യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ കൊച്ചി നഗരത്തില്‍ നടന്ന റാലിയാണ് കണ്ടത്. റാലിക്ക് അനുമതിയുണ്ട്. പക്ഷെ അതിനൊപ്പം നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചില്ല, ദീപാവലി ദിവസം നഗരം മണിക്കൂറുകള്‍ കുരുങ്ങിക്കിടന്നു. പൊലീസ് കേസെടുത്തു. കേരളത്തില്‍ ലക്ഷങ്ങള്‍ അംഗങ്ങളായ രാഷ്ട്രീയ പാര്‍ട്ടികള്‍ മുതല്‍ ഒരു ബസില്‍ കയറാന്‍ മാത്രം ആളുള്ള പാര്‍ട്ടികളുമുണ്ട്. അവര്‍ക്കെല്ലാം വിദ്യാര്‍ഥി–യുവജന–വനിതാ–ട്രേഡ് യൂണിയന്‍ തുടങ്ങിയ അനവധി പോഷക സംഘടനകളുമുണ്ട്. ഇവര്‍ക്കെല്ലാം മണ്ഡലംമുതല്‍ ദേശീയതലംവരെ ഘടകങ്ങളും അതിന്റെ സമ്മേളനങ്ങളും പിന്നെ സമരങ്ങളുമെല്ലാമുണ്ട്. എല്ലാം ജനാധിപത്യപരമായ അവകാശങ്ങളും ആണ് കേട്ടോ. അതിലൊന്നും തര്‍ക്കമില്ല. പക്ഷെ ഇപ്പറഞ്ഞ അത്രയും സംഘടനകള്‍ പരമാവധി ആളെക്കൂട്ടി സമ്മേളനങ്ങള്‍ നടത്തുമല്ലോ. അപ്പോള്‍ ശരാശരി കേരളത്തില്‍ ഏതെങ്കിലുമൊരു നഗരത്തില്‍ ദൈനംദിനമെന്നോണം ശക്തിപ്രകടനങ്ങളുമുണ്ടാകും. ഇത്രയും രാഷ്ട്രീയപാര്‍ട്ടികളുടെ കാര്യമാണ്. ഇനി മതസംഘടനകള്‍, സമുദായസംഘടനകള്‍, ആരാധനാലയങ്ങള്‍ ഇതുകൂടി ആകുമ്പോഴോ? അവര്‍ക്കും അവകാശങ്ങളുണ്ട്. പക്ഷെ അത് ജനങ്ങളുടെ സ്വതന്ത്രയാത്രയെ തടയരുത് എന്ന് കണ്ടാണല്ലോ ഒരു നിയമം 15 വര്‍ഷം മുമ്പ് ഇന്നാട്ടില്‍ നടപ്പാക്കിയത്? എന്നിട്ടെന്തുണ്ടായി? നിയമമുള്ളതുകൊണ്ട് പൊലീസ് കേസെടുക്കും. എന്നിട്ടോ? എല്ലാം പതിവുപോലെ. രാഷ്ട്രീയപാര്‍ട്ടികളുടേത് ആകുമ്പോള്‍ ആര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും പ്രശ്നമുണ്ടാകാനും തരമില്ല. പ്രശ്നമാര്‍ക്കാണ്. ആശുപത്രി–ജോലി തുടങ്ങി അവനവന് പ്രധാനമായ പലതിനും റോഡിലിറങ്ങുന്ന സംഘടനാശേഷിയില്ലാത്ത മനുഷ്യനാണ്. അവന്‍ അഥവാ അവള്‍ ചിലപ്പോള്‍ മണിക്കൂറുകളോളം റോഡില്‍ കിടക്കും, ചിലപ്പോള്‍ ആശുപത്രിയിലെത്തുംമുമ്പേ റോഡില്‍ കിടന്ന് മരിക്കും. മരിച്ചിട്ടുണ്ടല്ലോ. ഇതിനോട് പ്രതികരിച്ചാലോ? സംഘബലത്തിന് മുന്നില്‍ തോറ്റും പോകും. ലോകമെത്രമാറി? നമ്മുടെ ആശയവിനിമയരീതിതൊട്ട് എന്തൊക്കെ മാറി? അപ്പോള്‍ ഇതിനൊരു മാറ്റംവേണ്ടേ? 

ENGLISH SUMMARY:

severe traffic congestion in Kochi caused by political rallies and discusses the hardships faced by ordinary citizens. The report questions the effectiveness of existing traffic laws and urges a change in how public demonstrations impact daily life in Kerala.