കേരളത്തിന്റെ സ്വന്തം ഷഹനായി മാന്ത്രികൻ

ഷഹനായിയില്‍ കേരളത്തിന്റെ മന്ത്രിക സംഗീതമാണ് ഉസ്താദ് ഹസ്സന്‍ ഭായി എന്ന കാസര്‍കോട് സ്വദേശിയുടേത്. ലോകപ്രശസ്ത ഷഹനായി മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാഖാന്റെ അരുമ ശിഷ്യന്‍ എന്ന പെരുമയോടെയാണ്, എഴുപത്തിയഞ്ചാം വയസിലും ഹസ്സന്‍ ഭായി നാദവിസ്മയം തീര്‍ക്കുന്നത്. 

ശുദ്ധസംഗീതത്തെ മാത്രം ഉപാസിച്ച് ജീവിച്ച ആറുപതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് ഉസ്താദ് ഹസ്സന്‍ ഭായിക്ക്. തലശേരിയിലെ പ്രശസ്തമായ കേയി കുടുംബത്തില്‍ ജനനം. ഉമ്മയില്‍ നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കി. പത്താം വയസില്‍ ആദ്യഗുരുവിനെ ലഭിച്ചു.മൈസൂരൂവിലെ പേരുകേട്ട സംഗീത‍ജ്ഞനായ നാഗരാജ ഗുഡയപ്പയായിരുന്നു ഗുരു. പഠനത്തിനായി മുബൈയില്‍ എത്തിയത് ഈ സംഗീതജ്ഞന്റെ ജീവിതത്തില്‍ വഴിത്തിരിവായി. മുംബൈയിലെ ഒരു സംഗീത സദസില്‍ വച്ച് ഉസ്താദ് ബിസ്മില്ലാഖാനെ പരിചയപ്പെട്ടു. കൃത്യമായി പറഞ്ഞാല്‍ നാലു പതിറ്റാണ്ട് മുമ്പ്. പിന്നെ ഗുരു തെളിച്ച സംഗീതത്തിന്റെ വഴിയിലൂടെ ജീവിതം. 

ഇതിനിടെ മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗം. തിരമാലകളെ കീറിമുറിച്ചുള്ള യാത്രകളിലൂടെ ദേശന്തരങ്ങളുടെ ആഴമുള്ള സംഗീതം ഹസ്സന്‍ ഭായി സ്വന്തമാക്കി. ഗുരുവുമായുള്ള ബന്ധം തുടര്‍ന്നു. ഉസ്താദിനോട് യാത്ര പറഞ്ഞ് മടങ്ങുമ്പോള്‍ ആ സംഗീതമാന്ത്രികന്‍ നല്‍കിയ സ്നേഹസമ്മാനമായ ഷഹനായിയില്‍ തന്നെയാണ് അന്നുതൊട്ടിന്നോളം ഹസ്സന്‍ ഭായിയുടെ സംഗീതം നിറയുന്നത്. ഷഹനായി മാത്രമല്ല പുല്ലാങ്കുഴലും, സിത്താറും, മോഹനവീണയുമുള്‍പ്പെടെ ഒട്ടു മിക്ക വാദ്യോപകരണങ്ങളും ഇദ്ദേഹത്തിന് വഴങ്ങും. എന്നാലും ശോക.മൂക ഭാവങ്ങള്‍ ആസ്വാദക ഹൃദയങ്ങളിലെത്തിക്കാന്‍ മറ്റേത് വാദ്യോപകരണത്തേക്കാളും ഷഹനായിക്ക് സാധിക്കും എന്നാണ് ഹസ്സന്‍ ഭായിയുടെ പക്ഷം. ശുദ്ധസംഗീതം എന്നും നിലനില്‍ക്കണേ എന്നാണ് ഈ സംഗീതജ്ഞന്റെ പ്രാര്‍ഥന. 

സംസ്ഥാന സര്‍ക്കാര്‍ ഗുരുപൂജ അവാര്‍ഡും, സംഗീത നാടക അക്കാദമി പുരസ്ക്കാരവും നല്‍കി ഹസ്സന്‍ ഭായിയെ ആദരിച്ചു. മഹാരാഷ്ട്രാ, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകളും വിവിധ പുരസ്ക്കാരങ്ങളിലൂടെ ഈ പ്രതിഭയെ അംഗീകരിച്ചു. സംഗീതത്തില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോഴും ഹസ്സന്‍ ഭായിക്ക് ജീവിതം അത്ര താളസുന്ദരമല്ല. രോഗവും, കാടബാധ്യതതകളുമാണ് ഇന്ന് ഈ കലാകാരന് സ്വന്തമായുള്ളത്. കാസര്‍കോട് കോളിയടുക്കത്തെ ഒറ്റമുറി വാടകവീട്ടിലാണ് ജീവിതം. വീടുനിര്‍മ്മിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചെങ്കിലും സാമ്പത്തിക പ്രയാസങ്ങള്‍ വീടെന്ന സ്വപ്നം അകറ്റി നിര്‍ത്തുന്നു. ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബുവിന്റെ നേതൃത്വത്തില്‍ സുമനസുകള്‍ ചേര്‍ന്ന് ഹസ്സന്‍ ഭായിക്കൊരു വീടുനിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ലഭിച്ചില്ലെന്ന് പലരും പറയുമ്പോഴും ഇദ്ദേഹത്തിന് ആരോടും ഒരു പരാതിയുമില്ല.