ബിജെപി ഇനി ഇങ്ങനെ ചെയ്യുമോ എന്നു ചോദിച്ചാല്‍ ഇല്ലെന്ന് പറയാന്‍ പറഞ്ഞു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്. നട്ടുച്ചക്ക് നടുറോഡില്‍ പൊലീസിനെ നോക്കിയല്ലേ സുരേഷ്ജി അവതാരപ്പിറവിയിടുത്ത് നെടുങ്കന്‍ ഡയലോഗ് ഒക്കെ അടിക്കുന്നത്. പണ്ട് മോദി കോഴിക്കോട്ട് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കാന് വരുന്നതിമുമ്പ് ഇതേപൊലൊരു നട്ടുച്ചയ്ക്ക് ആളുകളോട് മൊൈബല്‍ ഫോണിലെ ലൈറ്റ് കത്തിച്ചുപിടിക്കാന്‍ ആവശ്യപ്പെട്ട ബൗദ്ധിക് പ്രമുഖ് കൂടിയാണ് അദ്ദേഹം. ഇതല്ല, ഇതിലപ്പുറം പറയും. പക്ഷേ സംഗതി കേസായിട്ടുണ്ട്.
കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് കുമ്മനം ലീക്ക്സിനെ കുറിച്ചാണ്. പയ്യന്നൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കുമ്മനം ജി ഒരു വിഡിയോ എടുത്ത് ട്വീറ്റ് ചെയ്തത്. കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ ആഘോഷ എന്നൊക്കെ പറഞ്ഞ്, അതും ദേശീയ തലത്തില്‍ നാലാള്‍ക്ക് കാര്യം തിരിയണം എന്നുള്ളതിനാല്‍ ഇംഗ്ലീഷില്‍ ഒരു കുറിപ്പും വച്ചാണ് വിഡിയോ ഇട്ടത്. പക്ഷേ സംഗതി ആകെ കുരുത്തക്കേട് ആയോന്നൊരു സംശയം പല ബിജെപിക്കാര്‍ക്കുപോലും ഇല്ലാതില്ല. സര്‍ക്കാര്‍ വീഡിയോയെക്കുറിച്ച് അന്വേഷണമൊക്കെ പ്രഖ്യാപിച്ചു.കുമ്മനംജിയാണെങ്കില്‍ തന്നെയൊന്ന് അറസ്റ്റ് ചെയ്യൂ എന്നുംപറഞ്ഞ് നടക്കുകയാണ്.
അപ്പോ ജയിലില്‍ കിടക്കാനുള്ള വകുപ്പാണ് താന്‍ ചെയ്തതെന്ന് കുമ്മനത്തിന് തന്നെ തോന്നുന്നുണ്ട്. നല്ലകാര്യം. പക്ഷേ ഇനി ഇതിന്റെ പേരില്‍ കുമ്മനംജയിലിലെങ്ങാനും ആയാല്‍ ആ പേരും പറഞ്ഞ് ബിജെപി പിന്നെ ഈ നാട്ടില്‍ നടത്താന്‍ പോകുന്ന കലാപരിപാടികളെക്കുറിച്ച് ആലോചിക്കുമ്പോള്‍ അതൊന്നും വേണ്ടെന്നാണ് ഒരിത്.