പൊതുപ്രവര്‍ത്തന രംഗത്തേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്നും, അവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നുമൊക്കെ നമ്മുടെ രാഷ്ട്രീയനേതാക്കള്‍ വാതോരാതെ പ്രസംഗിക്കുന്നത് നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍, ആദരവും, ബഹുമാനവുമൊക്കെ പോട്ടെ, സ്ത്രീകളോട് മിനിമം മര്യാദയോടെ പെരുമാറാന്‍ നമ്മുടെ രാഷ്ട്രീയനേതാക്കളില്‍ എത്രപേര്‍ക്ക് കഴിയുന്നുണ്ട് ? കേട്ടാലറയ്ക്കുന്ന നീചവും നിന്ദ്യവുമായ വാക്കുകളാണ് കഴിഞ്ഞദിവസം യു പ്രതിഭയ്ക്കെതിരെ ലീഗ് നേതാവില്‍നിന്ന് ഉണ്ടായത്. ഖേദപ്രകടനവും പുറത്താക്കല്‍ നടപടിയുമൊക്കെ വേഗത്തില്‍ സംഭവിച്ചു എന്നത് ശരിയാണ്. പക്ഷേ, അതൊരു മനോഭാവമാണെന്നും അതെത്രത്തോളം വ്യാപകമാണെന്നും കഴിഞ്ഞ കുറേക്കാലമായി നമ്മള് കാണുന്നതാണ്. ഇക്കാര്യത്തില്‍ മുന്നണി വ്യത്യാസമൊന്നുമില്ല. അതുകൊണ്ടാണ് ഞങ്ങള്‍ അതിവേഗം ശക്തമായ നടപടിയെടുത്തില്ലേ, മുന്‍കാലങ്ങളില്‍ നിങ്ങള്‍ എന്ത് നടപടിയെടുത്തു എന്ന് തിരിച്ചുചോദിക്കുന്നത്. പുതിയതും പഴയതുമായ ഉദാഹരണങ്ങളെടുത്താല്‍ ഇവരാണ് മെച്ചം എന്ന് പറയാന്‍ പോലും പറ്റാത്തയത്രയുണ്ട് നമ്മുടെ മുന്നില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. തിരഞ്ഞെടുപ്പ് കാലമാണോ അല്ലയോ എന്നത് രണ്ടാമത്തെ വിഷയമാണ്. സ്ത്രീവിരുദ്ധ മനോഭാവം വച്ചുപൊറുപ്പിക്കാനാവില്ല എന്നത് തന്നെയാവണം നിലപാട്. പരസ്പരം രാഷ്ട്രീയം പറഞ്ഞ്, നയങ്ങള്‍ പറഞ്ഞ്, ആശയങ്ങള്‍ പറഞ്ഞ് വിമര്ശിക്കുന്നതിപ്പുറം ആരെക്കുറിച്ചും എന്തും പറയാമെന്ന അവസ്ഥയിലേക്ക് പോവുന്നുണ്ടോ? നേതാക്കള്‍ നാവടക്കേണ്ടതാണോ?