തുടര്‍ച്ചയായ നാലാം ദിവസവമാണ് ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ ബഹളവും സംഘര്‍ഷവും. ചോദ്യോത്തരവേളയില്‍ തന്നെ നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷം മന്ത്രി വി.എന്‍ വാസവന്‍ രാജിവെക്കണം, ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പുറത്താക്കണം എന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു. വാച്ച് ആന്‍ഡ് വാര്‍ഡ് വലയം, അധിക്ഷേപ വാക്കുകള്‍ , പരിഹാസം എന്നിവകൊണ്ട് പ്രതിപക്ഷത്തെ നേരിടാന്‍ ഭരണപക്ഷവും മുന്നിട്ടിറങ്ങി.
മുഖ്യമന്ത്രിയുടെ ബോഡി ഷെമിങ് പരാമര്‍ശം, ഭിന്നശേഷിക്കാരെ അധിക്ഷേപിച്ച പി.പി.ചിത്തരഞ്ജന്റെ വാക്കുകള്‍.. സ്പീക്കറും പ്രതിപക്ഷനേതാവും തമ്മിലെ വാക് ഏറ്റുമുട്ടല്‍, നടുത്തളത്തില്‍ ഏറ്റുമുട്ടാനൊരുങ്ങി മുഖാമുഖം വന്ന ഭരണപ്രതിപക്ഷ അംഗങ്ങള്‍....അങ്ങനെ അതിനാടകീയതയുടെ നിമിഷങ്ങള്‍ ഏറെ കണ്ടു സഭയില്‍. നിയമസഭക്ക് അകത്തും പുറത്തും ശബരിമല വിഷയം കത്തിച്ചു നിറുത്തുമെന്ന് പ്രതിപക്ഷം ഉറപ്പിക്കുമ്പോള്‍ ശബരിമലയിലെ സ്വര്‍ണപ്പാളികളെ കുറിച്ചു കൃത്യവും വ്യക്തവുമായി ഒന്നും പറയാതെ, അധിക്ഷേപ പരാമര്‍ശങ്ങള്‍, നിസ്സാരവത്ക്കരണം എന്നിവയിലൂടെ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഭരണപക്ഷം നിയമസഭയില്‍ നടത്തിയത്.
എന്തുകൊണ്ടാണ് കൃത്യവും വ്യക്തവുമായ മറുപടികളിലൂടെ പ്രതിപക്ഷ പ്രതിഷേധത്തിന്റേയും ആരോപണത്തിന്റേയും മുനയൊടിക്കാന്‍ സര്‍ക്കാരിന് കഴിയാതെ പോകുന്നത്. സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഉണ്ടോ? സ്വര്‍ണക്കവര്‍ച്ചയില്‍ സര്‍ക്കാര്‍ ക്ലീനാണോ?