണ്ടത്. മെട്രോയൊക്കെ നമ്മുക്ക് വലിയ കാര്യമായിരിക്കും. വല്ല ഉസ്ബെക്കിസ്ഥാനിലോ ഉഗാണ്ടയിലോ ഏതെങ്കിലും പെട്ടി ഓട്ടോറിക്ഷാ സര്‍വീസ് ഉല്‍ഘാടനം ചെയ്യാനുള്ള വിളി വന്നാല്‍ മോദി ഇതൊക്കെ കളഞ്ഞിട്ട് അങ്ങോട്ട് പോകും. നോക്കി വന്നപ്പോള്‍ സംഗതി ശരിയാണ്. കടകംപളളിക്ക് സൗകര്യമുള്ള മേയ് 30ന് മോദിക്ക് സൗകര്യമില്ല. ആളു വിദേശത്തായിരിക്കും. മോദി വന്നില്ലെങ്കില്‍ മുണ്ടുടുത്ത മോദി ഉല്‍ഘാടിക്കട്ടേ എന്നാണ് കടകംപള്ളിയുടെ നിലപാട്
കടകംപള്ളി ഇത് അശ്രദ്ധ കൊണ്ട് പറഞ്ഞതാവില്ല. മുഖ്യമന്ത്രി പിണറായിയെ ഒന്ന് സുഖിപ്പിക്കാന്‍ പറഞ്ഞതായിരിക്കണം. എന്തിന് പ്രധാനമന്ത്രി അതിലും ഉഷാറല്ലേ മുഖ്യമന്ത്രി. എന്ന മട്ടില്‍ പറഞ്ഞതായിരിക്കും. നരേന്ദ്ര മോദിയെക്കൊണ്ടല്ലല്ലോ , പിണറായിയെക്കൊണ്ടല്ലേ സുരേന്ദ്രന് പ്രയോജനം. പക്ഷേ, ബിജെപിക്കാര്‍ക്ക് ഇത് ഫീലു ചെയ്തു. ഈ മെട്രോ എന്നു പറയുന്നത് മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് പണി തുടങ്ങിയതാണെങ്കിലും മോദിയെ ഒന്ന് ഉല്‍ഘാടനത്തിന് എത്തിച്ചു കിട്ടിയാല്‍ പിന്നെ അത് മോദി സ്വന്തമാക്കിക്കൊളുമെന്ന് ബിജെപിക്കാര്‍ക്കറിയാം. മെട്രോയുടെ പ്ളാന്‍ വരച്ചു വരെ താനാണെന്ന മട്ടില്‍ വേണമെങ്കില്‍ വച്ചു കാച്ചും. ആ പ്രതീക്ഷകളാണ് ഇപ്പോള്‍ തകര്‍ന്ന് പോയിരിക്കുന്നത്
കടകംപള്ളി കുറച്ചു കാലമായി സ്വന്തമായി കാര്യങ്ങളൊക്കെ തീരുമാനിച്ച് പ്രഖ്യാപിക്കുന്നു. ജാതി നോക്കാതെ സാമ്പത്തിക സംവരണമാണ് വേണ്ടതെന്നും അതാണ് പാര്‍ട്ടി നയമെന്നുമൊക്കെ സ്വന്തമായി തട്ടിവിട്ടിട്ട് കുറച്ച് ദിവസമേ ആയുള്ളു. അത് പിന്നെ പിന്നാക്കക്കാരെ ബാധിക്കുന്ന കാര്യം മാത്രമായതുകൊണ്ടായിരിക്കണം പാര്‍ട്ടിയിലൊന്നും വലിയ ചോദ്യമൊന്നുമുണ്ടായില്ല. അങ്ങനെ അഴിച്ചു വിട്ടതു കൊണ്ടാകണം ഇന്ന് കേറി മോദിയില്ലെങ്കില്‍ കേരള മോദി എന്നൊക്കെ അടിച്ചു വിട്ടത്. പിണറായിക്ക് എന്തോ അപകടം മണത്തു അതുകൊണ്ട്, ഈ മേയ് 30 എന്നൊരു ദിവസം തീരുമാനിച്ചിട്ടില്ലെന്ന് പറയാന്‍ തോന്നി