ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നു എന്ന പ്രതിപക്ഷ നേതാവിന്‍റെ വിമർശത്തിന് മറുപടിയുമായി മന്ത്രി വി.ശിവൻകുട്ടി. പൂച്ചയെ പോലും പ്രസവിക്കാൻ സമ്മതിക്കില്ല, എന്തൊരു പ്രതിപക്ഷനേതാവാണിത് എന്നായിരുന്നു ശിവന്‍കുട്ടി പറഞ്ഞത്. തങ്ങള്‍ പ്രഖ്യാപിച്ച ബജറ്റ് തങ്ങള്‍ തന്നെ നടപ്പിലാക്കും. പക്ഷേ യുഡിഎഫിന്‍റെ സ്ഥിതി വളരെ മോശമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
'പൂച്ചയെ പോലും പ്രസവിക്കാൻ സമ്മതിക്കില്ല, ഇങ്ങനെയൊരു പ്രതിപക്ഷനേതാവുണ്ടോ. പൂച്ച പ്രസവിക്കുന്നതില്‍ ഇത്ര ആക്ഷേപിക്കാന്‍ എന്തിരിക്കുന്നു. ഇത്തരമുള്ള പ്രയോഗങ്ങള്‍കൊണ്ടാണ് ഇയാളുടെ നിലവാരം ദിനംപ്രതി താഴുന്നത്. ജനങ്ങള്‍ അംഗീകരിക്കുന്ന ഒരു ബജറ്റാണിത്. എല്ലാ വിഭാഗം ജനങ്ങളെയും ഇതില്‍ അഡ്രസ്സ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷം കേന്ദ്ര ഗവണ്‍മെന്‍റ് ഇത്രയധികം സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ട് പോലും ശമ്പളം മുടങ്ങിയിട്ടില്ല, പെന്‍ഷന്‍ മുടങ്ങിയിട്ടില്ല, ദൈനംദിന കാര്യങ്ങള്‍ മുടങ്ങിയിട്ടില്ല. കേന്ദ്രം പാഠം പുസ്തകത്തിനും ഉച്ചഭക്ഷണത്തിനുമുള്ള കാശ് തരാതിരുന്നിട്ടുപോലും അത് മുടങ്ങിയിട്ടില്ല. പിന്നെ എന്തിനാണ് ആക്ഷേപം ഉന്നയിക്കുന്നത്. മൂന്ന് മണിക്കൂറെടുത്തു ബജറ്റ് പ്രഖ്യാപിക്കാന്‍, പ്രതിപക്ഷ നേതാവ് അവിടെയിരുന്ന് അസ്വസ്ഥനാകുന്നത് കണ്ടു. വേറെ ആരും നന്നാവുന്നത് അദ്ദേഹത്തിന് കണ്ടുകൂടാ.
ഖജനാവ് കാലിയാണോ എന്നറിയാന്‍ അദ്ദേഹം സഞ്ചരിക്കുന്ന കാറ് മാത്രം നോക്കിയാല്‍ മതി. ഒരുദിവസം പോലും കാറിന് പെട്രോളടിക്കാന്‍ ബുദ്ധിമുട്ടിയില്ലല്ലോ. അദ്ദേഹത്തിന്‍റെ ശമ്പളത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് വന്നോ. ഒരു മിനിറ്റെങ്കിലും ട്രഷറി അടച്ചുപൂട്ടിയോ?. ഞങ്ങള്‍ പ്രഖ്യാപിച്ച ബജറ്റ് ഞങ്ങള്‍ തന്നെ നടപ്പിലാക്കും. പക്ഷേ യുഡിഎഫിന്‍റെ സ്ഥിതി വളരെ മോശമായിരിക്കും'- വി.ശിവന്‍കുട്ടി.
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ് രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പൂച്ചപെറ്റുകിടക്കുന്ന ഖജനാവും നിരന്തരമായ പ്ലാന്‍ കട്ടിങും കൊണ്ട് വിശ്വാസ്യത തകര്‍ന്ന ധനകാര്യ സംവിധാനമുള്ള സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് ജനം വിശ്വസിക്കില്ലെന്നാണ് സതീശന്‍ പറഞ്ഞത്.