ഗോവിന്ദ മാധവ; നിരഞ്ജന അനൂപിന്റെ നൃത്തസംഗീതനാടകം

ചലച്ചിത്രതാരം നിരഞ്ജന അനൂപ് ഒരുക്കുന്ന നൃത്തസംഗീതനാടകം അരങ്ങിലെത്തുന്നു. ഗോവിന്ദ മാധവ എന്ന പേരിലുള്ള നാടകശില്‍പത്തില്‍ മഞ്ജു വാരിയരും അനൂപ് മേനോനും ഉള്‍പ്പെടെയുള്ള പ്രശസ്തരാണ് ശബ്ദം നല്‍കിയിരിക്കുന്നത്. ഈ മാസം 11ന് കൊച്ചിയിലാണ് ആദ്യ അവതരണം.

നാലുവയസുകാരി അനബെല്ല മുതല്‍ നാല്‍പത്തിയഞ്ചുകാരി സിന്ധുവരെ ഇക്കൂട്ടത്തിലുണ്ട്. ശ്രീകൃഷ്ണനാണ് കഥാപുരുഷന്‍. ശ്രീകൃഷ്ണലീലകളല്ല യുഗപുരുഷനായ ശ്രീകൃഷ്നാണ് ആ പ്രചോദനമുള്‍ക്കൊണ്ടവരെക്കൂടി ഉള്‍ക്കൊണ്ടാണ് ഗോവിന്ദ–മാധവ അരങ്ങിലെത്തുന്നത്.

സംഗീതവും നൃത്തവും നാടകവും കോര്‍ത്തിണക്കിയ ഈ രംഗാവിഷ്ക്കരണത്തിന്റെ രചനയും സംഗീതവും സംവിധാനവുമെല്ലാം നിരഞ്ജനതന്നെയാണ് നിര്‍വഹിച്ചത്. നിരഞ്ജനയുടെ നൃത്തവിദ്യാര്‍ഥികള്‍തന്നെയാണ് അരങ്ങിലെത്തുന്നതും.

മുന്‍പും പലതവണ സംഗീത നൃത്ത നാടകങ്ങള്‍ അരങ്ങിലെത്തിയിട്ടുണ്ടെങ്കിലും അതില്‍നിന്നെല്ലാം ഗോവിന്ദ–മാധവ വ്യത്യസ്തമാണെന്ന് നിരഞ്ജന ഉറപ്പാക്കുന്നു. നവംബര്‍ പതിനൊന്നിന് കൊച്ചി ജോസ് തോമസ് പെര്‍ഫോമന്‍സ് ആര്‍ട്സ് സെന്ററിലാണ് പരിപാടി.