ഒരു ബന്ധുവിന് ഒരു ജോലി വാങ്ങിക്കൊടുക്കാന്‍ നോക്കിയതിന് രണ്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് ഇന്ന് താക്കീത് കിട്ടി. ഇപി ജയരാജനും പി കെ ശ്രീമതിക്കും. എന്താണ് താക്കീത് എന്ന് വ്യക്തമല്ല. ഇനി മുതല്‍ ബന്ധുക്കളെ സര്‍ക്കാര്‍ ജോലിക്ക് നിയമിക്കരുത് എന്നാണോ അതോ മേലാല്‍ ഇതുപോലെ നാട്ടുകാരറിയെ ക്രമക്കേട് കാണിക്കരുത് എന്നാണോ എന്നറിയില്ല. പക്ഷേ ഇങ്ങനെ പോയാല്‍ പാര്‍ട്ടിക്കാര്‍ക്ക് ബന്ധുക്കള്‍ ഉണ്ടാകുമോ എന്ന ആശങ്ക കാരണമായിരിക്കണം കടുത്ത നടപടി ഒന്നും ഉണ്ടാകാത്തത്. മന്ത്രിസ്ഥാനം കളയേണ്ടി വന്ന സ്ഥിതിക്ക് പാര്‍ട്ടി എന്തെങ്കിലും നടപടി എടുക്കണമല്ലോ എന്ന തോന്നലായിരിക്കണം ഇത്രയെങ്കിലും ചെയ്യാന്‍ കാരണം. എന്നുവച്ചാല്‍ വേദനിച്ചുകൊണ്ട് ഒരു നടപടി
ജയരാജന് മന്ത്രി സ്ഥാനം രാജിവക്കുകയും പാര്‍ട്ടി ഇപ്പോള്‍ നടപടിയെടുക്കുകയും ചെയ്തു എന്നു പറഞ്ഞാല്‍ തെറ്റു ചെയ്തു എന്നു തന്നെയാണ് അര്‍ഥം. അങ്ങനെ ഒരു നിയമനം നടന്നിട്ടില്ല എന്ന് ചിറ്റപ്പന് ജയരാജന് പോലും പറഞ്ഞിട്ടില്ല. എന്നിട്ടും താക്കീത് കൊടുത്താല്‍ മതിയെന്ന് പാര്‍ട്ടി തീരുമാനിച്ചു. അതാണ് ആ പാര്‍ട്ടി. മുമ്പ് താക്കീതും ശാസനും പിബിയില്‍ നിന്ന് പുറത്താക്കലും ഉള്‍പ്പെടെ നടപടിയായ നടപടിയെല്ലാം നേരിടുമ്പോഴും വിഎസിന്റെ മുഖ്യമന്ത്രി സ്ഥാനത്തിനോ പ്രതിപക്ഷ നേതൃ സ്ഥാനത്തിനോ കുഴപ്പമൊന്നും വന്നിരുന്നില്ല. എന്നുവച്ചാല്‍ പാര്‍ട്ടിയില്‍ തെറ്റു ചെയ്യുന്നയാള്‍ അധികാരത്തില്‍ തെറ്റുചെയ്യാത്തയാളാകാം. അതുപോലെ അധികാരത്തില്‍ ഇരുന്ന് തെറ്റുചെയ്യുന്ന ജയരാജനെപ്പോലെയുള്ളവര്‍ പാര്‍ട്ടിയെ സംബന്ധിച്ച് അത്ര വലിയ തെറ്റു ചെയ്യുന്ന ആളല്ലാ എന്ന്