ദൂരെയെങ്ങോ നടക്കുന്ന യുദ്ധങ്ങളൊന്നും ഇതുവരെ നമ്മളെയൊന്നും നേരിട്ട്, അത്രകണ്ട് ബാധിച്ചിട്ടില്ല. പക്ഷേ ഇപ്പോ ഒറ്റയാഴ്ചകൊണ്ട് നമ്മുടെ അടുക്കളകളില്‍ ആശങ്കയുടെ ഡ്രോണുകള്‍ വീണുതുടങ്ങി. ഊര്‍ജ പ്രതിസന്ധിയുടെ മിസൈലുകള്‍  നമ്മുടെ ജീവിതത്തെയും പൊള്ളിക്കുന്ന സാഹചര്യം. അസാധാരണമായ ഈ പ്രതിസന്ധി, അതിവേഗമാണെത്തിയത്. അല്ലെങ്കില്‍ തന്നെ ജീവിക്കാന്‍ പാടുപെടുന്ന നമ്മളൊക്കെ ഇനി എന്തൊക്കെ നേരിടേണ്ടിവരുമെന്നറിയില്ല. പേടിപ്പിക്കാന്‍ പറയുകയല്ല, പക്ഷേ യാഥാര്‍ഥ്യമതാണ്.   LPG നിയന്ത്രണത്തെ തുടര്‍ന്ന് ഹോട്ടല്‍ മേഖല സ്തംഭനത്തിലാണ്. സംസ്ഥാനത്തെ ഹോട്ടലുകളില്‍ നാളത്തേക്കുള്ള പാചകവാതകം പോലുമില്ല. ബെംഗളൂരുവിലെ ഹോട്ടലുകള്‍ പ്രഭാതഭക്ഷണം ഒഴിവാക്കി. ഉടനടി ഒരു വെടിനിര്‍ത്തലിലേക്ക് കാര്യങ്ങള്‍ പോയില്ലെങ്കില്‍ നമ്മള്‍ വിചാരിക്കുന്നതിലും മോശമായിരിക്കും കാര്യങ്ങള്‍. പ്രിയപ്പെട്ട പ്രേക്ഷകരെ ഈ പ്രതിസന്ധിയില്‍ നമ്മുടെ അടുക്കളകള്‍ പൂട്ടേണ്ടി വരുമോയെന്നതാണ് ഇന്നത്തെ ചോദ്യം.