യുദ്ധങ്ങള്‍ അവസാനിക്കും, നേതാക്കള്‍ കൈ കൊടുക്കും, അപ്പോഴുമാ വൃദ്ധ തന്റെ രക്തസാക്ഷിയായ മകനെ കാത്തിരിക്കും, പെണ്‍കുട്ടി പ്രിയ ഭര്‍ത്താവിനെ, കുട്ടികള്‍ അവരുടെ അച്ഛനെ നോക്കിയിരിക്കും... പലസ്തീനി കവി മഹ്മൂദ് ദര്‍വിഷിന്റെ ഈ കവിത ഉദ്ധരിച്ചാണ്.. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ധനരാജ് വധക്കേസ് വിധിയെഴുതിയത്. രാഷ്ട്രീയക്കൊലപാതങ്ങളുടെ അര്‍ഥശൂന്യതയാണ് ഇവിടെ കോടതി ഉദ്ദേശിച്ചതെങ്കില്‍, ആ വിധി ആഴത്തില്‍ വായിക്കുമ്പോള്‍ ധനരാജ് കേസിന്റെ അന്വേഷണവും നിരര്‍ഥകമായ, യാന്ത്രികമായ ഒന്നായിരുന്നു എന്ന് നമുക്ക് കാണാം. പ്രതിയുടെ പേരുപോലും പറയാതെ തയാറാക്കിയ റിക്കവറി മഹസര്‍ മുതല്‍.. സിപിഎമ്മുകാരനായ ഒന്നാം സാക്ഷിയുടെ മൊഴിമാത്രം ആശ്രയിച്ച് ഗൂഡോലോചന ഭാഗം തെളിയിക്കാന്‍ നോക്കി പരാജയപ്പെട്ട പൊലീസിനെ കണക്കിന് പറയുന്നുണ്ട് വിധിയില്‍ കോടതി. കൊല്ലപ്പെട്ടത് പയ്യന്നൂരിലെ കരുത്തനായ സിപിഎം നേതാവായിരുന്നു. പിണറായി സര്‍ക്കാര്‍ കാലത്ത് പൊലീസ് എഫ്.ഐ.ആര് ഇട്ട് വിചാരണ പൂര്‍ത്തിയാക്കിയ ഒരു കേസാണ്. എന്നിട്ടും വട്ടപ്പൂജ്യമായിരുന്നു അന്വേഷണം. രണ്ടാം പ്രതിയടക്കം 16 പേര് കുറ്റവിമുക്തര്‍. ഈ ഡാമേജ് പാര്‍ട്ടിക്കൊടിയില്‍ വീണ്് കിടക്കുന്ന നേരത്താണ്, പയ്യന്നൂരിന്റെ മുന്‍ എം.എല്‍.എ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മധുസൂദനന്റെ കൊലവിളി. ഇതേ ധനരാജിന്റെ പേരിലുള്ള രക്തസാക്ഷി ഫണ്ട് കണക്കില്‍ ആരോപണം നേരിട്ടപ്പോള്‍, അതിന് കൂടി മാര്‍ക്കിട്ട് പയ്യന്നൂരിലെ ജനം തോല്പിച്ച അതേ മധുസൂദനനാണ് ഈ പ്രസംഗിക്കുന്നത്. ചീമേനിയില്‍ കോടതി വെറുതെ വിട്ടവര്‍ ഇന്ന് ഭൂമുഖത്തില്ലത്രെ. അതൊന്നും മറക്കേണ്ട എന്ന്..! കരുതിയിരുന്നോ പാര്‍ട്ടി കോടതി വിധി വരുന്നുണ്ട് എന്നാണോ ഇതിനര്‍ഥം? ആ പ്രസംഗത്തെ ജില്ലാ സെക്രട്ടറി ന്യായീകരിക്കുന്നു എങ്കില്‍ സിപിഎം നല്കുന്ന സന്ദേശമെന്താണ് ? കൊലക്കത്തി താഴെ വയ്ക്കാന്‍ ഉദ്ദേശ്യമില്ലാത്തത് ആര്‍ക്ക് ?