യുഡിഎഫ് എംപിമാരുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാനുള്ള കെസി വേണുഗോപാലിന്‍റെ വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിച്ച പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുരളി തുമ്മാരുകുടി. മുഖ്യമന്ത്രി പിണറായിയുടെ മറുപടിയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും തീയതിയും സമയവും അദ്ദേഹത്തിന് തീരുമാനിക്കാമെന്നുമാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി പ്രതികരിച്ചത്.
ഇത് ആവേശകരമായ സംവാദമായിരിക്കുമെന്നും, അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുരളി തുമ്മാരുകുടി കുറിച്ചു.
അമേരിക്കയിലൊക്കെയുള്ള പ്രസിഡന്റ് ഡിബേറ്റ് പോലെ നമ്മുടെ മുതിർന്ന രാഷ്ട്രീയ നേതാക്കൾ തമ്മിൽ നേരിട്ട് കാര്യമാത്ര പ്രസക്തമായ സംവാദങ്ങൾ അസംബ്ലിക്ക് പുറത്ത് നടക്കാറില്ല. അങ്ങനെ ഒന്ന് നടന്നാൽ, അതൊരു മാതൃകയാകും, കട്ട വെയ്റ്റിംഗ് – മുരളി തുമ്മാരുകുടി വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി തയ്യാറാണെങ്കില്‍ സംവാദത്തിന് നാളെ തന്നെ തയ്യാറാണെന്നായിരുന്നു കെസിയുടെ നിലപാട്. അതല്ല, മുഖ്യമന്ത്രിക്ക് ഏതുദിവസമാണ് സൗകര്യമെന്നറിയിച്ചാല്‍ ആ ദിവസം സംവാദം നടത്താം. യുഡിഎഫ് എംപിമാരുടെ പാര്‍ലമെന്റിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് ശ്രമിച്ചത്. കേരള താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുഡിഎഫ് എംപിമാര്‍ പോരാടിയത്. ആഴക്കടല്‍ മത്സ്യബന്ധനം, മണല്‍ ഖനനം, കപ്പല്‍ മുങ്ങിയത് ഉള്‍പ്പെടെ തീരദേശ മേഖലയെ ബാധിക്കുന്ന വിഷയങ്ങളിലും വന്യമൃഗ ആക്രമണം, സംസ്ഥാനത്തോടുള്ള കേന്ദ്രസ ര്‍ക്കാരിന്റെ സാമ്പത്തിക വിവേചനം ഉള്‍പ്പെടെയുള്ള നിരവധിയായ വിഷയങ്ങള്‍ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ഡീലുകള്‍ക്ക് വേണ്ടി കേന്ദ്രമന്ത്രിമാരെ സ്വകാര്യമായി യുഡിഎഫ് എംപിമാര്‍ സന്ദര്‍ശിക്കാറില്ലെന്നത് ശരിയാണ്. പക്ഷെ കേരളത്തിന്റെ ജനകീയ വികസന വിഷയങ്ങളെല്ലാം ഉന്നയിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടിരുന്നു.