ധനരാജ് വധക്കേസിലെ കോടതി വിധിക്കു പിന്നാലെ കൊലവിളി പ്രസംഗവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ. പാർട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിക്കുന്നവർക്കെതിരെ ഭീഷണിയുടെ സ്വരത്തിലായിരുന്നു പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിലെ പ്രസംഗം. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്നും അതിന് പാർട്ടിക്ക് മടിയില്ലെന്നും മധുസൂദനൻ മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും തെരുവിലിറങ്ങിയാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിൽ പ്രതികളെ കോടതി വെറുതെ വിട്ട സംഭവവും പ്രസംഗത്തിനിടെ മധുസൂദനൻ പരാമർശിച്ചു. എന്നാൽ, കേസിലെ പ്രതികളാരും ഇന്ന് ജീവനോടെയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ധനരാജ് വധക്കേസിൽ വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെയും രൂക്ഷമായ വിമർശനമാണ് മധുസൂദനന് ഉന്നയിച്ചത്. ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് ജഡ്ജി പറയാതിരുന്നത് ഭാഗ്യമെന്നായിരുന്നു പരിഹാസം.
ധനരാജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ടി.സി.വി. നന്ദകുമാറിനെ പോലീസിനു നേരെ ബോംബെറിഞ്ഞ കേസിലും ഇതേ ജഡ്ജിയാണ് ശിക്ഷിച്ചതെന്ന് മധുസൂദനൻ ചൂണ്ടിക്കാട്ടി. വി. കുഞ്ഞികൃഷ്ണനെ രാഷ്ട്രീയ നപുംസകമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ജഡ്ജിക്ക് തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കുകയാണെന്നും തടവും ശിക്ഷയും നൽകി ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യം ഇല്ലാതാക്കാമെന്ന് കരുതി സങ്കൽപ്പത്തോണിയിൽ യാത്ര ചെയ്യാമെന്നും മധുസൂദനന് പറഞ്ഞു.