യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടപ്പാക്കിയ പദ്ധതികളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ദൗത്യമാണ് ഓപ്പറേഷന്‍ തൂഫാന്‍. ഒറ്റമാസം കൊണ്ട് ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങിയത് അയ്യായിരത്തി അഞ്ഞൂറ്റി എഴുപത്തിയൊമ്പത് ലഹരി ഇടപാടുകാരാണ്. ലഹരിയുടെ വേരറുക്കുമെന്ന് പ്രഖ്യാപിച്ച ദൗത്യത്തില്‍ അണിനിരക്കാന്‍ വിവിധ സംഘടനകളും വ്യക്തികളുമെല്ലാം എത്തിയതോടെ മികച്ച റിസള്‍ട്ടും ഉണ്ടാവുന്നുണ്ട്. അങ്ങനെയിരിക്കെയാണ് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ നടന്ന കൊച്ചിയിലെ യോഗം, അതും തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള യോഗം വിവാദമായത്.  ക്രിമിനൽ പശ്ചാത്തലമുള്ള ഒരുകൂട്ടം ആളുകളാണ് യോഗത്തിനെത്തിയത്. വിവാദമായതോടെ സംഘാടകരുടെ വിശദീകരണവുമെത്തി. ഓപ്പറേഷന്‍ തൂഫാന്‍ വിജയിപ്പിക്കാന്‍ പൊലീസ് മാത്രം പോര, അത്യാവശ്യം കൈകാര്യം ചെയ്യാന്‍ കഴിവുള്ളവര്‍കൂടി വേണമെന്നാണ് സംഘാടകന്‍ കൂടിയായ സുഹൈല്‍ ഷാജഹാന്‍റെ വാദം. യോഗത്തിൽ പങ്കെടുത്തയാൾ മദ്യപിച്ച് ബാറിൽ സംഘർഷമുണ്ടാക്കിയതിന് ഇന്നലെ പിടിയിലാവുന്നതും നമ്മള്‍ കണ്ടു. തൂഫാൻ യോഗങ്ങൾ നടത്തേണ്ടത് പൊലീസാണെന്ന് ആഭ്യന്തരമന്ത്രിയും ഓപ്പറേഷന്‍ തൂഫാന് ഗുണ്ടകളുടെ ആവശ്യമില്ലെന്ന്  കൊച്ചി സിറ്റി പൊലീസ് കമ്മിഷണറും പ്രതികരിച്ചു.