തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് നേതാക്കള്‍. ജനം ആഗ്രഹിക്കുന്നത് അതിവേഗ ഭരണമാറ്റമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. യുഡിഎഫ് വന്‍ വിജയം നേടും. ബിജെപിയുടെ വോട്ടിങ് ശതമാനം കുറയുമെന്നും ആന്‍റണി പറഞ്ഞു. കൂടുതല്‍ കോര്‍പ്പറേഷനുകളും ജില്ലാ പഞ്ചായത്തുകളും പിടിച്ചെടുത്ത് യുഡിഎഫ് ഐതിഹാസിക തിരിച്ചുവരവ് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു.
സര്‍ക്കാരിനോടുളള ഭരണവിരുദ്ധ വികാരം റിസല്‍ട്ട് വരുമ്പോള്‍ കാണാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു. ചരിത്രവിജയമായിരിക്കുമെന്നും 2010 നേക്കാള്‍ വലിയ വിജയം നേടുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും പറഞ്ഞു. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും 101 ശതമാനം യുഡിഎഫ് വിജയിക്കുമെന്നും കെ.മുരളീധരന്‍ വോട്ട്ചെയ്ത ശേഷം പ്രതികരിച്ചു.
മികച്ച പ്രതീക്ഷയെന്നും പോളിങ് ശതമാനം ഉയരുമെന്നും കെ.എസ്.ശബരിനാഥൻ മനോരമ ന്യൂസിനോട്. വോട്ടർ പട്ടികയിൽ ആകെ പ്രശ്നമുണ്ടെന്നും പലരുടെയും വോട്ടുകൾ വെട്ടിപ്പോയെന്നും ശബരീനാഥന്‍ പറഞ്ഞു. ഒരേ വീട്ടിലുള്ളവർക്ക് രണ്ടു വാർഡുകളിൽ വോട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇക്കാര്യം രാഷ്ട്രീയപാർട്ടികൾ പരിശോധിക്കണമെന്നും ശബരീനാഥന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.