സുരേഷ് ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയാണ് ഇന്നത്തെ നമ്മുടെ ചര്‍ച്ചാവിഷയം. എന്താണ് കാര്യം എന്ന് പ്രേക്ഷകര്‍ക്ക് അറിയാമല്ലോ. കടുത്ത പീഡനങ്ങള്‍ക്കിരയാകുന്ന സിനിമയിലെ നായികയ്ക്ക് ജാനകി എന്ന് പേര് ഇടാനാവില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരിക്കുന്നു. അതെന്ത് ന്യായം എന്ന് എനിക്കും നിങ്ങള്‍ക്കും തോന്നിയ അതേ സംശയം കോടതി ഇന്ന്, സെന്‍സര്‍ ബോര്‍ഡിനോടും ചോദിച്ചിട്ടുണ്ട്. ജാനകി പൊതുവായി ഉപയോഗിക്കുന്ന ഒരു പേരല്ലേ എന്നാണ് കോടതിയുടെ ചോദ്യം. ഒടിടികളില്‍ നമ്മളൊക്കെ കാണുന്ന സിനികളെത്രെയാണല്ലേ. കത്രികവയ്ക്കാത്ത, ഇഷ്ടമുള്ള കണ്ടന്‍റ്, ഉദ്ദേശിച്ച രീതിയില്‍ ആവിഷ്കരിക്കാന്‍ സ്വാതന്ത്ര്യമുള്ള സിനിമകള്‍ കണ്ട് ശീലമായ ഒരു സമൂഹത്തോടാണ് ഒരു പേരിന്‍റെ പേരിലുള്ള ഈ കടുംകൈ. ഈ സെന്‍സര്‍ ബോര്‍ഡിന് ഒരു കോമണ്‍ സെന്‍സില്ലേ എന്ന് സാധാരണ ഒരു സിനിമാ ആസ്വാദകര്‍ക്ക് തോന്നിയാലും തെറ്റില്ല. എന്തായാലും സിനിമാസംഘടനകള്‍ പ്രതിഷേധിക്കും എന്ന് വ്യക്തമാക്കിക്കഴിഞ്ഞു.