ഇറാന്‍– ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പന്ത്രണ്ടാംദിനമാണ്. ലോകമാകെ ആശങ്കയും ഭീതിയും നിറച്ചാണ് ഈ ദിവസങ്ങളെല്ലാം കടന്നുപോയത്. ലോകത്തിന്‍റെ ഏത് കോണില്‍ പോയാലും അവിടെയെല്ലാം മലയാളികളുണ്ടാകുമെന്ന് നമ്മള്‍ അഭിമാനത്തോടെ പറയാറുണ്ട്. തീര്‍ച്ചയായും അത് സന്തോഷമുള്ള കാര്യം തന്നെയാണ്. പക്ഷേ, അതിനൊരു മറുവശം കൂടിയുണ്ട്. ലോകത്തെവിടെ സംഘര്‍ഷങ്ങളുണ്ടായാലും യുദ്ധമുണ്ടായാലും നമുക്ക് വലിയ ആശങ്കയാണ്. അവിടെയെല്ലാം നമ്മുടെ നാട്ടുകാര്‍ സുരക്ഷിതരാണോ എന്ന ആകാംക്ഷയാണ്. ഇറാന്‍–ഇസ്രയേല്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിന്‍റെ ആശ്വാസമെത്തുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളെങ്കിലും ഇരു രാജ്യങ്ങളും അത് പാലിക്കുന്നുണ്ടെന്ന് ഇനിയും ഉറപ്പാക്കേണ്ടിയിരിക്കുന്നു. ഇന്നലെ സംഘര്‍ഷം രൂക്ഷമായപ്പോള്‍ വിമാന സര്‍വീസുകളെ അത് കാര്യമായി ബാധിച്ചു. പല സര്‍വീസുകളും റദ്ദാക്കി. ഇതോടെ കേരളത്തില്‍നിന്ന് പുറത്തേക്കും വിദേശത്ത് നിന്ന് ഇങ്ങോട്ടും യാത്രയ്ക്കൊരുങ്ങിയവര്‍ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഈ വിഷയമാണ് നിങ്ങള്‍ പറയൂ ചര്‍ച്ച ചെയ്യുന്നത്. പ്രവാസികള്‍ക്ക് ആശങ്കയോ?