പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും പരസ്പരം നടത്തിയ വാക്പോരാണിത്. ഉന്നതമായ സ്ഥാനത്തിരിക്കുന്ന നേതാക്കള്‍ രാഷ്ട്രീയമായി വാദപ്രതിവാദങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അതിരുവിടുന്നുണ്ടോ? ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നും സോണിയയുടെ വീട് റെയ്ഡ് ചെയ്യണമെന്നും കഴിഞ്ഞദിവസം നിയമസഭയില്‍ വി.ശിവന്‍കുട്ടി പറഞ്ഞതാണ് വി.ഡി.സതീശനെ പ്രകോപിപ്പിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറിക്ക് പോലുമില്ലാത്ത ഒരു ആരോപണമാണ് ശിവന്‍കുട്ടി സഭയില്‍ പറഞ്ഞത്. ഒരു സിപിഎം നേതാക്കളും അതിനെ ഏറ്റെടുത്തുമില്ല. പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം സ്വാഭാവികമാണ്. പക്ഷേ, ഭരണപ്രതിപക്ഷ നേതാക്കള്‍, പ്രത്യേകിച്ച് ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പ്രതിഷേധമുയര്‍ത്തുമ്പോള്‍ എന്തും വിളിച്ചുപറയുന്നത് ശരിയാണോ? നിങ്ങള്‍ പറയൂ, വാക്പോര് അതിരുവിട്ടോ?