ക്ഷേമപെന്ഷന് കൈക്കൂലിയെന്ന കെ.സി വേണുഗോപാലിന്റെ പരാമര്‍ശമാണ് നിലമ്പൂരില്‍ ഇന്നത്തെ ചൂടേറിയ ചര്‍ച്ച. കൈക്കൂലി പരാമർശം രാഷ്ട്രീയ ആയുധമാക്കുകയാണ് മണ്ഡലത്തില്‍ ഇടതുമുന്നണി. പെന്ഷന് കുടിശിക തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നല്‍കുന്നത് വോട്ടിനുള്ള കൈക്കൂലിയാണെന്നായിരുന്നു കെ.സി പറഞ്ഞത്. ദാരിദ്ര്യം ഒരു കുറ്റമല്ലെന്നും, ക്ഷേമ പെൻഷൻ വാങ്ങുന്ന ലക്ഷങ്ങളെ കൈക്കൂലിക്കാരാക്കരുതെന്നും കെ.സിക്ക് ഇടത് സ്ഥാനാര്‍ഥി എം.സ്വരാജിന്റെ മറുപടി.
പറഞ്ഞത് പിന്‍വലിക്കണമെന്നും ഇടത് നേതാക്കള്‍ ആവശ്യപ്പെട്ടു. പറഞ്ഞതില്‍ തെറ്റില്ലെന്നും പിന്‍വലിക്കേണ്ടതില്ലെന്നുമാണ് യുഡിഎഫ് ക്യാംപിന്റെ നിലപാട്. അതായത്, പെന്ഷന് കുടിശികയാക്കി തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നല്‍കുന്നത് ചില ലക്ഷ്യങ്ങളോടെയാണെന്ന കെ.സിയുടെ വിമര്‍ശനത്തില്‍ ചില കാര്യങ്ങളുണ്ടെങ്കിലും പാവപ്പെട്ടവര്‍ക്ക് പെന്ഷന് തുക അതെപ്പോഴായാലും കിട്ടുകയെന്നത് പ്രധാനമാണെന്നിരിക്കെ അതിനെ ഈ വിധത്തില്‍ പരാമര്‍ശിച്ചത് രാഷ്ട്രീയമായി തിരിച്ചടിക്കുമോ എന്നതാണ് ചോദ്യം.