ധര്‍മ്മസ്ഥല കൂട്ടസംസ്കരണ കേസില്‍ വീണ്ടും ട്വിസ്റ്റ്. ജാമ്യം കിട്ടി പുറത്തിറങ്ങിയ കേസിലെ മുഖ്യസാക്ഷിയും പ്രതിയുമായ ചിന്നയ്യ പരാതിക്കാര്‍ക്കെതിരെ പൊലീസിനെ സമീപിച്ചു. ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളില്‍ നിന്നു ജീവനു ഭീഷണിയുണ്ടെന്ന ചിന്നയ്യയുടെ പരാതിയില്‍ ബല്‍ത്തങ്ങാടി പൊലീസ് അന്വേഷണം തുടങ്ങി.
നൂറുകണക്കിനു സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചു കൊന്നു കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടലോടെയായിരുന്നു രാജ്യം കേട്ടത്. കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയതോടെ െവളിപ്പെടുത്തല്‍ നടത്തിയ ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണത്തൊഴിലാളി ചിന്നയ്യ മറുകണ്ടംചാടി. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണു പരാതി നല്‍കിയതെന്നു എസ്.ഐ.ടിക്കു മൊഴി ലഭിച്ചതോടെ ചിന്നയ്യ അറസ്റ്റിലായി. ഓഗസ്റ്റില്‍ അറസ്റ്റിലായ ചിന്നയ്യക്ക് കഴിഞ്ഞ 24നു വിചാരണക്കോടതി ജാമ്യം നല്‍കി.
എന്നാല്‍, ജാമ്യക്കാരെ ഹജരാക്കാന്‍ വൈകിയതോടെ വ്യാഴാഴ്ചയാണു ശിവമൊഗ്ഗ സെന്‍ട്രല്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. തൊട്ടുപിറകെ ഭാര്യക്കും സഹോദരിക്കുമൊപ്പം ധര്‍മ്മസ്ഥല പൊലീസ് സ്്റ്റേഷനിലെത്തിയാണു പുതിയ പരാതി. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ മഹേഷ് ഷെട്ടി തിമറോടി,ഗിരീഷ് മട്ടാനവര്‍,വിട്ടല്‍ഗൗഡ, മലയാളി ജയന്ത, യുട്യൂബറായ എം.ഡി. സമീര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. തനിക്കും ഭാര്യയ്ക്കും സഹോദരിക്കും സംരക്ഷണം വേണമെന്നാണ് ആവശ്യം. പരാതി പിന്നീട് ബെല്‍ത്തങ്ങാടി പൊലീസിനു കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
കേസുകളിലെ മുഖ്യസാക്ഷിയായ ചിന്നയ്യ ആക്ഷന്‍ കമ്മിറ്റിക്കെതിരെ രംഗത്തെത്തിയതു ധര്‍മ്മസ്ഥ വെളിപ്പെടുത്തലിനു പിന്നില്‍ വന്‍ഗൂഡാലോചനയുണ്ടെന്ന ക്ഷേത്രവുമായി ബന്ധപെട്ടവരുടെ ആരോപണം ശെരിവെയ്ക്കുന്നതാണ്.