കേരളം കണ്ട ഏറ്റവും ജനകീയരായ രാഷ്ട്രീയനേതാക്കളില്‍, മുഖ്യമന്ത്രിമാരില്‍ പ്രമുഖനാണ് വി.എസ്.അച്യുതാനന്ദന്‍. ജനങ്ങള്‍ നല്‍കുന്ന ആദരവും തന്നെയാണ് പൊതുപ്രവര്‍ത്തകര്‍ക്ക് ഏറ്റവും വലിയ അംഗീകാരം. അത് ആവോളം കിട്ടിയിട്ടുള്ള നേതാവാണ് അദ്ദേഹം. അതേസമയം, ഭരണകൂടം നല്‍കുന്ന ബഹുമതികളും വിവിധ മേഖലകളിലെ ആത്മാര്‍പ്പണത്തിനുള്ള ആദരവാണ്. അത് സ്വീകരിക്കണോ വേണ്ടയോ എന്നത് ആശയപരമായ നിലപാടാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഇത്തരത്തിലുള്ള ഭരണകൂട ബഹുമതികളെ നിരസിക്കുന്നതാണ് സാധാരണ പതിവ്. അതുകൊണ്ടാണ് വിഎസ് ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹം പത്മവിഭൂഷണ്‍ നിരസിക്കുമായിരുന്നുവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബി പറയുന്നത്. എന്നാല്‍, ഇവിടെ മരണാനന്തര ബഹുമതിയായി പുരസ്കാരം നല്‍കുമ്പോള്‍, കുടുംബം അതില്‍ സന്തോഷം അറിയിക്കുമ്പോള്‍, അതിനൊപ്പമാണ് പാര്‍ട്ടിയെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറയുന്നത്. ഈ വൈരുദ്ധ്യമാണ് ചര്‍ച്ചയാകുന്നത്. സംസ്ഥാന നേതൃത്വം പുരസ്കാരം സ്വീകരിക്കുന്നതില്‍ തെറ്റ് കാണുന്നില്ലെന്നിരിക്കെ, ദേശീയ ജന.സെക്രട്ടറി മറിച്ചൊരു അഭിപ്രായം പറയുന്നത് എന്തുകൊണ്ടായിരിക്കും? ഇത് കുടുംബത്തെ സമ്മര്‍ദത്തിലാക്കുമോ? വിഎസിന്റെ കുടുംബം പത്മവിഭൂഷണ്‍ സ്വീകരിക്കണോ?