വിസ്മയിപ്പിക്കാനില്ലെന്ന് ജോസ്.കെ.മാണി. ഇടതുപക്ഷത്ത് നിന്ന് തല്‍ക്കാലം ഇലയനക്കമില്ല. പക്ഷേ സ്റ്റിയറിങ് ഇടത്തോട്ട് തന്നെ തിരിക്കാന്‍ 13 സീറ്റ് വേണം എന്നൊരാവശ്യം, പിളര്‍പ്പില്ലാതെ മുന്നോട്ടുവച്ചിട്ടുണ്ട്. ആപത്തുകാലത്ത് ജോസ് കാലുവാരിയില്ലല്ലോ എന്ന ആശ്വാസത്തില്‍ നില്‍ക്കുമ്പോ സീറ്റെണ്ണത്തില്‍ ഇടതുമുന്നണി വലിയ വിലപേശലിനൊന്നും നില്‍ക്കില്ല. മാത്രമല്ല, കഴിഞ്ഞ തവണ 12 സീറ്റില്‍ മല്‍സരിച്ചു. അഞ്ചിടത്ത് ജയം. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാര്‍, ഇടുക്കി സീറ്റുകള് പിടിച്ചു. തോറ്റ ഏഴെണ്ണത്തില്‍ സ്വന്തം തറവാടുകൂടിയായ പാലായുമുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി പാലാ നഗരസഭയും പോയി. ചെയര്‍മാന്‍റെ വീടിരിക്കുന്ന അരുണാപുരം വാര്‍ഡ് പോലും കോണ്‍ഗ്രസ് കൊണ്ടുപോയി. കനത്ത തിരിച്ചടി നേരിട്ടെങ്കിലും, ഇടതുമുന്നണിക്ക് തല്‍ക്കാലം കേരളകോണ്‍ഗ്രസിനെ ആവശ്യമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് ജോസിന്‍റെ കളി. പക്ഷേ പരീക്ഷ തോറ്റാലും പ്രമോഷന്‍ വേണം. സീറ്റെണ്ണത്തില് വിട്ടുവീഴ്ചയില്ല. യുഡിഎഫിലേക്ക് നീങ്ങിയാല്‍ ഈ വിലപേശല്‍ നീക്കം ഫലിച്ചില്ലെങ്കിലോ? ഇടതിനോട് പിളര്‍പ്പില്ലെന്ന് ഉറപ്പിച്ചത് ഈ വിലപേശലിനാണോ?