കാലിക്കുപ്പിക്കുള്ളില്‍ പെട്ടിരിക്കുകയാണ് ബവ്കോ. 20 രൂപ അധികം ഡിപ്പോസിറ്റ് തുകയായി ഈടാക്കുക. കുപ്പി അതേ ഔട്ട്ലെറ്റില്‍ തന്നെ തിരികെ നല്‍കിയാല്‍ 20 രൂപ തിരിച്ചുനല്‍കും. അതായിരുന്നല്ലോ ഐഡിയ. കലര്‍പ്പില്ലാത്ത പരിസ്ഥിതി സ്നേഹം എന്ന ലേബലിലാണ് പദ്ധതി.
കുപ്പി വാങ്ങുന്നവര്‍ അത്യാവശ്യക്കാരായതുകൊണ്ട്, തിരികെ കൊടുക്കാനൊന്നും ആരും മെനക്കെടില്ല എന്നായിരുന്നു ഉള്ളിലിരുപ്പ്. അപ്പോ അധികമായി ഈടാക്കുന്ന ഈ ഇരുപത് രൂപ കൊണ്ടുള്ള വരുമാനം എത്രയാകും? ആ പണി പാളി എന്ന് മനസിലാക്കാന്‍ ഒരാഴ്ച പോലും വേണ്ടിവന്നില്ല. തിരികെ കൊണ്ടുവന്ന പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് ഔട്ട് ലെറ്റുകള്‍ നിറഞ്ഞു.
കുപ്പി വില്‍ക്കലും പെറുക്കലും കൊണ്ട് ജീവനക്കാര്‍ വശംകെട്ടു. ഓണത്തിന് ഏറ്റവും കൂടുതല്‍ ബോണസ് കൊടുത്തത് ബവ്കോ ജീവനക്കാര്‍ക്കാണല്ലോ?ആ സന്തോഷം അങ്ങ് പോയി. കാശ് കൂട്ടിയതുകൊണ്ട് കുപ്പി വാങ്ങാന്‍ വരുന്നവരുടെ പ്രത്യക സ്നേഹം വേറെയും.
കഴിഞ്ഞ ഉത്രാടത്തിന് മാത്രം ബവ്കോ വിറ്റത് 327 കോടി രൂപയുടെ മദ്യമാണെന്നോര്‍ക്കണം. അതും അന്ന് ഒരു കോടിയുടെ വില്‍പ്പന നടത്തിയ ഔട്ട് ലെറ്റുകള്‍ വരെയുണ്ട്. എന്നിട്ടും ഈ പണി വേണ്ടിയിരുന്നോ ബവ്കോ?