എറണാകുളം ചേരാനല്ലൂരില്‍ പുലര്‍ച്ചെ രണ്ടുമണിക്ക് ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരു പാവം മനുഷ്യനെ അസമയത്ത് കാറുമെടുത്ത് ഇറങ്ങിയ പതിനേഴുകാരന് ആഡംബരവാഹനമിടിച്ചുകൊന്നു. ഇത്രയും സത്യമാണ്, നടന്നതാണ്. ആര്‍ക്ക് പോയി? ആ മനുഷ്യനെ ആശ്രയിച്ച ഉറ്റവര്‍ക്ക് പോയി. നിയമം ആര്‍ക്കൊപ്പം നിന്നു? ആദ്യമണിക്കൂറുകളില്‍ പ്രതിക്കും അയാളുടെ സ്വാധീനശേഷിക്കുമൊപ്പം നിന്നു. നാടുണര്‍ന്നു, രോഷം പടര്‍ന്നു, പൊലീസും ഉണര്‍ന്നു. പിന്നെയുണ്ടായതെല്ലാം നമുക്കെല്ലാം ഓര്‍മയുണ്ട്. ഇങ്ങനെയൊരു കേസിലെ ഞെട്ടിക്കുന്നൊരു വാര്‍ത്തയാണ് നമ്മളിന്ന് ചര്‍ച്ചചെയ്യുന്നത്. എന്താണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആവശ്യമായി നമ്മള് മനസിലാക്കിയത്? പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം. പയ്യന്റെ അച്ഛനായ ജഡ്ജിനെയും അറസ്റ്റ് ചെയ്യണം എന്നൊക്കെയല്ലേ? കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും അവരെ കേള്‍ക്കുമെന്നും സര്‍ക്കാര്‍, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി വീട്ടില്‍വന്ന് നല്കിയ ഉറപ്പുകളുമുണ്ട്. അപ്പോള്‍ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്നൊരു ഹര്‍ജി കോടതിയില്‍ എത്തുമ്പോള്‍ എന്തുണ്ടാകും എന്നാകും പ്രിയപ്പെട്ടവരെ, നാട് പ്രതീക്ഷിച്ചിട്ടുണ്ടാവുക? പ്രതീക്ഷിച്ചത് എന്തായാലും സംഭവിച്ചത് ഇതാണ്. പൊലീസിനെ, പ്രോസിക്യൂഷനെ എടുത്ത് കുടഞ്ഞ കോടതി ഇത്തരം കേസുകളില്‍ മുമ്പ് നരഹത്യ ചുമത്തിയിട്ടുണ്ടോയെന്ന് പൊലീസിനോട് ചോദിച്ചു. കണക്ക് കയ്യിലില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. കണക്കുമായി വരാന്‍ കോടതി. കണക്കുമായി പൊലീസുദ്യോഗസ്ഥന് വന്നു. ഈപ്രായത്തിലുള്ള ഒരാള്‍ക്കെതിരെ ഇങ്ങനെ ഒരു എഫ്ഐആറില്ല മുമ്പ്. അല്ലെങ്കില്‍ ഏഴില്കൂടുതല് വര്‍ഷം ശിക്ഷ കിട്ടുന്ന കുറ്റമാകണം. അതല്ലല്ലോ ഇവിടെ? പിന്നെങ്ങനെ എഫ്ഐആറെന്ന് ചോദിച്ച കോടതി ശരിക്കും പൊലീസിനെ തൊലിയുരിഞ്ഞുവിട്ടു. ഇതേ ദിവസം പതിനേഴുകാരന്റെ ജഡ്ജിയായ അച്ഛന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യവും കൊടുത്തു. ഒരു ജില്ലാ ജഡ്ജിയെ ജയിലില്‍ അടച്ച് ചോദ്യംചെയ്യണമെന്നാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന ചോദ്യവും കോടതിയില്‍നിന്ന്. അപ്പോള്‍ ഇതെന്താണിവിടെ നടക്കുന്നതെന്ന് മൂക്കത്ത് വിരല്വച്ചുപോകുന്നവരെ കുറ്റംപറയാനാകില്ല. പൊലീസ് ഈ കേസില്‍ ആദ്യമേ പാളി. പിന്നെയും ചെയ്തത് എന്താണ്? എങ്ങനെയാണ് നിയമംമറന്ന് നടപടികളിലേക്ക് പൊലീസ് സംഘം പോയത്? പൊതുസമൂഹത്തിന്റെ മുറവിളിക്കൊപ്പം നിന്നതോ വീഴ്ചകളില്‍ ഒന്ന്? നിയമം കൃത്യമായി പിന്തുടര്ന്നു കോടതിയെങ്കിലും ഇതാണ് നിയമമെങ്കില്‍ അത് മാറണ്ടേ? ഈ ദിവസങ്ങളില്‍ കേള്‍ക്കുന്ന കുറ്റകൃത്യങ്ങള്‍ സമൂഹത്തോട് പറയുന്നതെന്താണ്? ആത്യന്തികമായി, ആ റോഡില്‍ ചോരവാര്‍ന്ന് മരിച്ച മനുഷ്യന് നീതി കിട്ടുമോ?