യുഡിഎഫ് സര്‍ക്കാരിന് അഞ്ചരമാസമേ പ്രായമായുള്ളു. ഈ സമയംകൊണ്ട് ഭരണതലത്തില്‍ നമ്മുടെ മന്ത്രിമാര്‍ അവര്‍ക്കാവശ്യമായ പിടിയുറപ്പിച്ചിട്ടുണ്ടോ? കൂടെയുള്ള ഉദ്യോഗസ്ഥരുമായുള്ള ബന്ധമെങ്ങനെയാണ്? തുടങ്ങി പല ചോദ്യങ്ങള്‍ക്കും ഇടയുണ്ട്. നോക്കൂ, ഹോര്‍ട്ടി വൈന്‍ തൃശൂരിലൊരു ബേക്കറിക്ക് അനുവദിച്ചപ്പോള്‍ എക്സൈസ് മന്ത്രി പറഞ്ഞു, താനറിഞ്ഞില്ല, ഇങ്ങനെയൊരു തീരുമാനമില്ല. ഇപ്പോഴിതാ ചില ബാര്‍ ലൈന്‍സസുകള്‍ അനുവദിച്ചപ്പോള്‍ എക്സൈസ് മന്ത്രി പറയുന്നു, താനറിഞ്ഞില്ല, ചില ഉദ്യോഗസ്ഥര്‍ക്ക് മുന്‍ സര്‍ക്കാരിന്റെ പ്രേതമുണ്ടോയെന്നും മന്ത്രിക്ക് സംശയം. ഇങ്ങനെ മന്ത്രിമാര്‍ അറിഞ്ഞോ അറിയാതെയോ തീരുമാനങ്ങള്‍ ഈ  ചുരുങ്ങിയ മാസങ്ങള്‍ക്കിടെ എത്രവന്നു എന്നുചോദിച്ചാല്‍, അതുമൊരു ചോദ്യമാണ്. സിമെറ്റിലെ നിയമനം, സ്വകാര്യസര്‍വകലാശാല ബില്ലിലെ ഉത്തരവ് പിന്‍വലിച്ചത്, ആര്‍.സുഗതന് അനുകൂലമായ അണ്ടര്‍സെക്രട്ടറിയുടെ കത്ത് തുടങ്ങി അത് മന്ത്രിമാരുടെ വകുപ്പുകളില്‍ നിന്നില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാനുള്ള കോടിരൂപ വരുന്ന നിര്‍മാണപ്രവര്‍ത്തിയുടെ കാര്യം ധനമന്ത്രികൂടിയായ മുഖ്യമന്ത്രിയറി​ഞ്ഞില്ല, വാര്‍ത്തയായി, മുഖ്യമന്ത്രിയത് റദ്ദാക്കുന്നു. അപ്പോള്‍ ചോദ്യം, ഇതെല്ലാമറിയാനുള്ള സമയമായില്ലേ? അതല്ല, സര്‍ക്കാര്‍ മാറിയത് ഉദ്യോഗസ്ഥവൃന്ദം ഇനിയുമറിഞ്ഞില്ലേ? 37 ഐഎഎസ് ഉദ്യോഗസ്ഥരെ ഇളിക്കിമാറ്റിയുള്ള ഒടുവിലെ പുനസംഘടനയില്‍ പ്രശ്നങ്ങള്‍ തീരുമോ? അതല്ല, ഈ ഉദ്യോഗസ്ഥമാറ്റം തുടര്‍ച്ചയായ അഴിമതിക്കാണെന്ന എല്‍ഡിഎഫ് ആക്ഷേപത്തിന് അടിസ്ഥാനമെന്താണ്? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്. 

ENGLISH SUMMARY:

ongoing administrative friction and controversies surrounding the UDF government ministers and bureaucratic decisions in Kerala. The report questions whether the recent IAS reshuffle will resolve governance issues amidst mounting opposition allegations.